ജസ്റ്റീസ് കുര്യന്‍ ജോസഫ് പക്ഷപാതപരമായി സംസാരിക്കുന്നു: സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍

കാക്കനാട്: കുര്‍ബാന ഏകീകരണ വിഷയത്തില്‍ ജസ്റ്റീസ് കുര്യന്‍ ജോസഫിന്റേത് പക്ഷപാതപരമായ സമീപനമാണെന്നും സീറോ മലബാര്‍ സഭ ആദരവോടെ നോക്കിക്കണ്ടിരുന്ന അദ്ദേഹത്തില്‍ നിന്ന് നിരന്തരമായി ഇത്തരത്തിലുളള പ്രസ്താവനകളും ഇടപെടലുകളും ഉണ്ടാകുന്നത് ഏറെ ദു:ഖകരവും അംഗീകരിക്കാനാവാത്തതുമാണെന്നും സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍. മുട്ടം ഫൊറോന പള്ളിയില്‍ നടന്ന ചടങ്ങില്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ് നടത്തിയ പ്രസംഗത്തിന്റെ പ്ശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള പ്രതികരണവുമായി സീറോ മലബാര്‍ സഭ മീഡിയാ കമ്മീഷന്‍രംഗത്തുവന്നിരിക്കുന്നത്.കമ്മീഷന്റെ പത്രപ്രസ്താവനയില്‍ നിന്നുളള പ്രസക്തഭാഗങ്ങള്‍:

1 പരിശുദ്ധ മാർപാപ്പ വിളിച്ചുകൂട്ടുന്ന സാർവത്രിക സഭയിലെ മെത്രാൻ സിനഡും സീറോമലബാർസഭയുൾപ്പെടുന്ന പൗരസ്ത്യസഭകളിലെ ഭരണസംവിധാനമായ മെത്രാൻ സിനഡും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെയാണ് സിനഡു സമ്മേളനങ്ങളെക്കുറിച്ചും ഏകീകൃത വിശുദ്ധകുർബാനയർപ്പണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചതെന്ന് വ്യക്തമാണ്. ആഗോളസഭാ സിനഡിൽ പരിശുദ്ധ പിതാവ് തീരുമാനിക്കുന്ന പ്രകാരം മെത്രാന്മാരുടെയും വൈദികരുടെയും സമർപ്പിതരുടെയും അല്മായരുടെയും പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

  1. പൗരസ്ത്യസഭകളിലെ പ്രത്യേക ഭരണസംവിധാനമായ സഭാസിനഡിൽ മെത്രാന്മാർ മാത്രമാണ് അംഗങ്ങൾ (c. 102 § 1). ഇത് പരിശുദ്ധ പിതാവ് അംഗീകരിച്ചു നൽകിയ സഭാനിയമമനുസരിച്ച് പ്രവർത്തിക്കുന്ന സംവിധാനമാണ്.
  2. പൗരസ്ത്യസഭകൾക്കായുള്ള കാനൻ നിയമം c. 102 § 3 പ്രത്യേക സന്ദർഭങ്ങളിൽ ക്ഷണിതാക്കളായി വിശ്വാസികളുടെ പ്രതിനിധികൾക്ക് സിനഡിൽ പങ്കെടുക്കാൻ അവസരം നൽകുന്നുണ്ട്. സീറോമലബാർസഭയുടെ മെത്രാൻ സിനഡിൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരെയും സമർപ്പിതസമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരെയും പ്രത്യേക ക്ഷണിതാക്കളായി വിളിക്കുകയും അവരെ ശ്രവിക്കുകയും ചെയ്യാറുണ്ട്.
  3. 1996ൽ റോമിൽ നടന്നത് സീറോമലബാർ സിനഡിന്റെ ഒരു പ്രത്യേക സമ്മേളനമായിരുന്നു. അതിൽ ക്ഷണിതാക്കളിലൊരാളായി മാത്രമാണ് ജസ്റ്റിസ് കുര്യൻ ജോസഫ് സാർ പങ്കെടുത്തത്. അന്ന് റോമിൽ നടന്ന സിനഡു സമ്മേളനം മാത്രമാണ് യഥാർത്ഥ സിനഡെന്നു പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണ്.
  4. ആരാധനാക്രമവിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം പൗരസ്ത്യസഭാ ഭരണസംവിധാനത്തിൽ മെത്രാൻ സിനഡിൽ മാത്രം നിക്ഷിപ്തമാണ് (c. 110 § 1 & c. 150 § 2).
  5. പൗരസ്ത്യസഭാ ഭരണസംവിധാനത്തിൽ മെത്രാന്മാരും, വൈദിക-സമർപ്പിത-അല്മായ പ്രതിനിധികളും ഉൾപ്പെടുന്ന സമ്മേളനമാണ് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസ്സംബ്ലി. സഭാ ജീവിതത്തെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന വേദിയാണത്. ഇത്തരം നാല് മഹായോഗങ്ങൾ ഇതിനോടകം സംഘടിപ്പിക്കപ്പെട്ടുകഴിഞ്ഞു. അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസ്സംബ്ലി 2024 ഓഗസ്റ്റ് 23 മുതൽ 25 വരെ പാലാ രൂപതയുടെ പാസ്റ്ററൽ സെന്ററിൽ വെച്ചു സംഘടിപ്പിക്കപ്പെടും.

