അബോര്‍ഷന്‍ നിയമത്തിനെതിരെ കര്‍ശന നിലപാടുകളുമായി മെത്രാന്മാര്‍, നിയമത്തെ അനുകൂലിച്ച സെനറ്റ് അംഗങ്ങള്‍ക്ക് ദിവ്യകാരുണ്യം നിഷേധിച്ചുകൊണ്ട് ഡിക്രി

ബാള്‍ട്ടിമോര്‍: സ്‌റ്റേറ്റ് പാസാക്കിയ പുതിയ അബോര്‍ഷന്‍ നിയമത്തിനെതിരെ കര്‍ശന നിലപാടുകളുമായി ഇല്ലിനോയിസിലെ രണ്ടു മെത്രാന്മാര്‍. ബില്ലിനെ അനുകൂലിക്കുന്നവര്‍ക്കും ബില്‍ പാസാക്കുന്നവര്‍ക്കും ദിവ്യകാരുണ്യം നിരോധിക്കുമെന്നും അവര്‍ വ്യക്തമാക്കി. ചിക്കാഗോയിലെ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബ്ലെയ്‌സ് കുപ്പിച്ചും സ്പ്രിങ്ഫീല്‍ഡിലെ ബിഷപ് തോമസ് പാപ്രോക്കിയും ആണ് ശക്തമായ നിലപാട് അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ഇല്ലിനോയിസ് റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആക്ട്( സെനറ്റ് ബില്‍ 25) ബുധനാഴ്ചയാണ് ഗവര്‍ണര്‍ ഒപ്പുവച്ചത്. അബോര്‍ഷന്‍ മൗലികാവകാശമാണ് എന്ന് തിരിച്ചറിയുന്നു എന്നായിരുന്നു ഇതിലൂടെ ഭരണകൂടം വ്യക്തമാക്കിയത്.

മൗലികാവകാശമെന്ന പേരില്‍ സ്റ്റേറ്റ് അബോര്‍ഷന്‍ ബില്‍ പാസാക്കുമ്പോള്‍ ഗര്‍ഭസ്ഥശിശുവിന് അമ്മയില്‍ നിന്ന് അതേ അവകാശം നിഷേധിക്കപ്പെടുകയാണെന്ന് ബിഷപ് തോമസ് വ്യക്തമാക്കി. നിങ്ങള്‍ക്കൊരിക്കലും കത്തോലിക്കനായിക്കൊണ്ട് അബോര്‍ഷനെ അനുകൂലിക്കാനാവില്ല. അബോര്‍ഷന്‍ അനുകൂലിച്ചുകൊണ്ട് ദിവ്യകാരുണ്യം സ്വീകരിക്കാനുമാവില്ല. ദിവ്യകാരുണ്യം വളരെ വിശുദ്ധമായ കാര്യമാണ്.

മനുഷ്യജീവന്‍ നിസ്സാരമാണ് എന്നാണ് ഈ ബില്‍ പറയുന്നത് . ആര്‍ച്ച് ബിഷപ് കുപ്പിച്ച് പറഞ്ഞു. കാനന്‍ ലോയില്‍ 915,916 എന്നിവ ഉദ്ധരിച്ചുകൊണ്ടാണ് ബിഷപ് പാപ്രോക്കി വിശദീകരിച്ചത്. ബോധപൂര്‍വ്വം മാരകപാപം ചെയ്യുന്ന കത്തോലിക്കര്‍ കുമ്പസാരിക്കുകയോ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുകയോ ചെയ്യാതെ ദിവ്യകാരുണ്യം സ്വീകരിക്കരുത് എന്നാണ് ഇത് പറയുന്നത്.

ഇല്ലിനോയ്‌സ് സ്പീക്കര്‍ ഓഫ് ദ ഹൗസ് മൈക്കലും സെനറ്റ് പ്രസിഡന്റ് ജോണും അബോര്‍ഷന്‍ നിയമത്തെ അനൂകൂലിക്കുന്നവരാണ്.ഇവര്‍ക്കു രൂപതയില്‍ നിന്ന് ദിവ്യകാരുണ്യം നിഷേധിച്ചിരിക്കുന്നുവെന്ന് ബിഷപ് പാപ്രോക്കി ഡിക്രി പുറപ്പെടുവിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.