മരിയന്‍ കോളജ് തയ്യാറാക്കിയ പുസ്തകം ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു

കൊച്ചി: കുട്ടിക്കാനം മരിയന്‍ ഓട്ടോണമസ് കോളജിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഫലാധിഷ്ഠിത വിദ്യാഭ്യാസം- ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരീക്ഷണങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു നിര്‍വഹിച്ചു. എറണാകുളത്ത് സര്‍ക്യൂട്ട് ഹൗസില്‍ നടന്ന പുസ്തകപ്രകാശന ചടങ്ങിന് പ്രിന്‍സിപ്പല്‍ ഡോ. റോയി അബ്രഹാം സ്വാഗതം ആശംസിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി. ടി അരവിന്ദകുമാര്‍ പുസ്തകം ഉപരാഷ്ട്രപതിക്ക് കൈമാറി.

എഡിറ്ററും അസോസിയേറ്റ് പ്രഫസറുമായ ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍ പുസ്തകത്തെക്കുറിച്ച് വിശദീകരിച്ചു. കോളജ് ഗവേണിംങ് ബോര്‍ഡ് അംഗം കൂടിയായ ഡോ. സി വി ആനന്ദബോസ് ഐഎഎസ് ഉപരാഷ്ട്രപതിക്ക് കോളജിന്റെ ഉപഹാരമായി ആറന്മുള കണ്ണാടി സമ്മാനിച്ചു. മാനേജര്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ദീപികയുടെ അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍, ഡോ. ബിനു തോമസ്, ഫാ. സോബി തോമസ് കന്നാലില്‍ എന്നിവര്‍ പ്രസംഗിച്ചു.

10 പഠന മേഖലകളെ അടിസ്ഥാനമാക്കിയുള്ള 38 ലേഖനങ്ങളും മരിയന്‍ കോളജിലെ വിദ്യാര്‍ത്ഥിയായ ജോജിന്‍ ജോജോ വരച്ച 22 കാര്‍ട്ടൂണുകളും കോഫി ടേബിള്‍ ബുക്ക് രൂപത്തില്‍ തയ്യാറാക്കിയിരിക്കുന്ന 204 പേജുള്ള പുസ്തകത്തിലുണ്ട്. നമ്മുടെ രാജ്യത്ത് നിന്ന് ആയിരക്കണക്കിന് എന്‍ജിനീയര്‍മാര്‍, ജോലി തേടി വിദേശത്തേക്ക് പോയിരുന്ന സാഹചര്യമാണ് ഫലാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ആവശ്യത്തെക്കുറിച്ച് ചര്‍ച്ചകളും പഠനവും ഇന്ത്യയില്‍ നടക്കാന്‍ കാരണമായത്.

കുട്ടിക്കാനം മരിയന്‍ കോളജ് ഓട്ടോണമസിന്റെ പ്രിന്‍സിപ്പല്‍ ഡോ റോയി അബ്രാഹമിന്റെ നേതൃത്വത്തില്‍ അത് പ്രായോഗികമാക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങളില്‍ നിന്നാണ് അത്തരം അനുഭവങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടുള്ള ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.