പ്രധാനമന്ത്രിക്കുള്ള കത്ത്; പ്രശംസിച്ചും പ്രത്യാശ പ്രകടിപ്പിച്ചും കത്തോലിക്കാസഭ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന മതപീഡനങ്ങള്‍ക്കും ന്യൂനപക്ഷ ആക്രമണങ്ങള്‍ക്ക് എതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തിലെ 49 പ്രമുഖ വ്യക്തികള്‍ കത്തെഴുതിയതിനെ കത്തോലിക്കാസഭ പ്രശംസിച്ചു. ചലച്ചിത്രപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, പണ്ഡിതര്‍ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരാണ് ഇന്ത്യ ഇന്നുകടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന മതമൗലികവാദത്തിനെതിരെ ശബ്ദിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

ഇന്ത്യയില്‍ മുഴങ്ങികൊണ്ടിരിക്കുന്ന ജയ് ശ്രീറാം വിളികള്‍ യുദ്ധ നിലവിളികളാണ് എന്ന് കത്തില്‍ വിശേഷിപ്പിച്ചു. ഹൈന്ദവസംസ്‌കാരം ന്യുനപക്ഷങ്ങളിലേക്ക് അടിച്ചേല്പിക്കാനാണ് ഹൈന്ദവമതമൗലികവാദികള്‍ ശ്രമിക്കുന്നതെന്നും ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നുമാണ് കത്തിലെ ആവശ്യങ്ങളിലൊന്ന്.

സംഘം ചേര്‍ന്ന് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിനെതിരെ ഇത്തരത്തിലുള്ള ഉയര്‍ന്ന പ്രതികരണങ്ങള്‍ ഉചിതമാണെന്ന് ഡല്‍ഹി അതിരൂപത നിരീക്ഷിച്ചു. ഏതു മതത്തിന്റെ പേരിലായാലും അക്രമങ്ങള്‍ നടക്കുന്നത് ഒരു രാജ്യത്തിന് ഭൂഷണമല്ലെന്ന് ബോംബൈ അതിരൂപത വക്താവ് ഫാ. നീഗല്‍ ബാരെറ്റ് അഭിപ്രായപ്പെട്ടു.

1.3 ബില്യന്‍ ജനസംഖ്യയുള്ള ഇന്ത്യയില്‍ 80 ശതമാനവും ഹിന്ദുക്കളാണ്. ക്രൈസ്തവര്‍ 2.3 ശതമാനം മാത്രമാണ്. 2015 മുതല്‍ ഗോ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധിയായ അക്രമങ്ങള്‍ക്കാണ് ന്യൂനപക്ഷങ്ങള്‍ ഇരകളായിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.