കത്തോലിക്കാസഭയ്ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ സ്ഥാനാര്‍ത്ഥിയുമായോ പ്രത്യയശാസ്ത്ര ആഭിമുഖ്യമില്ല: ആര്‍ച്ച് ബിഷപ് സൂസപാക്യം


കൊച്ചി: പൊതു തിരഞ്ഞെടുപ്പില്‍ കത്തോലിക്കാസഭയ്ക്ക് ഏതെങ്കിലും മുന്നണിയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ സ്ഥാനാര്‍ത്ഥിയുമായോ സവിശേഷബന്ധമോ പ്രത്യയശാസ്ത്ര ആഭിമുഖ്യമോ ഇല്ലെന്ന് ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം. പൊതു തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെസിബിസി തയ്യാറാക്കിയ സര്‍ക്കുലറിലാണ് ആര്‍ച്ച് ബിഷപ് സഭയുടെ നയം വ്യക്തമാക്കിയത്.

എങ്കിലുംജനാധിപത്യവും മതേതരത്വവും ഉള്‍പ്പടെ ഭരണഘടനാ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സമഗ്രപുരോഗതിയും ഉറപ്പുവരുത്തുന്നതിനും അതിനു കഴിവുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന് സഭ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദരിദ്രരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുമുള്ള പ്രത്യേക പരിഗണനയും കരുതലും സഭയുടെ നയവും നിലപാടുമാണ്. വോട്ടെടുപ്പില്‍ പങ്കുചേര്‍ന്ന് രാജ്യത്തിന്റെ ഭരണാധികാരികളെ തിരഞ്ഞെടുക്കാന്‍ ഓരോ പൗരനും കടമയുണ്ട്. സഭാംഗങ്ങളായ വോട്ടര്‍മാര്‍ തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ഈ കര്‍ത്തവ്യം ഉത്തരവാദിത്വത്തോടും വിവേകത്തോടും കൂടിനിര്‍വഹിക്കണം. കുടുംബമൂല്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ ഭരണനേതൃത്വത്തില്‍ ഉണ്ടാവണം.

സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റായ കുടുംബത്തിന്റെ ഭദ്രതയും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണവും സുരക്ഷിതത്വവും ഭരണകര്‍ത്താക്കള്‍ കണക്കിലെടുക്കണം. തിരഞ്ഞെടുപ്പിന്റെ സമാധാനപൂര്‍ണ്ണമായ നടത്തിപ്പിനും രാജ്യത്തിന്റെ സുസ്ഥിതിക്കുമായി എല്ലാ വിശ്വാസികളും പ്രാര്‍ത്ഥിക്കണം. പ്രായപൂര്‍ത്തിയായ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുകയും വേണം.

കെസിബിസി സര്‍ക്കുലറില്‍ ആര്‍ച്ച് ബിഷപ് ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.