നോമ്പുകാലത്ത് പോഷകാഹാരക്കുറവിനെതിരെയുള്ള പ്രചരണവുമായി കാരിത്താസ് ഇന്ത്യ

ന്യൂഡല്‍ഹി: നോമ്പെടുത്തും ഉപവാസം അനുഷ്ഠിച്ചും കത്തോലിക്കര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഈ ദിവസങ്ങളില്‍ ഇന്ത്യയിലെ കത്തോലിക്കരെയും ജനങ്ങളെയും പോഷകാഹാരക്കുറവിന്റെയും ദാരിദ്ര്യത്തിന്റെയും ഭീകരത അറിയിച്ചുകൊണ്ട് കാരിത്താസ് ഇന്ത്യ പുതിയൊരു പ്രചരണപദ്ധതിക്ക് തുടക്കമിടുന്നു. ന്യൂട്രീഷന്‍ ഔര്‍ റൈറ്റ് എന്നാണ് ഈ വര്‍ഷത്തെ നോമ്പുകാലപ്രചരണത്തിനായി കാരിത്താസ് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന ആദര്‍ശവാക്യം. എല്ലാ പൗരന്മാര്‍ക്കും ഭക്ഷ്യസുരക്ഷ, ആരോഗ്യസംരക്ഷണം, മാന്യമായ ജീവിതം തുടങ്ങിയവ ഉറപ്പുവരുത്താന്‍ വേണ്ടി എല്ലാ ജനങ്ങളുടെയും ബോധവല്‍ക്കരണത്തിന് വേണ്ടിയാണ് ഇങ്ങനെയൊരു പ്രചരണം സംഘടിപ്പിച്ചിരിക്കുന്നത്. പോഷകാഹാരക്കുറവ് വേദനാജനകവും അപമാനകരവുമാണ് മാനവരാശിക്ക്. കാരിത്താസ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയ ഫാ ജോളി പുത്തന്‍പുര പറയുന്നു. അസമത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഫലമാണ് പോഷകാഹാരക്കുറവ്. ഇത് വ്യക്തികള്‍ക്കും സമൂഹത്തിനും കേടുപാടുകള്‍ വരുത്തുന്നു. രോഗബാധിതരായ കുടുംബങ്ങളെക്കുറിച്ചുള്ള ഉത്തരവാദിത്തം ഗവണ്‍മെന്റിന് വര്‍ദ്ധിച്ചുവരുന്നു. ഇന്ത്യയില്‍ 35.8% കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. പോഷകാഹാരക്കുറവ് കുട്ടികളുടെ രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. മരണനിരക്ക് കൂട്ടുന്നു. ഈ ഒരു സാഹചര്യത്തിലാണ് ഇതിനെല്ലാം എതിരെ പ്രവര്‍ത്തിക്കാനും ബോധവല്‍ക്കരിക്കാനുമായി കാരിത്താസ് ഇന്ത്യ നോമ്പുകാലത്ത് പ്രചരണപദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.