വസ്തുതകൾ ഇവയായിരിക്കേ അടിസ്ഥാനരഹിതവും സഭയുടെ നൈയാമികമായ വ്യവസ്ഥിതിയെ അട്ടിമറിക്കുന്ന രീതിയിലുമുള്ള പ്രസ്താവനയാണ് ജസ്റ്റിസ് കുര്യൻ ജോസഫ് സാർ നടത്തിയതെന്ന് പറയാതെ വയ്യ. ഏകീകൃത വിശുദ്ധകുർബ്ബാനയർപ്പണരീതി നടപ്പിലാക്കുന്നതിൽ ഒരു സമവായം ഉണ്ടാകണമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് സാർ ആവർത്തിച്ചുപറയുന്നുണ്ടല്ലോ. ദശാബ്ദങ്ങളായി സഭയിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനു 1999ൽ അഭിവന്ദ്യ കർദിനാൾ വർക്കി വിതയത്തിൽ പിതാവിന്റെ നേതൃത്വത്തിൽ സിനഡുപിതാക്കന്മാർ തീരുമാനത്തിലെത്തിയതാണ്.

എന്നാൽ 6 രൂപതകൾക്ക് ആ തീരുമാനം സ്വീകരിക്കാൻ അന്ന് സാധിച്ചില്ല. പിന്നീട് നടത്തിയ പരിശീലനങ്ങളുടെ അടിസ്ഥാനത്തിലാണ് 2021 ഓഗസ്റ്റ് മാസത്തിൽ സഭ മുഴുവനിലും ഏകീകൃത വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കാൻ സിനഡ് തീരുമാനിച്ചത്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും എറണാകുളം-അങ്കമാലി അതിരൂപതയിലൊഴികെ നമ്മുടെ സഭയിലെ 34 രൂപതകളിലും ഏകീകൃത വിശുദ്ധകുർബാനയർപ്പണരീതി നടപ്പിലായി.

ആവശ്യത്തിന് ചർച്ചകൾ നടന്നിട്ടില്ല എന്നുള്ള ജസ്റ്റിസ് കുര്യൻ ജോസഫ് സാറിന്റെ ആരോപണം വസ്തുതാവിരുദ്ധവും പുകമറ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതിയെക്കുറിച്ച് സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി (CLC) വിശദമായി ചർച്ചകൾ നടത്തിയിട്ടുള്ളതാണ്. അതോടൊപ്പം തന്നെ നവീകരിച്ച തക്സ പുനർവിചിന്തനത്തിനുവണ്ടിയും അഭിപ്രായസമന്വയത്തിനുവേണ്ടിയും എല്ലാ രൂപതകളിലേക്കും അയച്ചുകൊടുത്തതും രൂപതാ സമിതികൾ ചർച്ച ചെയ്ത് നൽകിയ അഭിപ്രായങ്ങളുടെ വെളിച്ചത്തിൽ ക്രമീകരിക്കപ്പെട്ടിട്ടുള്ളതുമാണ്.

2022 മാർച്ച് 25ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കായി ഫ്രാൻസിസ് മാർപാപ്പ എഴുതിയ കത്തിൽ സിനഡു തീരുമാനത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “നിങ്ങളുടെ സഭയുടെ ഭിന്നങ്ങളായ പാരമ്പര്യങ്ങളെക്കുറിച്ചു പൂർണ അവബോധത്തോടെ, അവരവരുടെ ആരാധനാരീതികളിൽനിന്ന് ഒരു ചുവടു പിന്നോട്ട് വയ്ക്കാനും അങ്ങനെ കൂട്ടായ്മയുടെ അടയാളം പ്രകടമാക്കാനും കൂടുതൽ മഹത്തരമായ സ്നേഹത്തിനും സാക്ഷ്യത്തിനുംവേണ്ടി ഇതിൽ ഉൾപ്പെട്ട എല്ലാവരും അവരുടെ സ്വന്തമായ ചില പ്രത്യേകതകൾ ത്യാഗംചെയ്യാനും നിർദ്ദേശിക്കപ്പെട്ടിരുന്നു.

വിശുദ്ധ കുർബാന നടപ്പിലാക്കാൻ തിരഞ്ഞെടുക്കപ്പെട്ട തീയതിയായ 2021 നവംബർ 28 മുതൽ തീരുമാനം നടപ്പിൽ വരുത്താൻ 34 രൂപതകൾ തീരുമാനിച്ചിരുന്നു. നിങ്ങളുടെ കാര്യത്തിൽ ഇതുണ്ടായില്ല എന്നത് ഖേദകരമാണ്… വൈഷമ്യം നിറഞ്ഞതും വേദനാജനകവുമായ ഒരു ചുവടു വയ്ക്കാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ് എന്നു ഞാൻ തിരിച്ചറിയുന്നു.” പരിശുദ്ധ പിതാവിന്റെ ഈ ആഹ്വാനം എറണാകുളം-അങ്കമാലി അതിരൂപതയിൽ തിരസ്കരിച്ചവരോടൊപ്പമാണ് ജസ്റ്റിസ് കുര്യൻ ജോസഫ് സാർ എന്ന് കരുതേണ്ടിവരുമെന്നും പ്രസ്താവനയില് പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.