മൂഴിക്കുളം ദേവാലയത്തില്‍ വിശുദ്ധവാരത്തില്‍ ദിവ്യബലിയര്‍പ്പിക്കപ്പെടും

മൂഴിക്കുളം: മുഴിക്കുളം ഫൊറോന ദേവാലയത്തില്‍ വിശുദ്ധവാരത്തില്‍ വിശുദ്ധ ബലിയര്‍പ്പിക്കാനുള്ള സാഹചര്യമൊരുക്കിക്കൊണ്ട് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ ഇടപെടല്‍. പുതിയ വികാരിയായി നിയമിതനായ ഫാ. ആന്റണി പുതുവേലിയെ ഒരു സംഘം ആളുകള്‍ ദേവാലയത്തില്‍ പ്രവേശിപ്പിക്കാന്‍ സമ്മതിക്കാതെ മടക്കി അയച്ച സാഹചര്യത്തില്‍ ദേവാലയം അടച്ചിട്ടിരിക്കുകയായിരുന്നു.

ഈ പ്രത്യേക അവസരത്തിലാണ് വിശുദ്ധവാരത്തില്‍ ബലിയര്‍പ്പിക്കാനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ മൂഴിക്കുളം ഫൊറോനയുടെ ചുമതലയുള്ള വികാരി ജനറാല്‍ ഫാ. ആന്റണി പെരുമായനെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഫാ. ആന്റണി പെരുമായന്‍ ദേവാലയം സന്ദര്‍ശിച്ച് വേഗത്തില്‍ പരിഹാരം ഉണ്ടാക്കണമെന്നും കത്തില്‍ പറയുന്നു. ശവസംസ്‌കാരം, വിവാഹം, മാമ്മോദീസ അടക്കമുള്ള ഇടവകജനങ്ങളുടെ അജപാലനപരമായ ആവശ്യങ്ങളില്‍ വേണ്ട ക്രമീകരണം ചെയ്യുവാനും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആവശ്യപ്പെട്ടു. വിശുദ്ധ വാരത്തില്‍ ഫാ. ആന്റണി പെരുമായന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ ഈസ്റ്ററിന് ശേഷം വികാരി ഫാ. ആന്റണി പൂതവേലിയോ അദ്ദേഹം നിയമിക്കുന്ന വൈദികനോ മാത്രമേ മാത്രമേ സഭാനിയമപ്രകാരമുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാവൂഎന്ന കാര്യം ഉറപ്പുവരുത്തേണ്ടതുമുണ്ട്.

ഏകീകൃത കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കത്തിന്‍െ ഭാഗമായാണ് ഒരുവിഭാഗം ആളുകള്‍ ഫാ.പൂതവേലിയെ ദേവാലയത്തില്‍ പ്രവേശിപ്പിക്കാതെ ഗെയ്റ്റ് അടച്ചുപൂട്ടിയിട്ടത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ദേവാലയമാണ് മൂഴിക്കുളം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.