മാര്‍ പവ്വത്തില്‍; സീറോ മലബാര്‍ സഭയുടെ നഷ്ടപൈതൃകങ്ങളെ വീണ്ടെടുത്ത കര്‍മ്മയോഗി: മാര്‍ റാഫേല്‍ തട്ടില്‍

സീറോമലബാര്‍ സഭയുടെ നഷ്ടപൈതൃകങ്ങളെ വീണ്ടെടുക്കാന്‍ പ്രവാചകധീരതയോടെ പ്രവര്‍ത്തിച്ച കര്‍മയോഗിയാണ് മാര്‍ പവ്വത്തിലെന്നു
സീറോമലബാര്‍സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ജോസഫ് പവ്വത്തിലിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മരണ കുര്‍ബാനയ്ക്ക് കാര്‍മികത്വംവഹിച്ച് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍പള്ളിയില്‍ വചന സന്ദേശം നല്‍കുകയായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്.

സഭയുടെ കാഴ്ചപ്പാടുകള്‍ സ്വന്തം കാഴ്ചപ്പാടുകളാക്കി മാറ്റിയ മാര്‍ പവ്വത്തിലിന്റെ മ്ശിഹാ വിജ്ഞാ നീയം സഭയോടുള്ള സ്‌നേഹബന്ധത്തിലൂടെയാണ് വെളിവാക്കപ്പെട്ടതെന്നും സീറോമലബാര്‍ സഭയുടെ ചക്രവാളങ്ങള്‍ക്ക് ഇന്ത്യ മുഴുവനിലും ഇന്ത്യയ്ക്കുപുറത്തും വ്യാപ്തിയൊരുക്കിയത് പവ്വത്തില്‍ പിതാവിന്റെ പരിശ്രമങ്ങളാണെന്നും മാര്‍ തട്ടില്‍ പറഞ്ഞു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പരിശുദ്ധ കുര്‍ബാനയ്ക്കുശേഷം അനുസ്മരണസന്ദേശം നല്‍കി. അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, തക്കല രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, സീറോമലങ്കര മാവേലിക്കര രൂപതാ മെത്രാന്‍ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, ഷംഷാബാദ് രൂപതാ മെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, അപ്പസ്‌തോലിക് നുണ്‍ഷ്യോ എമെരിത്തൂസ് മാര്‍ ജോര്‍ജ് കോച്ചേരി, കാഞ്ഞിരപ്പള്ളി രൂപത ബിഷപ് എമെരിത്തൂസ് മാര്‍ മാത്യു അറയ്ക്കല്‍, ചങ്ങനാശ്ശേരി അതിരൂപതാ പ്രൊവിന്‍സിലെ വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.