നോട്ടിങ്ഹാം തിരുനാൾ ജൂലൈ ആറിന്

നോട്ടിംഗ്ഹാം: ഈസ്റ്റ് മിഡ്‌ലാൻഡ്‌സിലെ കത്തോലിക്കാ വിശ്വാസികളുടെ പ്രധാന വാർഷിക തിരുനാളുകളിലൊന്നായ ‘നോട്ടിങ്ഹാം തിരുനാൾ’ ഈ ശനിയാഴ്ച (ജൂലൈ 6) ലെൻടെൻ ബൂളിവാർഡിലുള്ള സെന്റ് പോൾസ് കാതോലിക്കാ ദേവാലയത്തിൽ ആഘോഷിക്കുന്നു. ഭാരതത്തിന്റെ അപ്പസ്തോലനായ മാർ തോമാശ്ലീഹായുടെയും സീറോ മലബാർ സഭയിൽനിന്നുള്ള ആദ്യ വിശുദ്ധയായ അൽഫോൻസാമ്മയുടെയും നോട്ടിങ്ഹാം മിഷന്റെ സ്വർഗീയ മധ്യസ്ഥനായ വി. യോഹന്നാന്റെയും തിരുനാൾ ഈ വര്ഷം മുതൽ സംയുക്തമായാണ് ആചരിക്കുന്നത്.

ശനിയാഴ്ച രാവിലെ 9: 30 ന് ഫാ. ഡേവിഡ് പാൽമർ കൊടി ഉയർത്തുന്നതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമാവും. തുടർന്ന് പ്രസുദേന്തി വാഴ്ചയും വി. അൽഫോൻസാമ്മയോടുള്ള നൊവേനയുടെ അവസാന ദിവസത്തെ പ്രാർത്ഥനകളും നടക്കും.

പത്തു മണിക്ക് ആരംഭിക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്കു ക്ലിഫ്ടൺ കോർപ്പസ് ക്രിസ്തി പള്ളിവികാരി ഫാ. വിൽഫ്രഡ് പെരേപ്പാടൻ എസ്. സി. ജെ. മുഖ്യകാർമ്മികനാകും. ഫാ. ജോബിൻ കൊല്ലപ്പള്ളിൽ എസ്. ഡി. വി. (ബെർമിംഗ്ഹാം) തിരുനാൾ സന്ദേശം നൽകും. വി. കുർബാനയെത്തുടർന്നു വിശുദ്ധരോടുള്ള ലദീഞ്ഞു പ്രാർത്ഥന,  തിരുനാൾ പ്രദക്ഷിണം, സമാപന ആശീർവാദം എന്നിവ ഉണ്ടായിരിക്കും. സ്നേഹവിരുന്നോടുകൂടി തിരുനാൾ കർമ്മങ്ങൾക്ക് സമാപനമാകും.

തിരുക്കർമ്മങ്ങളുടെ സമാപനത്തിൽ കുട്ടികളുടെ അടിമസമർപ്പണ പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്. കഴുന്ന് എഴുന്നള്ളിച്ചു പ്രാർത്ഥിക്കുന്നതിനും വി. അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് ചുംബനത്തിനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

മിഷൻ ഡയറക്ടർ ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരൻമാർ, പ്രസുദേന്തിമാർ, കമ്മറ്റി അംഗങ്ങൾ, വാർഡ് ലീഡേഴ്‌സ്, മതാധ്യാപകർ, വിമെൻസ് ഫോറം അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ തിരുനാള്‍ ഒരുക്കങ്ങൾ പൂർത്തിയായി.

തിരുനാൾ നടക്കുന്ന ദൈവാലയത്തിന്‍റെ അഡ്രസ്: St. Paul’s Roman Catholic Church, Lenton Boulevard, Nottingham, NG7 2BY. 

ഫാ. ബിജു കുന്നയ്‌ക്കാട്ട്



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.