മെക്‌സിക്കോയില്‍ ആര്‍ച്ച് ബിഷപ്പിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; 80 കാരന്‍ അറസ്റ്റില്‍

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ഡുറാന്‍ഗോ രൂപതയിലെ ആര്‍ച്ച് ബിഷപ് ഫൗസ്റ്റിനോ ആര്‍മെന്‍ഡ്രിയാസിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. മെയ് 21 ഞായറാഴ്ചയായിരുന്നു സംഭവം. ഉച്ചയ്ക്കുള്ള കുര്‍ബാനയ്ക്ക് ശേഷം കത്തീഡ്രല്‍ സാക്രിസ്റ്റിയില്‍ വച്ചായിരുന്നു ഈ അനിഷ്ടസംഭവം അരങ്ങേറിയത്.80 വയസുള്ള ആളാണ് അക്രമി.

ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. അക്രമിയുടെ ഉദ്ദേശ്യം വ്യക്തമായിട്ടില്ല. ദൈവത്തിനും കന്യാമാതാവിനും സകല രക്തസാക്ഷികള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ആര്‍ച്ച് ബിഷപ് ഫൗസ്റ്റിനോ പ്രതികരിച്ചു.

സാക്രിസ്റ്റിയില്‍ മറ്റുള്ളവരോട് സംസാരിച്ചുനില്ക്കുമ്പോഴായിരുന്നു പെട്ടെന്ന് അക്രമി കടന്നുവന്നതും ആക്രമിച്ചതും. അക്രമി ദുര്‍ബലനായതാണ് അക്രമം പാളിപ്പോകാന്‍ കാരണമായതെന്നാണ് നിഗമനം. സങ്കടകരവും ഞെട്ടലുളവാക്കുന്നതുമായ അക്രമസംഭവമാണ് ഇതെന്ന് മെക്‌സിക്കന്‍ മെത്രാന്‍ സംഘം പ്രതികരിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.