മാര്‍പാപ്പ യുവജനങ്ങളോട്, ത്യാഗമെടുത്ത് വിശുദ്ധി സ്വന്തമാക്കൂ


വത്തിക്കാന്‍ സിറ്റി: വിശുദ്ധിയെ കാര്യഗൗരവത്തോടെ കാണണമെന്നും ത്യാഗമെടുത്തും വിശുദ്ധി സ്വന്തമാക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.

നിങ്ങള്‍ നിങ്ങളെ തന്നെ ഗൗരവത്തിലെടുക്കണം. ആത്മീയതയില്‍ വളരാന്‍ വേണ്ടി ത്യാഗം അനുഷ്ഠിക്കണം. യുവത്വത്തിന്റെ മറ്റ് നിരവധി ഘടകങ്ങള്‍ക്കൊപ്പം തന്നെ വിശ്വാസം, സ്‌നേഹം, സമാധാനം, എന്നിവയുടെ സൗന്ദര്യവും കൂടി നിങ്ങള്‍ അന്വേഷിക്കണം.

പ്രായപൂര്‍ത്തിയാകുന്നതോടെ ഇപ്പോള്‍ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ലതെല്ലാം നഷ്ടമായി എന്ന് അര്‍ത്ഥമില്ല. ദൈവത്തില്‍ നിന്ന് പുതിയ ദാനങ്ങള്‍ സ്വീകരിക്കേണ്ട സമയമാണ് ഇത്. ഒറ്റപ്പെടല്‍, മാധ്യമങ്ങളുടെ ദുരുപയോഗം, പോണോഗ്രഫിയുടെയും മയക്കുമരുന്നിന്റെയും അടിമത്തം തുടങ്ങിയവയാണ് യുവജനങ്ങളുടെ മുമ്പിലുള്ള ഇന്നത്തെ തടസങ്ങള്‍. നിങ്ങളുടെ പ്രത്യാശയും സന്തോഷവും അപഹരിക്കുവാന്‍ ലോകത്തിലുള്ള ഒന്നിനെയും നിങ്ങള്‍ അനുവദിക്കരുത്. അതിന്റെ താല്പര്യങ്ങള്‍ക്ക് അടിമയാകുകയുമരുത്.

യുവജനങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍ അതിശയകരമായ ശക്തിയുണ്ട്. സുവിശേഷവല്ക്കരണത്തിലൂടെയും സമൂഹത്തിലൂടെയും കത്തോലിക്കാസഭയെ പുനര്‍ജീവിപ്പിക്കാനും നവീകരിക്കാനുമുള്ള സംഭാവനകള്‍ നല്കാന്‍ യുവജനങ്ങള്‍ക്ക് കഴിവുണ്ട്. ഇപ്പോള്‍ ഈ പ്രായത്തില്‍ നിങ്ങള്‍ക്ക് ദുര്‍ബലരായി തോന്നുന്നുണ്ടോ എങ്കില്‍ ക്രിസ്തുവിനോട് പറയുക യേശുവേ എന്നെ പുതുക്കണമേയെന്ന്.

ഇപ്പോള്‍ നിങ്ങള്‍ ഏതെങ്കിലും തിന്മകള്‍ക്കോ ദുശ്ശീലങ്ങള്‍ക്കോ അടിമകളാണോ നിങ്ങളെ സഹായിക്കാന്‍ ക്രിസ്തുവിനോട് സഹായം ചോദിക്കുക. അപ്പോള്‍ സ്രഷ്ടാവ് ആഗ്രഹിക്കുന്നതുപോലെ നിങ്ങള്‍ ആയിത്തീരും. അവിടുത്തേക്ക് മാത്രമേ നിങ്ങള്‍ മഹത്തായ കാര്യങ്ങള്‍ക്ക് വേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവനാണെന്ന് മനസ്സിലാക്കുന്നുള്ളൂ. അതിന് പരിശുദ്ധാത്മാവിന്റെ സഹായം ചോദിക്കുക.

നിങ്ങള്‍ ആരുടെയും ഫോട്ടോകോപ്പി ആകാനുള്ളവരല്ല, നിങ്ങള്‍ നിങ്ങളായി മാറുക.

ക്രൈസ്തവരായ എല്ലായുവജനങ്ങള്‍ക്കും എന്ന് സംബോധന ചെയ്തുകൊണ്ടുള്ള അമ്പതുപേജുള്ള കത്തിലാണ് പാപ്പ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.