കേന്ദ്രഭരണപ്രദേശങ്ങളില്‍ ദു:ഖവെള്ളി പൊതു അവധി തന്നെ; മുംബൈ ഹൈക്കോടതി


മുംബൈ: ദു:ഖവെള്ളിയാഴ്ച ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളില്‍ പൊതു അവധി തന്നെയായിരിക്കുമെന്ന് മുംബൈ ഹൈക്കോടതി. ദു:ഖവെള്ളി സാധാരണ ദിവസം പോലെയാക്കിമാറ്റാനുള്ള ഭാരതീയ ജനതാ പാര്‍ട്ടി ഭരിക്കുന്ന ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയായി ഹൈക്കോടതിയുടെ ഇടപെടല്‍. ഗവണ്‍മെന്റ് അംഗീകരിച്ച പൊതു അവധി ദിവസങ്ങളില്‍ നിന്ന് ദു:ഖവെള്ളി ഒഴിവാക്കിയ സാഹചര്യത്തിലായിരുന്നു കോടതിയുടെ പ്രഖ്യാപനം.

ദു:ഖവെളളിയുമായുള്ള നമ്മുടെ പോരാട്ടത്തില്‍ മുംബൈ ഹൈക്കോടതിയില്‍ നിന്ന് നമുക്ക് ജയം കിട്ടിയ കാര്യം സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു. റാഞ്ചി സഹായമെത്രാനും ഇന്ത്യന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് സെക്രട്ടറി ജനറലുമായ ബിഷപ് തിയോഡോര്‍ മാസ്‌ക്കരന്‍ഹാസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

പ്രദേശത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന് ഇത് വലിയൊരു ആശ്വാസമായിരിക്കുന്നു. ജുഡീഷ്യറിയിലുള്ള വലിയ വിശ്വാസം വീണ്ടും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു.

ദാദ്ര, നാഗര്‍, ഹാവേലി, ഡാമന്‍, ഡിയൂ തുടങ്ങിയ യൂണിയന്‍ ടെറിറ്ററികളിലെ ഫെഡറല്‍ ഗവണ്‍മെന്റ് നേതാക്കള്‍ ഈ വര്‍ഷം ആരംഭത്തില്‍ തന്നെ ഏപ്രില്‍ 19 ലെ നിര്‍ബന്ധിത അവധി അവസാനിപ്പിക്കണമെന്ന് തീരുമാനമെടുത്തിരുന്നു. പൊതു സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങിയവ പതിവുപോലെ പ്രവര്‍ത്തിപ്പിക്കാനായിരുന്നു ഇവരുടെ തീരുമാനം. ദു:ഖവെള്ളിയാഴ്ചയിലെ അവധി അവസാനിപ്പിക്കാനുള്ള തീരുമാനം ഇവിടെയുള്ള ക്രൈസ്തവരെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയിരുന്നു. അതിനാണ് ഇപ്പോള്‍ ആശ്വാസം നല്കിക്കൊണ്ട് കോടതിയുടെ ഉത്തരവ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.