പാഠം രണ്ട്: മഹാപ്രളയം രണ്ടാം വർഷം

  “മഴ പെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അത് ഭവനത്തിന്മേൽ ആഞ്ഞടിച്ചു, അത് വീണുപോയി.  അതിന്‍റെ  വീഴ്ച വലുതായിരുന്നു” (മത്തായി 7: 27).

കഴിഞ്ഞ വർഷത്തെ അപ്രതീക്ഷിത ജലപ്രളയം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറുംമുമ്പേ, ഈ വർഷവും വൻ ജലപ്രളയം പ്രഹരമായി കേരളത്തെ കശക്കിയെറിഞ്ഞിരിക്കുന്നു. ആകാശജാലകങ്ങളിൽ നിന്ന് പെയ്തിറങ്ങിയ വെള്ളത്തേക്കാളും കൂടുതൽ അളവിൽ കേരളീയരുടെ  കണ്ണീർ ഇപ്പോൾ ഒഴുകിക്കൊണ്ടിരിക്കുന്നു. പ്രതീക്ഷകളും അതുവരെനേടിയ സമ്പാദ്യവും മുങ്ങിയൊലിച്ചുപോയ കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ,  സ്വദേശീയരും വിദേശീയരും ഒരുപോലെ സഹായിച്ചു കരകയറാൻ പാടുപെടുന്നതിനിടെയാണ് അപ്രതീക്ഷിത ആഘാതമായി ഈ വർഷവും മഴ കലി തുള്ളിയത്. ജലപ്രളയത്തിലും ഉരുൾപൊട്ടലിലും  മണ്ണിടിച്ചിലിലും മരണപ്പെട്ടവരും, വീടും സ്വത്തും നഷ്ടപ്പെട്ടവരും കൃഷിയിടങ്ങൾ നശിപ്പിക്കപ്പെട്ടവരും ഉറ്റവരെ നഷ്ടപ്പെട്ടവരുമായി പ്രകൃതിയുടെ സംഹാരതാണ്ഡവത്തിനു മുൻപിൽ വിറങ്ങലിച്ചുനിൽക്കുന്ന എല്ലാ പാവം സഹോദരങ്ങളോടും ഹൃദയപൂർവ്വമായ സഹതാപവും പ്രാർത്ഥനയും അറിയിക്കുന്നു. 

ഈ മഹാദുരന്തത്തിൻ്റെ നടുവിൽ നിൽക്കുമ്പോൾ, അതിനിരയായ പാവങ്ങളെ എങ്ങനെ രക്ഷിക്കാനാകും എന്നത്തിനാകട്ടെ നമ്മുടെ പ്രഥമ പരിഗണന. സംസ്ഥാന സർക്കാരിന്റെയും കേന്ദ്രഗവൺമെന്റിന്റെയും സൈന്യത്തിന്റെയും ‘കേരളത്തിൻറെ സ്വന്തം നാവികസേനയെന്ന്’ ഖ്യാതി നേടിയ മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ കാര്യക്ഷമമായി ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടക്കുന്നത്, ഈ സമയത്ത് സജീവമായി പ്രവർത്തിക്കുന്ന വാർത്താമാധ്യമങ്ങൾ ലോകത്തെ അറിയിച്ചുകൊണ്ടിരിക്കുന്നു. രക്ഷാപ്രവർത്തനത്തിന് കടന്നുചെല്ലാൻ പോലും സാധിക്കാത്ത സാഹചര്യങ്ങളുണ്ടന്നത് ദുരന്തത്തിൻറെ ആഴം വ്യക്തമാക്കുന്നു. കാറ്റിനെയും കടലിനെയും ശാന്തമാക്കിയ സർവ്വശക്തനും ആകാശഗോളങ്ങളെയും ഭൂമിയെയും മെനഞ്ഞവനുമായ ദൈവത്തോട് ഏകമനസ്സോടെ നമുക്ക് പ്രാർത്ഥനാപൂർവ്വം ചോദിക്കാം: “ഗുരോ, ഞങ്ങൾ നശിക്കാൻ പോകുന്നു. നീ അത് ഗൗനിക്കുന്നില്ലേ?” (മാർക്കോസ് 4: 38).

