അന്നു മുതല്‍ ഇന്നുവരെ മൊസൂള്‍ നഗരം വിട്ടുപോകാത്തത് ഈ കത്തോലിക്കാ പുരോഹിതന്‍ മാത്രം


ഐഎസ് അധിനിവേശത്തിന്റെ ഭീകരതാണ്ഡവ കഥകള്‍ കൊണ്ട് ഇന്നും ചോരയിറ്റുന്ന ഓര്‍മ്മയാണ് ഇറാക്കിലെ മൊസൂള്‍. നഗരം ഐഎസ് പിടിച്ചെടുത്തപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടവരും മാനംനഷ്ടപ്പെട്ടവരും ഏറെ. ഒടുവില്‍ ജീവന്‍ മാത്രം കൈമുതലാക്കി പലായനം ചെയ്തവരും ഏറെ.

പക്ഷേ അപ്പോഴെല്ലാം മൊസൂളില്‍ നിലയുറപ്പിക്കുകയും കത്തോലിക്കാവിശ്വാസത്തിന്റെ ജിഹ്വ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത ഒരേഒരാളേ ഉണ്ടായിരുന്നുള്ളൂ. കത്തോലിക്കാ പുരോഹിതനായ ഫാ. അമ്മാനുവേല്‍ അദെല്‍ ക്ലൂ.

നഗരത്തിന്റെ ഉയര്‍ച്ചതാഴ്ചകളിലൂടെയും പീഡനങ്ങളിലൂടെയും അതിജീവനങ്ങളിലൂടെയും മനം പതറാതെ നിലയുറപ്പിച്ചത് ഈ കത്തോലിക്കാ വൈദികന്‍ മാത്രമായിരുന്നു. ക്രൈസ്തവ വിശ്വാസത്തില്‍ നിലയുറപ്പിക്കുക മാത്രമല്ല നഷ്ടപ്പെട്ടുപോയ ക്രൈസ്തവവിശ്വാസം പുനരുദ്ധരിക്കുന്നതിലും ഈ വൈദികന്‍ വഹിച്ച നിസ്സാരമല്ല.

ഐഎസ് ആദ്യമായി നശിപ്പിച്ച മംഗളവാര്‍ത്താ ദേവാലയം പുനര്‍നിര്‍മ്മിച്ചത് ഇദ്ദേഹമായിരുന്നു. ക്രിസ്തീയ വിശ്വാസത്തിന്റെ പുനജീവനം എന്നാണ് ദേവാലയത്തിന്റെ പുനനിര്‍മ്മാണം വിശേഷിപ്പിക്കപ്പെട്ടത്. പലായനം ചെയ്തവരില്‍ പലരും തിരികെ വരാനും കാരണമായത് ഇദ്ദേഹമാണ്.

പക്ഷേ ആളുകള്‍ക്ക് ഇപ്പോഴും ഭയമുണ്ട്. ദേവാലയങ്ങളും മറ്റ് സ്ഥാപനങ്ങളും തുറന്നു. എന്നിട്ടും ഭയം വിട്ടുപോകാത്തവര്‍ അനേകരാണ്. അച്ചന്‍ പറയുന്നു. നാല്പതു പേര്‍ മാത്രമേ നഗരത്തിലേക്ക് തിരികെ വന്നിട്ടുള്ളൂ.

ദേവാലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനം മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. അപ്പോഴേയ്ക്കും കൂടുതല്‍ ആളുകള്‍ തിരികെ വരുമെന്നാണ് അച്ചന്‍ പ്രതീക്ഷിക്കുന്നത്. യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സിന് വേണ്ടി വീടുകളും കത്തോലിക്കാ കുടുംബങ്ങള്‍ക്കുവേണ്ടി സ്‌കൂളുകളും സ്ഥാപിക്കണമെന്ന് അച്ചന്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ കുടുംബങ്ങള്‍ക്ക് തിരികെ വരാന്‍ പ്രേരണകൂടുതലാകും

. 2003 ല്‍ 35,000 ക്രൈസ്തവരായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇന്നത് നാമമാത്രമായി ചുരുങ്ങിയിരിക്കുന്നു. കല്‍ദായ ദേവാലയങ്ങള്‍ പലതും അടച്ചുപൂട്ടിയിരിക്കുന്നു. എന്നാല്‍ ഈ വൈദികന്‍ വിശ്വസിക്കുന്നത് എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും കൊണ്ട് ഇവിടെ വീണ്ടും ക്രൈസ്തവവിശ്വാസത്തിന്റെ അതിജീവനം സാധ്യമാകുമെന്ന് തന്നെയാണ്.

ദൈവം അനുവദിക്കുമെങ്കില്‍ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.