മെത്രാന്മാരെ ബഹുമാനിക്കില്ലെന്ന് നിക്കരാഗ്വ സ്വേച്ഛാധിപതി

നിക്കരാഗ്വ: താനൊരിക്കലും മെത്രാന്മാരെ ബഹുമാനിക്കില്ലെന്ന് നിക്കരാഗ്വ സ്വേച്ഛാധിപതി ഡാനിയേല്‍ ഓര്‍ട്ടെഗ. കത്തോലിക്കാ സഭയ്ക്ക് എതിരെ നിരന്തരമായി ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന പ്രസിഡന്റ് ഡാനിയേല്‍ ഓര്‍ട്ടെഗ, കത്തോലിക്കാസഭയോടുള്ള തന്റെ എതിര്‍പ്പ് ഏറ്റവും ഒടുവിലായി മറനീക്കികൊണ്ടുവന്നിരിക്കുന്നത് ഈ വാക്കുകളിലൂടെയാണ്.

ഞാനൊരിക്കലും മെത്രാന്മാരെ ആദരിക്കില്ല,എനിക്കൊരിക്കലും മെത്രാന്മാരെയോ വൈദികരെയോ വിശ്വസിക്കാനും കഴിയില്ല. പ്രസിഡന്റ് പറയുന്നു. മറ്റഗാല്‍പാ ബിഷപ് റോളന്‍ഡോ അല്‍വാരെസിനെ പാതിരാത്രിയില്‍ തട്ടിക്കൊണ്ടുപോകുകയും വീട്ടുതടങ്കലിലാക്കിയിരിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ പ്രതികരണം.

ക്രൈസ്തവ കുടുംബത്തില്‍ കത്തോലിക്കാനായിട്ടാണ് ജനിച്ചുവളര്‍ന്നതെങ്കിലും തിരുവസ്ത്രങ്ങളൊരിക്കലും ഒരാളെയും സന്യാസിയാക്കില്ലെന്നും സഭാവസ്ത്രം ഒരാളെ സന്യാസിയാക്കില്ലെന്നുമാണ് താന്‍ വിശ്വസിക്കുന്നതെന്നും ഡാനിയേല്‍ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി നിക്കരാഗ്വയില്‍ കത്തോലിക്കാസഭയ്‌ക്കെതിരെ കടുത്ത ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2007ലാണ് ഡാനിയേല്‍ അധികാരത്തിലേറിയത്. അന്നുമുതല്‍ നിരവധി കത്തോലിക്കാ മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും മിഷനറിസ് ഓഫ് ചാരിറ്റിയെ ഉള്‍പ്പടെ രാജ്യത്തിന് വെളിയിലാക്കുകയും ചെയ്തിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.