മാര്‍പാപ്പ പറഞ്ഞ സ്ഥിതിക്ക് അന്തിമമായ അനുസരണം കൊടുക്കാം: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍

ഏകീകൃതകുര്ബാന വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. 2023 ഡിസംബര്‍ 25 നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഫിലിപ്പി 2:1-2 വാക്യങ്ങള്‍ നാം ഇപ്രകാരം വായിക്കുന്നു.

ആകയാല്‍ ക്രിസ്തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്‌നേഹത്തില്‍ നിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട് ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ചു ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായി എന്റെ സന്തോഷം പൂര്‍ണ്ണമാക്കുവിന്‍.

ഈ വചനത്തില്‍ വെളിപ്പെട്ട ദൈവാത്മാവിന്റെ ആഹ്വാനം നമ്മുടെ സീറോ മലബാര്‍സഭയില്‍ യാഥാര്‍ത്ഥ്യമാകുവാന്‍ നാമെല്ലാവരും പ്രാര്‍ത്ഥിച്ചൊരുങ്ങണം. പ്രത്യേകിച്ച് മാര്‍പാപ്പ സീറോ മലബാര്‍ സഭയിലെ എല്ലാ ദേവാലയങ്ങളിലും ഏകീകൃതകുര്‍ബാന അര്‍പ്പണംഅന്ന് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടിരി്ക്കുകയാണല്ലോ. നമ്മള്‍ ഒരുപാട് ഇതിന് വേണ്ടി പ്രാര്‍ത്ഥിക്കണം. ഇത് എറണാകുളം-അങ്കമാലി അതിരൂപതയുടെ മാത്രം വിഷയമല്ല നമ്മുടെയും ആത്മരക്ഷയുടെ കാര്യം കൂടിയാണ്. സഭയുടെ ഓരോ അംഗത്തെയും ഈ വിഷയം ബാധിക്കുന്നുണ്ട്. ഒരുപാട് ആത്മാക്കള്‍ വേദനിക്കുകയും വിഷമിക്കുകയും ചെയ്യുന്നുണ്ട്. ഇത് പ്രാദേശികമായ വിഷയം മാത്രമല്ല എല്ലാവരെയും ബാധിക്കുന്ന വിഷയമാണ്.

മാര്‍പാപ്പ നിര്‍ദ്ദേശിച്ചതനുസരിച്ച്,ദൈവത്തിന്റെ മഹത്വം വെളിപ്പെടുവാനായി നമുക്ക് പല അഭിപ്രായങ്ങളുണ്ടെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അന്തിമമായ അനുസരണം കൊടുത്ത് ദൈവത്തിന്റെ സന്നിധിയില്‍ നമുക്ക് ഈ കാര്യത്തിന്റെ പേരില്‍ എളിമപ്പെടാം. അനുസരണത്തോടെ കര്‍ത്താവിന്റെ സഭയില്‍ കര്‍ത്താവിനെ മഹത്വപ്പെടുത്താം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.