കൃപാസനം മരിയന്‍ ഉടമ്പടി യാഥാര്‍ത്ഥ്യമെന്ത്? ഫാ. മാര്‍ട്ടിന്‍ ആന്റണി എഴുതിയ ഈ കുറിപ്പില്‍ എല്ലാറ്റിനും മറുപടിയുണ്ട്

ഇന്ന് ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെടുന്ന ഒന്നാണ് കൃപാസനവും അവിടത്തെ മരിയന്‍ ഉടമ്പടി പ്രാര്‍ത്ഥനയും. ചിലസാക്ഷ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അവയൊക്കെ സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ലല്ലോ എന്ന് ദൈവവിശ്വാസികള്‍ക്കും മരിയഭക്തര്‍ക്കുപോലുംതോന്നിയിട്ടുണ്ട്. ഇത്തരമൊരുസാഹചര്യത്തിലാണ് ഫാ. മാര്‍ട്ടിന്‍ ആന്റണി ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാനിടയായത്. ഈ കുറിപ്പ് കൃപാസനം ഉടമ്പടി പ്രാര്‍ത്ഥനയെന്തെന്ന് വ്യക്തമായി വിശദീകരിക്കുന്നുണ്ട്. വായനക്കാര്‍ക്ക് അതു പ്രയോജനപ്പെടും എന്ന് വിശ്വസിച്ച്ആ കുറിപ്പ് പൂര്‍ണ്ണരൂപത്തില്‍ ചുവടെചേര്‍ക്കുന്നു:

കൃപാസനം: ഉടമ്പടിയും സാക്ഷ്യവും

ഈ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഒരു ധ്യാനകേന്ദ്രമാണ് കൃപാസനം. ആ ധ്യാന കേന്ദ്രത്തിൽ നിന്നും യൂട്യൂബിലൂടെയും കൃപാസനം പത്രത്തിലൂടെയും പുറത്തുവന്ന ചില സാക്ഷ്യങ്ങളാണ് പരിഹാസ വിഷയമായി കൊണ്ടിരിക്കുന്നത്. ഇവ നിരന്തരം സാമൂഹ്യമാധ്യമങ്ങളിൽ കാണുന്നതുകൊണ്ട് ഈ ധ്യാന കേന്ദ്രത്തെക്കുറിച്ച് ഒന്ന് അറിയണമെന്ന് തോന്നി. യൂട്യൂബിൽ കയറി ജോസഫ് അച്ചന്റെ പ്രസംഗം സസൂക്ഷ്മം നിരീക്ഷിച്ചു. അച്ചൻ ഇടയ്ക്കിടയ്ക്ക് ഉടമ്പടിയെ കുറിച്ച് പറയുന്നുണ്ട്.

എന്താണ് ഈ സംഗതി? പലരോടും ഞാൻ ചോദിച്ചു. ആരും വ്യക്തമായ ഒരു ഉത്തരം നൽകിയില്ല. അങ്ങനെയാണ് കൂട്ടുകാരൻ മാർട്ടിൻ ടെലിഷച്ചൻ ഈ കൃപാസനത്തിൽ സേവനം ചെയ്തിരുന്ന അലക്സാണ്ടറച്ചന്റെ നമ്പർ തന്നത്. ഞാൻ അച്ചനെ വിളിച്ചു; “അച്ചാ, എന്താണ് ഈ കൃപാസനം ഉടമ്പടി?” അച്ചൻ പറഞ്ഞു: “ഇതിനെക്കുറിച്ച് ജോസഫ് അച്ചൻ വ്യക്തമായി ഒരു പുസ്തകം എഴുതിയിട്ടുണ്ട്, ആ പുസ്തകം വായിച്ചാൽ കാര്യം മനസ്സിലാകും.”

അങ്ങനെ ഏകദേശം നൂറോളം കിലോമീറ്റർ അകലെയുള്ള കൃപാസനം ധ്യാനകേന്ദ്രത്തിൽ ഞാനുമെത്തി. പുസ്തകം വാങ്ങിക്കണം, വായിക്കണം. അതുമാത്രമായിരുന്നു എൻ്റെ ലക്ഷ്യം. അവിടെ ചെന്നപ്പോൾ കണ്ടത് ഒരു തീർത്ഥാടനകേന്ദ്രം പോലെ ഒത്തിരി ജനങ്ങൾ വന്നുപോയിക്കൊണ്ടിരിക്കുന്നതാണ്. അതുപോലെതന്നെ എല്ലാ ധ്യാനകേന്ദ്രങ്ങളിലും ഉള്ളതുപോലെ അവിടെയും ഒരു ആത്മീയ ഊർജ്ജം തിങ്ങിനിൽക്കുന്നതായും അനുഭവപ്പെട്ടു

. ബുക്ക് സ്റ്റാളിനു മുമ്പിൽ വലിയൊരു ജനക്കൂട്ടം. കൊന്തയും കാശുരൂപങ്ങളും വാങ്ങിക്കാനുള്ള തിരക്കാണ്. അതാ, ബുക്ക് സ്റ്റാളിനുള്ളിൽ ഒരു പരിചിത മുഖം. ആലപ്പുഴയിൽ താമസിക്കുന്ന എന്റെ കുഞ്ഞുപെങ്ങളുടെ നാത്തൂൻ ലെറി ചേച്ചിയാണത്. ഭാഗ്യം. ചേച്ചി എന്നെ കണ്ടു. അങ്ങനെ പുസ്തകവും കൂടെ സമ്മാനമായി ഒരു കൊന്തയും കുറച്ചു കാശുരൂപങ്ങളും കിട്ടി. പുസ്തകത്തിന്റെ വില 150 രൂപ. 
രാത്രി മുഴുവനും ഇരുന്ന് പുസ്തകം വായിച്ചു.

