വാൽസിങ്ങാം തീർത്ഥാടനത്തില്‍ പനക്കലച്ചന്‍റെ മരിയന്‍ പ്രഘോഷണം

 
  വാൽസിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് വാൽസിങ്ങാം തീർത്ഥാടനം ജൂലൈ 20 നു ആഘോഷിക്കുന്പോള്‍ തീര്‍ത്ഥാടനത്തെ ഭക്തിസാന്ദ്രമാക്കാന്‍ ഫാ. ജോര്‍ജ് പനക്കല്‍ വിസിയുടെ മരിയന്‍ പ്രഭാഷണവും.

ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് സ്തുതിപ്പും ആരാധനയുമായി തീർത്ഥാടനം ആരംഭിക്കും. ആയിരങ്ങൾ പങ്കു ചേരുന്ന സീറോ മലബാർ മഹാതീർത്ഥാടനം, വാൽസിങ്ങാമിലെ കത്തോലിക്കാ സഭയുടെ ആരാധനാ കേന്ദ്രമായ സ്ലിപ്പർ ചാപ്പലിൽ സമാപിക്കും. തുടർന്ന് 2:45 ന് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ആഘോഷ പൂർവ്വമായ തിരുന്നാൾ സമൂഹ ബലി . വികാരി ജനറാൾമാരായ മോൺ. ആൻറണി ചുണ്ടലിക്കാട്ട്, മോൺ. ജിനോ അരീക്കാട്ട്, മോൺ. ജോർജ്ജ് ചേലക്കൽ എന്നിവരോടൊപ്പം യു കെ യുടെ നാനാഭാഗത്തായി  അജപാലന ശുശ്രുഷ ചെയ്യുന്ന എല്ലാ സീറോ മലബാർ വൈദികരും സഹകാർമികരായിരിക്കും.



തീർത്ഥാടന തിരുന്നാളിന്റെ സമാപനത്തോടനുബന്ധിച്ച് പ്രസുദേന്തിമാരായ കോൾചെസ്റ്റർ കമ്മ്യുണിറ്റിക്കുവേണ്ടി പ്രത്യേക  പ്രാർത്ഥനയും, കൃതജ്ഞതയും അർപ്പിച്ച ശേഷം അടുത്തവർഷത്തെ പ്രസുദേന്തിമാരെ വാഴിക്കും. വെഞ്ചിരിച്ച മെഴുതിരി പ്രസുദേന്തിത്വത്തിന്റെ മുദ്രയായി രൂപതാധ്യക്ഷന്‍ അവർക്കു സമ്മാനിക്കും.  തീർത്ഥാടന പതാകയും കൈമാറുന്നതോടെ തിരുക്കർമ്മങ്ങൾ സമാപിക്കും.

അനുഗ്രഹ പെരുമഴ പൊഴിയുന്ന വാൽസിങ്ങാം മാതൃ സന്നിധിയിലേക്ക് എല്ലാ മാതൃ ഭക്തരെയും സസ്നേഹം സ്വാഗതം ചെയ്യുന്നുവെന്നും, തീർത്ഥാടനത്തിലും അനുബന്ധ ശുശ്രുഷകളിലും പങ്കു ചേർന്ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിൽ ഉദ്ധിഷ്‌ട കാര്യങ്ങൾ സാധ്യമാവട്ടെയെന്നു ആശംസിക്കുകയും ചെയ്യുന്നതായി സംഘാടക സമിതിക്കു വേണ്ടി കോൾചെസ്റ്റർ സീറോ മലബാർ പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ. തോമസ് പാറക്കണ്ടത്തിൽ, ഫാ.ജോസ് അന്ത്യാംകുളം എന്നിവർ അറിയിച്ചു.  

കുട്ടികളെ മാതൃ സന്നിധിയിൽ അടിമ വെക്കുന്നതിനുള്ള അവസരവും തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി ഒരുക്കുന്നുണ്ട്.

പരിശുദ്ധ ജപമാല ചൊല്ലിയും, ‘ആവേ മരിയാ’ സൂക്തങ്ങളാൽ മുഖരിതമായും വാൽസിങ്ങാം മാതാവിന്റെ തിരുസ്വരൂപവും പേറി ഭക്ത്യാദരവോടെ നടത്തപ്പെടുന്ന തീർത്ഥാടനം മരിയഭക്തിയുടെ നിറച്ചാര്‍ത്തായിരിക്കും.


തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.
THE BASILICA OF OUR LADY OF WALSINGHAM, HOUGHTON ST.GILESNORFOLK, LITTLE WALSINGHAM, NR22 6AL



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.