ഹര്‍ജിക്കാരന് പിഴ, കത്തോലിക്കാ പള്ളി വക സ്വത്തുക്കള്‍ കൈവശം വയ്ക്കുന്നത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: കത്തോലിക്കാ പള്ളി വക സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതും കൈവശം വയ്ക്കുന്നതും ഇന്ത്യയിലെ നിയമവ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന ഹര്‍ജി തള്ളിയ ഹൈക്കോടതി ഹര്‍ജിക്കാരന് 25, 000 രൂപ പിഴയും വിധിച്ചു. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര സ്വദേശി എംഎസ് അനൂപ് നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയതും പിഴ ചുമത്തിയതും.

മാര്‍പാപ്പയുടെ നിയന്ത്രണത്തിലുള്ള കാനോനിക നിയമപ്രകാരമാണ് ഇന്ത്യയിലെ പള്ളി വക സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതെന്നും ഇത് രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇന്ത്യയുടെ നിയമപ്രകാരമല്ലാതെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതുകൊണ്ട് അത് തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്കണമെന്നായിരുന്നു ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.

പക്ഷേ ഇന്ത്യ ഒരു മതേതരരാജ്യമാണെന്നും വിവിധ മതവിഭാഗങ്ങള്‍ക്ക് സ്വത്തുക്കള്‍ കൈവശം വയ്ക്കാനും ഉപയോഗിക്കാനും ഭരണഘടന അനുവാദമുണ്ടെന്ന് അഭിപ്രായപ്പെട്ട കോടതി, പള്ളി വക സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഹര്‍ജിക്കാരനെ ബാധിക്കുന്നതല്ലെന്നും നിരീക്ഷിച്ചു. അതുകൊണ്ട് ഹര്‍ജിക്കാരന്‍ പിഴ കൊടുക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.