കേരളത്തിലുള്ള പല ധ്യാനഗുരുക്കന്മാരുടെയും പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. എല്ലാം തന്നെ തട്ടിക്കൂട്ട് സാധനമായിട്ടാണ് തോന്നിയിട്ടുള്ളത്. തലങ്ങും വിലങ്ങും ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചുള്ള ഒരു Horoz interpretation ആണ് അവയെല്ലാം.  പല ബൈബിൾ വചനങ്ങളും അവർ ഉപയോഗിക്കുന്നത് അവയുടെ പശ്ചാത്തലത്തെ അവഗണിച്ചുകൊണ്ടാണ്. അതുകൊണ്ടാണ് അവയെ Horoz interpretation എന്ന് ഞാൻ വിളിക്കുന്നത്. കാരണം, ഹോറോസ്കോപ്പ് പോലെയാണ് അവരുടെ വ്യാഖ്യാനവും. 
“മരിയൻ ഉടമ്പടി പദ്ധതിയും പ്രയോഗവും: സാധ്യതാ പഠനം” എന്നാണ് ജോസഫച്ചന്റെ പുസ്തകത്തിന്റെ പേര്. ഓർക്കണം,  ഇതൊരു സാധ്യതാ പഠനമാണ് (a feasibility study).

വിശുദ്ധ ഗ്രന്ഥത്തിലെ ഉടമ്പടി അഥവാ covenant എന്ന സങ്കൽപ്പത്തിനെ മരിയചിന്തകളുടെ (mariology) കാഴ്ചപ്പാടിലൂടെയുള്ള ഒരു വ്യാഖ്യാനമാണ് ഗ്രന്ഥം. ദൈവശാസ്ത്രം എന്നതിനേക്കാൾ ഉപരി ആത്മീയതയാണ് പുസ്തകം പങ്കുവയ്ക്കുന്നത്. നമുക്കറിയാം ആത്മീയത എന്നത് ചിന്തകളല്ല, പ്രവർത്തികളാണ്.

പുസ്തകത്തിന്റെ കാഴ്ചപ്പാടിൽ പരി. മറിയത്തിലൂടെ വചനം മാംസമായി അവതരിച്ച ദൈവത്തിനു നൽകുന്ന നമ്മുടെ വാക്കാണ് ഉടമ്പടി. അങ്ങനെ വരുമ്പോൾ ആത്മീയത എന്ന് പറയുന്നത് ചൊല്ലൽ അല്ല, ചെയ്യലാണ് എന്ന കാര്യം മനസ്സിലാകും. കാരണം, ഉടമ്പടിയാകുന്ന നമ്മുടെ വാക്ക് പ്രവർത്തിയാകുമ്പോഴാണ് നമ്മൾ വിശ്വസ്തരാകുക. ആരോടാണ് നമ്മൾ വിശ്വസ്തരാകേണ്ടത്? ദൈവത്തോടാണ്.

ദൈവത്തിനോടുള്ള വിശ്വസ്തത എന്ന് പറയുന്നത് ക്രിസ്തുരൂപം പ്രാപിക്കുക എന്നതാണ്. ക്രിസ്തു നമ്മിൽ ഒരു നിറവായി മാറുന്നതിനു വേണ്ടിയുള്ള മാർഗ്ഗം മാത്രമാണ് ഉടമ്പടി. ഓർക്കണം, ഉടമ്പടി ഒരു ലക്ഷ്യമല്ല, മാർഗമാണ്. ലക്ഷ്യം മറ്റൊരു ക്രിസ്തുവായി മാറുക എന്നതാണ്. അതുതന്നെയാണ് കത്തോലിക്കാ ആത്മീയതയും. ഇതാണ് മരിയൻ ഉടമ്പടി എന്ന പുസ്തകത്തിന്റെ സംഗ്രഹം.
മറിയത്തിലൂടെ യേശുവിലേക്ക് എന്ന കത്തോലിക്കാ ആത്മീയതയുടെ മലയാള ഭാഷ്യമാണ് മരിയൻ ഉടമ്പടി എന്ന കൃപാസനം ഉടമ്പടി. വിശുദ്ധിയാണ് ഉടമ്പടിയുടെ അടിത്തറ. മറിയത്തിന്റെ പരിശുദ്ധി പോലെ വിശുദ്ധമായ ഒരു ജീവിതമാണ് അത് ലക്ഷ്യം വയ്ക്കുന്നത്.

