കത്തോലിക്കാ ധ്യാനകേന്ദ്രം മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപണം

കര്‍ണ്ണാടക: കത്തോലിക്കാ ധ്യാനകേന്ദ്രം മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ഹിന്ദുത്വവാദികളുടെ ആരോപണം. മുല്‍ക്കി ഡിവൈന്‍ കോള്‍ സെന്ററിനെതിരെയാണ് വിശ്വഹിന്ദു പരിഷത്ത് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. അബ്രഹാം ഡിസൂസയ്‌ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്നും ധ്യാനകേന്ദ്രം അടച്ചുപൂട്ടണമെന്നുമാണ് ഇവരുടെ ആവശ്യം.

എന്നാല്‍ ധ്യാനകേന്ദ്രം ആരോപണങ്ങള്‍ നിഷേധിച്ചു. ഇവിടെ മതപരിവര്‍ത്തനമോ മാമ്മോദീസായോ നടക്കുന്നില്ലെന്നും അടിസ്ഥാനപരമായ ആരോപണങ്ങളാണ് നടത്തിയിരിക്കുന്നതെന്നും ഫാ. ഡിസൂസ വ്യക്തമാക്കി.

കര്‍ണ്ണാടകയില്‍ 1.87 ശതമാനം ക്രൈസ്തവരാണുള്ളത്. മുല്‍ക്കിയില്‍ ക്രൈസ്തവപ്രാതിനിധ്യം കൂടുതലുണ്ട്. ഡിവൈന്‍ കോള്‍ സെന്റര്‍ എസ് വിഡി സന്യാസസമൂഹത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടു മാസം കൂടുമ്പോള്‍ കൊങ്കിണി ഭാഷയിലും മാസത്തിലൊരിക്കല്‍ ഇംഗ്ലീഷിലും ഓരോ മൂന്നു മാസം കൂടുമ്പോള്‍ കന്നഡയിലും ഇവിടെ ധ്യാനം നടക്കുന്നു.

കര്‍ണ്ണാടക റീജിയണല്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ ധ്യാനകേന്ദ്രത്തിനെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചു. വിവിധ മതവിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കും രോഗസൗഖ്യത്തിനുമായി എത്താറുണ്ട് എന്നത് സത്യമാണ്. എന്നാല്‍ മതപരിവര്‍ത്തനം എന്ന ആരോപണം തെറ്റാണ്. അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ആരാധനാലയം എല്ലാവര്‍ക്കുമായി തുറന്നുകിടക്കുന്നു. ആര്‍ക്കും വരികയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

സെന്റ് മേരീസ് ഷ്രൈനിലേക്ക് ഓഗസ്റ്റ് 30 മുതല്‍ തീര്‍ത്ഥാടകരുടെ പ്രവാഹമാണ്. മാതാവിന്റെ ജനനത്തിരുനാളിനൊരുക്കമായുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവരാണിവര്‍. ഇതിന്റെ അര്‍ത്ഥം ആരാധനാലയം എല്ലാവര്‍ക്കും വേണ്ടി തുറന്നുകൊടുത്തിരിക്കുന്നു എന്നാണ്. അദ്ദേഹം വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.