ആറാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 27 ശനിയാഴ്ച  

എയ്‌ൽസ്‌ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നേതൃത്വം നൽകുന്ന ആറാമത്  എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം 2023  മെയ് 27 ശനിയാഴ്ച നടക്കും. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ആത്മീയ നേതൃത്വത്തിൽ നടക്കുന്ന വിശ്വാസതീർത്ഥാടനത്തിലും തിരുന്നാൾ തിരുക്കർമങ്ങളിലും പങ്കെടുക്കുന്നതിനായി ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന്  വിശ്വാസികളാണ് ഇവിടെ എത്തിച്ചേരാറുള്ളത്. രൂപതയിലെ ലണ്ടൻ റീജിയന്റെ കീഴിലുള്ള മിഷനുകളുടെ നേതൃത്വത്തിൽ തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

ഇംഗ്ളണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയൻ തീർഥാടനകേന്ദ്രമാണ്  എയ്‌ൽസ്‌ഫോർഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്‌ൽസ്‌ഫോർഡ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ  ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നിൽക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയിൽ ബ്രിട്ടനിലെ സുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി. 

മെയ് 27 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക്  എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ  ജപമാലരാമത്തിലൂടെ കർമ്മലമാതാവിനെയും സംവഹിച്ചുകൊണ്ടുള്ള  കൊന്തപ്രദിക്ഷണം, ഉച്ചക്ക് 1.30 ന് ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്,  തുടർന്ന്  വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള  ആഘോഷമായ തിരുന്നാൾ പ്രദിക്ഷണം എന്നിവ നടക്കും. എയ്‌ൽസ്‌ഫോഡിൽ തീർത്ഥാടകരായി എത്തിച്ചേരുന്ന എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും നൽകിവരുന്നു. 

തീർത്ഥാടനത്തോടനുബന്ധിച്ചു തിരുനാൾ  പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തീർത്ഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന്   വിശാലമായ പാർക്കിങ് സൗകര്യം  ഉണ്ടായിരിക്കും.

കർമ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതമായ ഈ പുണ്യഭൂമിയിൽ വച്ച് നടക്കുന്ന മരിയൻ തീർത്ഥാടനത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി തീർത്ഥാടനത്തിന്റെ ചീഫ് കോ-ഓർഡിനേറ്റർ ഫാ.ടോമി എടാട്ട്  അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.