ന്യൂയോര്‍ക്ക്: വനിതകള്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ ആഗോള വ്യാപകമായ കരുതലുണ്ടായിരിക്കണമെന്നും അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും യുഎന്നിനോട് പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ച് ബിഷപ് ബെര്‍ണാര്‍ഡിറ്റോ ഔസോ ആവശ്യപ്പെട്ടു. ഓരോ സ്ത്രീയുടെയും പെണ്‍കുട്ടിയുടെയും മാന്യത കാത്തുസംരക്ഷിക്കപ്പെടേണ്ടതാണ്. ലോകത്തില്‍ വനിതകളുടെ സ്ഥാനം ആര്‍ക്കും നിഷേധിക്കാനാവില്ല. കുടിയേറ്റക്കാരായ സ്ത്രീകള്‍ നേരിടുന്ന വിവിധപ്രശ്‌നങ്ങളെക്കുറിച്ച് വത്തിക്കാന് ബോധ്യങ്ങളുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തൊഴില്‍ ചൂഷണം, മനുഷ്യക്കടത്ത്, നിര്‍ബന്ധിത ജോലി ഇവയെല്ലാം സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളാണ്. സ്ത്രീകളെ കൂടുതലായി നമ്മുടെ സമൂഹത്തിലേക്ക്‌സ്വാഗതം ചെയ്യണം. അവരെ സംരക്ഷിക്കണം നീതിവ്യവസ്ഥയുടെ മുമ്പിലും എല്ലാവിധ തുല്യ അവകാശങ്ങളും അവള്‍ക്കും ബാധകമാണ്.
ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിലും കുടുംബത്തിന്റെയും മക്കളുടെയും നല്ലഭാവിക്കുവേണ്ടി സ്വന്തം നാടും വീടും വിട്ടുപോകാന്‍ ധൈര്യം കാണിക്കുന്നവരുമാണ് സ്ത്രീകള്‍. അവരുടെ ധൈര്യം പ്രശംസിക്കപ്പെടേണ്ടതാണെന്നും ആര്‍ച്ച് ബിഷപ് ഔസോപറഞ്ഞു.