ഏകീകൃത കുര്‍ബാനയര്‍പ്പണം; ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അഖണ്ഡ ഉപവാസവും പ്രാര്‍ത്ഥനയും

ചാലക്കുടി: സീറോ മലബാർ സഭയിൽ ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ്. ഒരേസമയം ഒരേ ബലിവേദിയിൽ രണ്ടു തരത്തിൽ വിശുദ്ധ കുർബാന അർപ്പണം നടത്തുക, ബലിപീഠത്തിലെ വിശുദ്ധ വസ്തുക്കൾ തട്ടിമാറ്റുക,  പരിശുദ്ധമായ അൾത്താരയുടെ മുന്നിൽവെച്ച് അസഭ്യ വർഷം നടത്തുക, തർക്കിക്കുക, കൈയാങ്കളി നടത്തുക…. ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അതിദയനീയമായ കാഴ്ചകൾക്കു എറണാകുളം നഗര ഹൃദയത്തിലെ തന്നെ കത്തീഡ്രൽ ബസിലിക്ക ദേവാലയം വേദിയായി.
 

ഇതെല്ലാം നടന്നത് വിശുദ്ധ കുർബാനയുടെ പേരിൽ, ഇതെല്ലാം നടന്നത് ദിവ്യകാരുണ്യം അതിപാവനമായി സൂക്ഷിച്ച പരിശുദ്ധ സക്രാരിയുടെ മുന്നിൽ. കേരളം മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഈ അതികഠിനമായ ദൃശ്യങ്ങൾ മാധ്യമങ്ങൾ ദീർഘനേരം തത്സമയ സംപ്രേഷണം ചെയ്തു. തിരുപ്പിറവിയുടെ തലേന്നാൾ നടന്ന സംഭവങ്ങൾ അക്രൈസ്തവർ പോലും ലജ്ജാപൂർവ്വമാണ് നോക്കികണ്ടതെന്നു സമൂഹ മാധ്യമങ്ങളിൽ പലരും കുറിച്ച കമന്റുകളിൽ നിന്ന്  വ്യക്തമായിരുന്നു.

ഇതെല്ലാം കണ്ടുകൊണ്ട് സഭാമാതാവ് കരയുകയാണ്. ഈ അവസരത്തിൽ വിശ്വാസികളായ നമ്മുക്കെല്ലാവർക്കും നമ്മുടെ സഭക്കുവേണ്ടി പ്രാർത്ഥിക്കുവാൻ കടമയുണ്ട്. ഉപവാസവും പ്രാർത്ഥനയും കൊണ്ടല്ലാതെ ഈ തിന്മയെ കീഴടക്കാൻ നമ്മുക്കാവില്ല. അതിനാൽ ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന അഖണ്ഡ ഉപവാസത്തിനും പ്രാർത്ഥനയ്ക്കും വഴിയൊരുക്കുകയാണ് മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം.

ഡിവൈൻ ധ്യാനകേന്ദ്രം പ്രത്യേകമായി തയ്യാറാക്കിയ ഓൺലൈൻ കലണ്ടറിലൂടെ നിങ്ങൾക്കും ഒരു ദിവസം പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി തിരഞ്ഞെടുക്കാം. ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന കലണ്ടറിൽ 2023 ജനുവരി 1 മുതൽ മെയ് 31 വരെയുള്ള ദിവസങ്ങൾ ലഭ്യമായിരിക്കും. അത് പൂർണ്ണമായും ബുക്കു ചെയ്യപ്പെട്ടതിനുശേഷം തുടർന്നുള്ള ദിവസങ്ങൾ ലഭ്യമായിരിക്കും.

ദൈവത്തിനു മാത്രമേ ഈ പ്രശ്‍നം പരിഹരിക്കാൻ സാധിക്കൂ. ഈ കലണ്ടറിലൂടെ നിങ്ങൾ ബുക്ക് ചെയ്യുന്ന ദിവസം നിങ്ങൾ ഉപവസിച്ചു പ്രാർത്ഥിക്കുന്നതോടൊപ്പം ഡിവൈൻ ധ്യാനകേന്ദ്രം പ്രത്യേകമായി നിർദ്ദേശിക്കുന്ന താഴെപറയുന്ന പ്രാർത്ഥനകൾ ചൊല്ലിക്കൊണ്ടും ഈ തിന്മക്കെതിരെ പോരാടുകയും, ഈ സന്ദേശം അനേകരിലേക്ക് എത്തിച്ചുകൊണ്ട് സഭയെ വീണ്ടും ഐക്യത്തിലേക്ക് നയിക്കുന്ന മഹത്തായ ശുശ്രൂഷയിൽ നമ്മുക്കും പങ്കാളികളാവുകയും ചെയ്യാം. 

ഉപവാസദിവസം ചൊല്ലേണ്ട പ്രാർത്ഥനകൾ:1. എത്രയും ദയയുള്ള മാതാവേ…  എന്ന പ്രാർത്ഥന (9 പ്രാവശ്യം)2. “ഞാൻ നിനക്കു മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കർത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്കു തരും” (ഏശയ്യാ 45: 2, 3) ഈ വചനങ്ങൾ 9 പ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കുക.

ഉപവാസപ്രാർത്ഥനക്കുള്ള ദിവസം ബുക്കു ചെയ്യുവാനുള്ള കലണ്ടറിന്റെ link:https://calendly.com/divineuk/chain-fasting



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.