82 വര്‍ഷങ്ങള്‍ക്ക് ശേഷം വിയറ്റ്‌നാമില്‍ കത്തോലിക്കാ ദേവാലയം ഉയരുന്നു


യെന്‍ ബായ്: വൈദികരുടെ അഭാവവും ദേവാലയങ്ങളുടെ കുറവും തങ്ങളുടെ ദൈവവിശ്വാസത്തെ തകര്‍ത്തുകളഞ്ഞിട്ടില്ല എന്ന ഉറച്ച പ്രഖ്യാപനത്തോടെ വിയറ്റ്‌നാമില്‍ 82 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കത്തോലിക്കാ ദേവാലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു.

ഏപ്രില്‍ 30 ന് ആണ് പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതോട് അനുബന്ധിച്ച് ഹങ് ഹോവ രൂപതയുടെ വികാര്‍ ജനറല്‍ ഫാ. പീറ്റര്‍ വാന്‍ ടോണ്‍ പ്രത്യേക ദിവ്യബലി അര്‍പ്പിച്ചു. 22 വൈദികര്‍ സഹകാര്‍മ്മികരായി. ആയിരത്തോളം വിശ്വാസികള്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഈ ദിവസം വളരെ സന്തോഷത്തിന്റേതാണെന്നും തങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്ന ദിവസമാണെന്നും വിശ്വാസികള്‍ സന്തോഷം പ്രകടിപ്പിച്ചു.1937 ല്‍ഇവിടെ ആദ്യ ദേവാലയം സ്ഥാപിതമായപ്പോള്‍ വെറും ആറു കുടുംബങ്ങള്‍ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. ക്ഷാമം പൊട്ടിപുറപ്പെട്ടപ്പോള്‍ പല കുടുംബങ്ങളും മറ്റ് പ്രവിശ്യകളിലേക്ക് ചേക്കേറി.

1985 വരെ മറ്റ് പല സ്ഥലങ്ങളിലാണ് ഇവിടെയുള്ള വിശ്വാസികള്‍ കുര്‍ബാനകളില്‍ പങ്കെടുത്തിരുന്നത്. നാലു ദശാബ്ദത്തോളം പുതിയൊരു പള്ളിപ്പണിയ്ക്കുള്ള സാമ്പത്തികം കണ്ടെത്താതെ നിര്‍ദ്ധനരായ വിശ്വാസികള്‍ വലഞ്ഞു.

രണ്ടായിരമാണ്ടോടെ റോഡുകള്‍ നിര്‍മ്മിക്കുകയും ഹാനോയ് ഉള്‍പ്പടെ മറ്റ് സ്ഥലങ്ങളിലേക്ക് ബന്ധപ്പെടാന്‍ സൗകര്യമാകുകയും ചെയ്തതോടെ ആളുകളുടെ ഭൗതികനിലവാരം മെച്ചപ്പെടുവാന്‍ ആരംഭിച്ചു. ആളുകള്‍ ഇവിടേക്ക് കുടിയേറാനും ആരംഭിച്ചു. ഇപ്പോള്‍ ഇവിടെ 230 കത്തോലിക്കരുണ്ട്. ഗോഥിക്ക് ശൈലിയില്‍ ഡിവൈന്‍ മേഴ്‌സിക്ക് സമര്‍പ്പിക്കപ്പെട്ടതാണ് പുതിയ ദേവാലയം.

2022 ഓടെ ദേവാലയനിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.