എല്ലാം പെട്ടന്ന് മറക്കുന്നവരും അനുഭവങ്ങളിൽ നിന്ന് പഠിക്കാത്തവരുമായ മനുഷ്യർക്ക് രണ്ടാം വട്ടവും ഓർമ്മപ്പെടുത്തലും താക്കീതുമായികൂടി ഈ വെള്ളപ്പൊക്കത്തെ കാണണമെന്ന് തോന്നുന്നു. ഭൂമിയുടെ താളം തെറ്റിക്കുന്ന തരത്തിൽ, മനുഷ്യന്റെ ആഗ്രഹങ്ങൾക്കനുസരിച്ചു ഭൂപ്രകൃതിയിൽ വരുത്തുന്ന രൂപമാറ്റം ഇത്തരം അപകടങ്ങൾക്കു ഒരു പ്രധാന കാരണമാകുന്നു. ഇത്തവണ ഏറെ ദുരന്തം വിതച്ച കവളപ്പാറയിൽ റബ്ബർ മരങ്ങൾ നടാനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വലിയതോതിൽ ഭൂമിയെ മുറിപ്പെടുത്തിയതാണ് വൻ ഉരുള്പൊട്ടലിനു വഴിവച്ചതെന്ന് നാട്ടുകാർ പറയുന്നു. കൂടിവന്ന കോൺക്രീറ്റ് ഉപയോഗം മണ്ണിൽ വെള്ളം താഴുന്നതിനു അവസരം നല്കാതിരിക്കുമ്പോൾ താഴ്ന്ന ഒരു സ്ഥലത്തേക്ക് ഒഴുകാൻ മാത്രമേ വെള്ളത്തിനാവൂ. കുത്തിയൊഴുകിവരുന്ന ആ പ്രവാഹത്തിൽ എല്ലാം  ഒലിച്ചുപോകുന്നു.

എത്ര സുരക്ഷിതമെന്ന് കരുതി നാമൊരുക്കുന്ന ബലങ്ങളെല്ലാം, ഒഴുകിവരുന്ന വെള്ളത്തിന് മുൻപിൽ പോലും പിടിച്ചുനിൽക്കാനുള്ള കഴിവില്ലന്നു വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. എത്രയോ വലിയ കെട്ടിടങ്ങളാണ്, പടുകൂറ്റൻ മരങ്ങളാണ് കടപുഴകിവീണത്. നമുക്കുള്ള ഒന്നിനെ ഓർത്തും ആരും അഹങ്കരിക്കേണ്ടതില്ല എന്ന് എല്ലാവര്ക്കും ഓർക്കാനുള്ള അവസരം കൂടിയായി ഈ ജലപ്രളയം. ജാതിയുടെയോ മത്തത്തിന്റെയോ രാഷ്ട്രീയത്തിന്റെയൊ ഒക്കെ വേര്തിരിവുകൾക്കു ഇത്തരമൊരു പ്രളയം വരുന്നതുവരെയേ പ്രസക്തിയുള്ളൂ എന്ന് എല്ലാവരും ഓർക്കുന്ന സമയമാണിത്. പരസ്പര വിദ്വേഷവും വിഭാഗീയതയും മറന്നു എല്ലാവരും ഒന്നാണെന്നും പരസ്പരം സ്നേഹിച്ചു ജീവിക്കേണ്ടവരാണെന്നും എല്ലാവരെയും ഒരേ ദൈവം സൃഷ്ടിച്ചതാണെന്നും ഓർമ്മിക്കാനുള്ള അവസരം പ്രകൃതി ഒരുക്കിത്തരുന്നതാണന്നു ഇത്തവണയെങ്കിലും പഠിച്ചാൽ നന്ന്. 

ഈ മഹാദുരന്തത്തിൽ, ഏറ്റവുംസഹായിക്കാൻ പറ്റുമെന്ന് വിചാരിച്ചിരുന്നവർക്കുപോലും ദുരന്തമുഖത്തേക്കു കടന്നുചെല്ലാൻ പറ്റാതെ നിൽക്കുമ്പോൾ, ഏതു സാഹചര്യത്തെയും നിയന്ത്രിക്കാൻ കഴിയുന്ന ദൈവത്തെ വിളിക്കേണ്ട സമയം കൂടിയാണിത്. മനുഷ്യന്റെ നിയന്ത്രണത്തിൽ നിൽക്കാത്ത ഇത്തരം കാര്യങ്ങളിൽ അതിനു കഴിവുള്ള ദൈവത്തിലേക്ക് നാം തിരിയേണ്ട അവസരമാണിത്. അഹങ്കാരവും ഔദ്ധത്യവും വെടിഞ്ഞു, എളിമയോടെ ദൈവസഹായം തേടേണ്ട ഈ സമയത്തു പരമകാരുണികനോട് പ്രാർത്ഥിക്കാം: “ആകാശത്തിൻറെ ഉറവുകൾ തുറക്കാനും അടയ്ക്കാനും അധികാരമുള്ള സർവശക്തനായ ദൈവമേ, ഇനി ഒരു പ്രളയം കൊണ്ട് ഭൂമിയെ നശിപ്പിക്കില്ല എന്ന് വാഗ്ദാനം ചെയ്തവനേ, ഞങ്ങൾ ചെയ്തുപോയ തെറ്റുകൾ പൊറുത്തു ഞങ്ങളോട് കരുണ ചെയ്യണമെന്ന് നിന്നോട് അപേക്ഷിക്കുന്നു. വലിയ നാശത്തിൽ നിന്നും ദുരിതത്തിൽനിന്നും കഷ്ടതയിൽ നിന്നും മരണത്തിൽ നിന്നും ഞങ്ങളുടെ ജനങ്ങളെ കാത്തുകൊള്ളണമെന്നു ഞങ്ങൾ അപേക്ഷിക്കുന്നു.” 