വിശുദ്ധി എവിടെയുണ്ടോ അവിടെ ദൈവം പ്രവർത്തിക്കും. അത് നമ്മുടെ സ്ഥലകാല സങ്കൽപ്പങ്ങൾക്ക് അതീതവുമായിരിക്കും എന്ന ഉറപ്പാണ് പുസ്തകത്തിലൂടെ ജോസഫച്ചൻ നൽകുന്നത്. 

പാരമ്പര്യമായി കത്തോലിക്കാ ആത്മീയത മുന്നോട്ടുവയ്ക്കുന്ന വിശുദ്ധ ജീവിതത്തിനു വേണ്ടിയുള്ള മാർഗ്ഗങ്ങൾ തന്നെയാണ്  മരിയൻ ഉടമ്പടിയും പറയുന്നത്. അത് നിർദ്ദേശിക്കുന്ന ആറ് നിബന്ധനകൾ – അതായത്, പാപങ്ങൾ വെറുത്തുപേക്ഷിക്കുക, ഉപവാസം, പ്രാർത്ഥന അഥവാ ധ്യാനം, പ്രേഷിത പ്രവർത്തനം, വചന വായന, കാരുണ്യ പ്രവർത്തികൾ തുടങ്ങിയവ നൂറ്റാണ്ടുകളായി സഭ നിർദേശിക്കുന്ന കാര്യങ്ങൾ തന്നെയാണ്. ക്ലാസിക് ആത്മീയഗ്രന്ഥമായ തോമസ് അക്കമ്പീസിന്റെ Imitation of Christ ഇതേ ചിന്തകൾ തന്നെ നിബന്ധനകളായി നിർദേശിക്കുന്നുണ്ട്. 
എന്തുകൊണ്ട് കൃപാസനം? കൃപാസനം ധ്യാനകേന്ദ്രത്തിൽ അത്ഭുതങ്ങൾ നടക്കുന്നു എന്ന സാക്ഷ്യങ്ങൾ ഒത്തിരി വന്നുകൊണ്ടിരിക്കുകയാണ്. അതൊന്നുമല്ല എന്റെ വിഷയം.

കൃപാസനം എന്ത് പഠിപ്പിക്കുന്നു എന്നതാണ്. കൃപാസനത്തിൽ നിന്നും വിദ്വേഷത്തിന്റെയോ വെറുപ്പിന്റെയോ വിഭജനത്തിന്റേതോ ആയ ഒരു പ്രഘോഷണവും ഉണ്ടായിട്ടില്ല. കേരളത്തിൽ സ്വയം ആൾദൈവങ്ങളായി മാറിയിട്ടുള്ള പല ധ്യാനഗുരുക്കന്മാരും ഇതര മത വിദ്വേഷം പ്രഘോഷിക്കുകയും അതിഥി തൊഴിലാളികൾക്കെതിരെ സംസാരിക്കുകയും ശാരീരിക വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങൾ ശാപത്തിന്റെ അനന്തരഫലമാണെന്ന് പറഞ്ഞിട്ടുണ്ടെന്ന കാര്യം മലയാളമണ്ണിനറിയാം. കൃപാസനം ധ്യാനകേന്ദ്രത്തിൽ നിന്നും അങ്ങനെയുള്ള ഒരു പഠനമോ പ്രഘോഷണമോ ഉണ്ടായിട്ടില്ല. അവിടെ സഭയുടെ ദൈവശാസ്ത്രത്തിന് വിരുദ്ധമായി ഒന്നും തന്നെ പഠിപ്പിക്കുന്നില്ല, പ്രഘോഷിക്കുന്നുമില്ല. പിന്നെയുള്ളത് സാക്ഷ്യങ്ങളാണ്.

പലതിലുമുള്ള അതിശയോക്തിയും യുക്തിരാഹിത്യവും എങ്ങനെ സംഭവിക്കുന്നുവെന്ന് എനിക്കറിയില്ല. അവിടെ ആലപ്പുഴ രൂപത ഒരു ദൈവശാസ്ത്ര കമ്മീഷനെ നിയമിച്ചിട്ടുണ്ട് എന്നാണ് ഞാൻ അറിഞ്ഞത്. ആ കമ്മീഷന് ഈ കാര്യത്തിൽ ഇടപെടാൻ സാധിക്കും. സാധാരണ ജനങ്ങളാണ് സാക്ഷ്യങ്ങൾ പറയുന്നത്. അവർക്ക് കിട്ടിയ ദൈവീക അനുഭവമാണത്. സാക്ഷ്യങ്ങളുടെ കാര്യത്തിൽ ആരെയും നിരുത്സാഹപ്പെടുത്തുകയോ വേദനിപ്പിക്കുകയോ ചെയ്യേണ്ട കാര്യമില്ല. പക്ഷേ അവയെ ഓഡിറ്റ് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഈയുള്ളവന് പറയാനുള്ളത്. 
///മാർട്ടിൻ N ആന്റണി ///



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.