ടെക്‌സാസിലെ മരിയന്‍ പ്രത്യക്ഷീകരണം അംഗീകരിച്ചിട്ടില്ലെന്ന് ബിഷപ് മൈക്കല്‍ ഓല്‍സന്‍

ടെക്‌സാസ്: രൂപതയില്‍ നടന്നുവെന്ന് പറയപ്പെടുന്ന മരിയന്‍ പ്രത്യക്ഷീകരണം രൂപത അംഗീകരിച്ചതായി പരക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ഫോര്‍ട് വര്‍ത്ത് ബിഷപ് മൈക്കല്‍ ഓല്‍സന്‍. മിസ്റ്റിക്കല്‍ റോസ്- ഔര്‍ ലേഡി ഓഫ് ആര്‍ഗൈല്‍ എന്ന പേരില്‍ അറിയപ്പെടുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷപ്പെടല്‍ രൂപത അംഗീകരിച്ചതായി സോഷ്യല്‍ മീഡിയായില്‍ പരക്കുന്ന വാര്‍ത്തകള്‍ക്കെതിരെയാണ് അദ്ദേഹം പ്രസ്താവന ഇറക്കിയത്.

വിശ്വാസികള്‍ വ്യാജവാര്‍ത്തകളില്‍ വിശ്വസിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സഭയില്‍ നിന്ന് ഈ പ്രത്യക്ഷീകരണത്തിനോ പരിശുദ്ധ മറിയം നല്കിയതെന്ന് പറയുന്ന സന്ദേശത്തിനോ യാതൊരു അംഗീകാരവുമില്ലെന്നും ഫോര്‍ട്ട് വര്‍ത്ത് രൂപതയിലെ സെന്റ് മാര്‍ക്ക് പാരീഷില്‍ നടന്ന മരിയന്‍ പ്രത്യക്ഷീകരണം സത്യമെന്ന് അവകാശപ്പെടുന്നില്ലെന്നും പ്രസ്താവന പറയുന്നു.

2017 മുതല്‍ തുടര്‍ച്ചയായി ആര്‍ഗൈയില്‍ സെന്റ് മാര്‍ക്ക് കാത്തലിക് ചര്‍ച്ചില്‍ മാതാവ് ദര്‍ശനം നല്കുന്നുവെന്നും മനുഷ്യജീവിതത്തിന്റെയും വിശുദ്ധിയുടെയും പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നല്കിയെന്നുമാണ് മിസ്റ്റിക്കല്‍ റോസ് വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. പരിശുദ്ധ മറിയത്തിന് പുറമെ ഈശോയും മാലാഖമാരും വിശുദ്ധരും സന്ദേശങ്ങള്‍ നല്കിയെന്നും വെബ്‌സൈറ്റ് അവകാശപ്പെടുന്നു.

1,500 ല്‍ അധികം മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ ലോകത്തില്‍ ഇതിനകം നടന്നിട്ടുണ്ടെന്നാണ് ചില അവകാശവാദങ്ങള്‍. എന്നാല്‍ അതില്‍ 20 എണ്ണം മാത്രമേ സഭ വിശ്വാസത്തില്‍ കണക്കിലെടുത്തിട്ടുള്ളൂ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.