വിവേകശൂന്യമായ പെരുമാറ്റം കൊണ്ടും ധാർഷ്ട്യം കൊണ്ടും തനിക്കും കൂടെയുള്ളവർക്കും പൊതുസമൂഹത്തിനും അപകടം വരുത്തിവച്ച ഐ. എ. എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെക്കുറിച്ചും ഒരു രാജ്യത്തിലെ ഏറ്റവും ഉന്നത പദവികളിലൊന്ന് അലങ്കരിക്കുമ്പോഴും തന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്വവും അതിൻ്റെ കടമകളും അനിതരസാധാരണമായ മികവോടെ നിർവ്വഹിക്കുകയും ലളിതവും നിർമ്മലവുമായ ഇടപെടലുകൾ കൊണ്ട് ജനഹൃദയങ്ങളിൽ രാഷ്ട്രീയത്തിനും ഭാഷകൾക്കുമതീതമായി സവിശേഷസ്ഥാനം നേടുകയും ചെയ്ത ഒരു അസാധാരണ സ്ത്രീരത്നത്തെക്കുറിച്ചും, ശ്രീമതി സുഷമ സ്വരാജിനിക്കുറിച്ചും ചർച്ച ചെയ്യപ്പെട്ട ആഴ്ചയാണ് കടന്നു പോയത്. ഭൂമിയെയും ചുറ്റുമുള്ളവരെയും പരിഗണിക്കാതെ അഹങ്കാരത്തോടെയും സ്വയം മറന്നും ജീവിച്ചാൽ ഇനിയും ജലപ്രളയം പോലുള്ള മഹാമാരികൾ നേരിടേണ്ടി വരുമെന്നും എന്നാൽ ജീവിത ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥമായി നിർവ്വഹിക്കുകയും സഹജീവികളോടും പ്രകൃതിയോടും സ്നേഹത്തോടും സഹാനുഭൂതിയോടും പെരുമാറുന്നവർക്കു ശ്രീമതി സുഷമയെപ്പോലെ, കാലങ്ങൾക്കുശേഷവും ലോകത്തിന്റെ ഹൃദയത്തിൽ ഇടമുണ്ടാകുമെന്നും നിശ്ചയം. 
കണ്ണീർപ്പുഴകൾക്കു കാരണമായേക്കാവുന്ന ഒരു മഹാദുരന്തവും കേരളത്തിലെന്നല്ല, ഒരിടത്തും ഉണ്ടാകാതിരിക്കട്ടെ. നമ്മുടെ നാട് വീണ്ടും ദൈവത്തിന്റെ സ്വന്തം നാടായി മാറട്ടെ. ദൈവും മനുഷ്യനും പ്രകൃതിയും ഹൃദയം കൊണ്ട് ഒന്നാകുന്ന ഏദൻ തോട്ടമായി, പറുദീസയായി (ഉൽപ്പത്തി 2) നമ്മുടെ നാട് മാറട്ടെ. ദുരന്തത്തിൽപെട്ടവരെ ആശ്വസിപ്പിക്കുന്ന ദൈവത്തിന്റെ കാര്യങ്ങളായി നമ്മുടെ വാക്കുകളും പ്രവർത്തനങ്ങളും മാറട്ടെ. നമ്മുടെ കരങ്ങളിൽ പിടിച്ചു ഈ മഹാദുരിതത്തിൽനിന്നു അവർ കയറിവരട്ടെ. ദുരന്തത്തിൽപ്പെട്ടവരോടൊപ്പം ചേർന്നുനിന്നുകൊണ്ട് ഈ കുറിപ്പിനു  സമാപനം.
                                                      സ്നേഹപൂർവ്വം, 
                                             ഫാ. ബിജു കുന്നയ്ക്കാട്ട് 



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.