കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന നിയമം വൈദികര്‍ അനുസരിക്കേണ്ടതില്ല : വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: ലൈംഗികപീഡനങ്ങളുടെ പശ്ചാത്തലത്തില്‍ വൈദികര്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന സ്റ്റേറ്റ് നിയമങ്ങള്‍ വൈദികര്‍ പാലിക്കേണ്ടതില്ലെന്നും കുമ്പസാരം ഉള്‍പ്പെടെയുള്ള സഭാജീവിതത്തിലെ വിവിധ രഹസ്യങ്ങള്‍ വൈദികര്‍ കാത്തുസൂക്ഷിക്കണമെന്നും വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട് വത്തിക്കാന്‍ വത്തിക്കാന്‍ സുപ്രീം ട്രൈബ്യൂണല്‍ ഓഫ് ദ അപ്പസ്‌തോലിക് പെനിറ്റെന്റിയറിയുടെ തലവന്‍.

ഇതുസംബന്ധിച്ച് ഇന്നലെയാണ് പ്രസ്താവന പുറപ്പെടുവിച്ചത്.കുമ്പസാരരഹസ്യം വെളിപ്പെടുത്തണമെന്ന് ഓസ്‌ട്രേലിയ, കാലിഫോര്‍ണിയ തുടങ്ങിയ വിവിധ രാജ്യങ്ങള്‍ നിയമപരിഷ്‌ക്കരണം വൈദിരുടെ മേല്‍ അടിച്ചേല്പിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന പുറത്തിറങ്ങിയിരിക്കുന്നത് .

കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന് ഗവണ്‍മെന്റിനോ നിയമത്തിനോ ഒരു വൈദികനോട് ആവശ്യപ്പെടാനാവില്ല. കാരണം വൈദികര്‍ അനുവര്‍ത്തിക്കുന്ന ഈ നിയമം ദൈവത്തില്‍ നിന്ന് നേരിട്ട് ലഭിച്ചിട്ടുള്ളതാണ്. രാജ്യങ്ങളുടെ പേരുകള്‍ പ്രത്യേകമായി പരാമര്‍ശിക്കാതെയുള്ള അറിയിപ്പില്‍ ലൈംഗികാരോപണങ്ങള്‍ കത്തോലിക്കാസഭയുടെ നേരെയുള്ള നിഷേധാത്മകമായ മുന്‍വിധിയാണെന്നും പറയുന്നു.

കത്തോലിക്കാസഭയിലെ വൈദികരുടെ മതപരമായ അവകാശത്തെ മാനിക്കുന്നവയാണ് ഭൂരിപക്ഷം രാജ്യങ്ങളിലെയും ഭരണകൂടം. എന്നാല്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്ന സാഹചര്യം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഓസ്‌ട്രേലിയായിലെ എട്ട് സ്‌റ്റേറ്റുകള്‍ ഉള്‍പ്പെടെ പല രാജ്യങ്ങളിലും കുമ്പസാരത്തില്‍ ഇത്തരം കാര്യങ്ങള്‍ വെളിപ്പെട്ടുകിട്ടിയാല്‍ അക്കാര്യം നിയമസംവിധാനത്തെ അറിയിക്കണമെന്ന നിയമം കൊണ്ടുവന്നത്. വൈദികര്‍ പ്രതികളാകുന്ന കുമ്പസാരരഹസ്യങ്ങള്‍ പോലും ഇത്തരത്തില്‍ വെളിച്ചത്തു കൊണ്ടുവരണമെന്നാണ് ഈ നിയമങ്ങള്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ ഓസ്‌ട്രേലിയായിലെയും യുഎസിലെയും മെത്രാന്മാര്‍ കുമ്പസാരരഹസ്യം വെളിപ്പെടുത്തണമെന്ന നിയമത്തിനെതിരെ ശക്തമായി രംഗത്തിറങ്ങിയിരിക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.