കൊച്ചി: കേരള ജനതയ്ക്കും ക്രൈസ്തവസഭകള്‍ക്കും എക്കാലവും അഭിമതനും എല്ലാവരുടെയും അഭ്യുദയകാംക്ഷിയുമായിരുന്നു അന്തരിച്ച കെ എം മാണി എന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആത്മാര്‍ത്ഥതയുള്ള ക്രൈസ്തവ വിശ്വാസിയായിരുന്നു അദ്ദേഹം. സഭയുടെ ആവശ്യങ്ങളില്‍ അദ്ദേഹം താല്പര്യമുള്ള വ്യക്തിയായിരുന്നു. അനുസ്മരണ സന്ദേശത്തിലാണ് മാര്‍ ആലഞ്ചേരി ഇപ്രകാരം പറഞ്ഞത്..
കേരള കത്തോലിക്കാസഭയുടെയും ക്രൈസ്തവ സമൂഹത്തിന്റെയും ദൈവവിശ്വാസികളുടെയും പ്രതിനിധിയായി നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയായിരുന്നു കെ എം മാണിയെന്ന് സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ ഭവനത്തില്‍ പോകാനും പ്രാര്‍ത്ഥിക്കാനും കഴിഞ്ഞതും മാര്‍ ക്ലീമീസ് നന്ദിയോടെ ഓര്‍മ്മിച്ചു.
മതസാമുദായിക സാമൂഹ്യ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു കെഎം മാണിയെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അനുസ്മരിച്ചു.