നല്ല ഭര്‍ത്താവാകണോ, യൗസേപ്പിതാവിന്റെ ഈ ഗുണങ്ങള്‍ മനസ്സിലാക്കൂ

ഐഡിയല്‍ ഹസ്ബന്റ്. യൗസേപ്പിതാവ് അങ്ങനെയും കൂടിയായിരുന്നു. നസ്രത്തിലെ ആ കുടുംബം തിരുക്കുടുംബമായത് യൗസേപ്പിതാവ മാതൃകാഭര്‍ത്താവ് ആയതുകൊണ്ടായിരുന്നു. യൗസേപ്പിതാവ് എന്ന ഭര്‍ത്താവിന്റെ ഗുണങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അത് ലോകത്തിലെ സകലമാനപുരുഷന്മാര്‍ക്കും മാതൃകയാക്കാവുന്ന ഗുണങ്ങളാണെന്ന് നാം മനസ്സിലാക്കും.

ക്ഷമയുളള ഭര്‍ത്താവ്

അക്ഷരാര്‍ത്ഥത്തില്‍ യൗസേപ്പിതാവ് ക്ഷമയുള്ള ഭര്‍ത്താവായിരുന്നു. താന്‍ ദൈവത്താല്‍ പരീക്ഷിക്കപ്പെട്ടപ്പോഴും ഭാര്യയായ മറിയം ദൈവത്താല്‍ പരീക്ഷിക്കപ്പെട്ടപ്പോഴും പല പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വന്നപ്പോഴും എല്ലാം യൗസേപ്പിതാവ് ക്ഷമയോടെ ദൈവികപദ്ധതിക്ക് കീഴ്‌പ്പെട്ടുനിന്നു.

സംരക്ഷകന്‍

ഉണ്ണിയേശുവിന്റെയും മാതാവിന്റെയും യഥാര്‍ത്ഥസംരക്ഷകനായിരുന്നു യൗസേപ്പിതാവ്. മാതാവിന്റെയും ഉണ്ണിയുടെയും എല്ലാ ഭൗതികാവശ്യങ്ങളും നിറവേറ്റിക്കൊടുത്തും എല്ലാവിധ അപകടങ്ങളില്‍ നിന്ന് കാത്തുരക്ഷിച്ചും യൗസേപ്പിതാവ് തിരുക്കുടുംബത്തിന്റെ സംരക്ഷകനായി.

സഹയാത്രികന്‍

ഈജിപ്തിലേക്കും ബദ്‌ലഹേമിലേക്കുമുളള യാത്രകള്‍ ആലോചിച്ചുനോക്കൂ. അപരിചിതമായ ആ ദേശങ്ങളിലേക്ക് എത്ര ധീരതയോടെയാണ് യൗസേപ്പിതാവ് മറിയത്തെയും കൂട്ടി സഞ്ചരിച്ചത്. മറിയത്തിന് യാ്ത്രകളെക്കുറിച്ച് ആശങ്കകളില്ലാതിരുന്നത് യൗസേപ്പിതാവ് കൂടെയുളളതുകൊണ്ടായിരുന്നു.

അദ്ധ്വാനശീലന്‍

യൗസേപ്പിതാവ് അലസനായിരുന്നില്ല, അദ്ധ്വാനശീലനായിരുന്നു. അദ്ധ്വാനിച്ചാണ് യൗസേപ്പിതാവ് കുടുംബത്തെ പോറ്റിയത്.

രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരന്‍

ഭാര്യയായ മറിയത്തിന്റെ അഭിമാനം തകര്‍ക്കാന്‍ ഒരുവിധത്തിലും ഇഷ്ടപ്പെടാതിരുന്ന വ്യക്തിയായിരുന്നു യൗസേപ്പിതാവ്. ഭാര്യയുടെ മാനം കാത്തവന്‍.

ദൈവഹിതത്തിന് കീഴ്‌പ്പെട്ടവന്‍

ഒരിക്കലും സ്വന്തം ഹിതം നോക്കാതെ ദൈവത്തിന്റെ ഹിതം നോക്കിയായിരുന്നു യൗസേപ്പിതാവ് ജീവിച്ചതുമുഴുവന്‍. തന്റെ വ്യക്തിപരമായ താല്പര്യങ്ങളെക്കാള്‍ ദൈവത്തിന്റെ സ്വരത്തിന് കീഴ്‌പ്പെട്ടാണ് യൗസേപ്പിതാവ് ജീവിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.