ചൈനയില്‍ മതപരമായ വിവാഹച്ചടങ്ങുകള്‍ക്കും സംസ്‌കാരത്തിനും വിലക്ക്

ബെയ്ജിംങ്: ക്രൈസ്തവ വിശ്വാസങ്ങള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും വീണ്ടും ചൈനയില്‍ വിലക്ക്. മതത്തിന് നേരെ ഭരണകൂടം പിടിമുറുക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് വിവാഹച്ചടങ്ങുകളും സംസ്‌കാരച്ചടങ്ങുകളും തടസ്സപ്പെടുത്താനുള്ള നീക്കം.

ചൈനയില്‍ മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും ധ്വംസിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ഒരു ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപെടുത്തിയിരിക്കുന്നത്. പല സംസ്‌കാരച്ചടങ്ങുകള്‍ക്കും വിവാഹച്ചടങ്ങുകള്‍ക്കും അധികാരികളില്‍ നിന്ന് ഭീഷണികളും അടിച്ചമര്‍ത്തലുകളും ഉണ്ടാകുന്നുണ്ട്. ചില കേസുകളില്‍ അറസ്റ്റും നടന്നിട്ടുണ്ട്. രണ്ടാഴ്ചത്തെ ജയില്‍ വാസവും അനുഭവിക്കേണ്ടി വരാറുണ്ട്.

ഈ വര്‍ഷം ഏപ്രില്‍ വരെ പതിനൊന്ന് ക്രൈസ്തവ ശവസംസ്‌കാരച്ചടങ്ങുകള്‍ ഹെനാന്‍ പ്രോവിന്‍സില്‍ പോലീസ് അലങ്കോലപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും സമാനമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതുപോലെ വിവാഹച്ചടങ്ങുകളില്‍ സംബന്ധിക്കുന്നവരുടെ പേരുവിവരങ്ങള്‍ രജിസ്ട്രര്‍ ചെയ്യുക, വിസമ്മതിക്കുന്നവരെ മറ്റ് ചടങ്ങുകളില്‍ നിന്ന് നിരോധിക്കുക തുടങ്ങിയവയും നടന്നുവരുന്നു. മകന്റെ വിവാഹച്ചടങ്ങുകളില്‍ ആലപിക്കാന്‍ ബാന്റ് അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച ക്രൈസ്തവ ദമ്പതികളെ അറസ്റ്റ് ചെയ്തത് മെയ് ഒന്നിനാണ്.

ഈ വര്‍ഷം ഏപ്രിലില്‍ യുഎസ് പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം ലോകത്തില്‍ ഏറ്റവും അധികം മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങളില്‍ മുമ്പന്തിയില്‍ ചൈനയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.