ദൈവത്തിന്റെ കരുണ ദുരുപയോഗം ചെയ്യരുത്


വത്തിക്കാന്‍ സിറ്റി: ആത്മീയമായ അലസതയ്ക്ക് വേണ്ടിയുള്ള ക്ഷണമല്ല ദൈവത്തിന്റെ കരുണയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശുദ്ധിയിലേക്ക് വളരാനുള്ള ആത്മാര്‍ത്ഥവും കൃത്യവുമായ പ്രതികരണം അത് ആവശ്യപ്പെടുന്നുണ്ട്. നന്മയിലേക്കുള്ള വഴിയില്‍ മാനസാന്തരപ്പെടാനുള്ള സാധ്യതയൊരുക്കി ദൈവം ക്ഷമയോടെ കാത്തിരിക്കുന്നുണ്ട്.

മാനസാന്തരത്തിനുള്ള സാധ്യതകള്‍ പരിധികളില്ലാത്തതാണ്. നമ്മുക്കെല്ലാം ദൈവത്തിന്റെ കരുണ അവകാശപ്പെട്ടതാണ്. പക്ഷേ ഒരിക്കലും അത് ദുരുപയോഗം ചെയ്യരുത്. നമ്മുടെ ആത്മീയമായ അലസതയെ ന്യായീകരിക്കുകയും ചെയ്യരുത്. മറിച്ച് ആത്മാര്‍ത്ഥമായ ഹൃദയം കൊണ്ട് ദൈവത്തോടുള്ള നമ്മുടെ പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്.

മുന്തിരിത്തോട്ടത്തില്‍ നട്ടുപിടിപ്പിച്ച അത്തിമരത്തിന്റെ ഉപമ വിശദീകരിച്ചുകൊണ്ടായിരുന്നു പാപ്പയുടെ വചനസന്ദേശം. ഈ ഉപമ എന്താണ് പ്രതിനിധാനം ചെയ്യുന്നത്? പാപ്പ ചോദിച്ചു.

തോട്ടമുടമ പിതാവായ ദൈവത്തിന്റെ പ്രതിനിധിയാണ്. കൃഷിക്കാരനാകട്ടെ യേശുവിന്റെയും. അത്തിവൃക്ഷം ഫലം നല്കാത്ത മനുഷ്യവംശത്തിന്റെയും. ആ കൃഷിക്കാരനെപോലെ യേശു മനുഷ്യവംശത്തിന് വേണ്ടി ഇടപെടുകയാണ്, സ്‌നേഹത്തിന്റെയും നീതിയുടെയും ഫലങ്ങള്‍ വളരുന്നതിന് സമയം ചോദിച്ചുകൊണ്ട്. നോമ്പുകാലം എന്നത് മക്കളായ നമ്മുടെ മാനസാന്തരത്തിന് വേണ്ടി ദൈവം വിളിക്കുന്ന സമയമാണ്.

ഈ വിളി വെല്ലുവിളിയായി നാം ഏറ്റെടുക്കണം. നമ്മുടെ ജീവിതങ്ങളെ തിരുത്തണം. നമ്മുടെ ചിന്തയുടെ വഴികളെ, പ്രവൃത്തികളെ, മറ്റുള്ളവരുമായുള്ള ബന്ധങ്ങളെ എല്ലാം.. നന്നാകാനായി നാം അടുത്ത നോമ്പുകാലം വരെ നോക്കിയിരിക്കരുത. കാരണം അടുത്തവര്‍ഷം നമുക്കുണ്ടാകുമെന്ന് ഉറപ്പില്ല. ഓരോരുത്തരും ഇന്നിനെക്കുറിച്ച് ചിന്തിക്കുക.

മാനസാന്തരം ഉണ്ടാകാന്‍ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.