ലൂസി കളപ്പുരയ്ക്ക് കോണ്‍വെന്റ് ഹോസ്റ്റലില്‍ കഴിയാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി

കൊച്ചി: ലൂസി കളപ്പുരയെ എഫ്‌സി കോണ്‍വെന്റില്‍ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാന്‍ ശരിവച്ചതിനാല്‍ ഇവര്‍ക്ക് കോണ്‍വെന്റിനോടു ചേര്‍ന്നുള്ള ഹോസ്റ്റലില്‍ കഴിയാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ലൂസിയൂടെ വിശദീകരണം ചൊവ്വാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും ഇങ്ങനെയെങ്കില്‍ ഹോസ്റ്റലില്‍ നിന്ന് ഒഴിയാന്‍ സമയം അനുവദിക്കാനാകുമെന്നും ജസ്റ്റീസ് രാജ വിജയരാഘവന്‍ പറഞ്ഞു. പോലീസ് സംരക്ഷണം തേടി ലൂസി കളപ്പുര നല്കിയ ഹര്‍ജിയിലാണ് സിംഗില്‍ ബെഞ്ചിന്റെ തീരുമാനം. ഹര്‍ജി ഈ മാസം ആറിന് വീണ്ടും പരിഗണിക്കും. ലൂസി എവിടെ താമസിച്ചാലും അവര്‍ക്ക് സംരക്ഷണം ഒരുക്കുമെന്ന് കഴിഞ്ഞദിവസവും ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

തീരുമാനം പുന:പരിശോധിക്കാന്‍ വത്തിക്കാനിലെ അധികൃതര്‍ക്ക് അപേക്ഷ നല്കിയിട്ടുണ്ടെന്നായിരുന്നു ലൂസിയുടെ വാദം. ഈ അപേക്ഷയും വത്തിക്കാന്‍ നിരസിച്ചെന്ന് എഫ് സി കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ കഴിഞ്ഞ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ലൂസി കളപ്പുരയ്ക്ക് ഹോസ്റ്റലില്‍ കഴിയാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.