പാലസ്തീന്‍ പ്രസിഡന്റ് മാര്‍പാപ്പായെ സന്ദര്‍ശിച്ചു

വത്തിക്കാന്‍ സിറ്റി: പാലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബാസ് ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു.അപ്പസ്‌തോലിക് പാലസില്‍ ഇന്നലെയാണ് കൂടിക്കാഴ്ച നടന്നത്. ഇസ്രായേലുമായുള്ള സംവാദം പുനരാരംഭിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി. അബാസുമായുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആറാമത് കൂടിക്കാഴ്ചയാണ് ഇന്നലെ നടന്നത്. സമാധാനത്തിന് വേണ്ടി വത്തിക്കാന്‍ ഗാര്‍ഡനില്‍ നടത്തിയ പ്രാര്‍ത്ഥനാസമ്മേളനത്തില്‍ വച്ചായിരുന്നു ആദ്യകൂടിക്കാഴ്ച.

ഇസ്രായേലും പാലസ്തീനും തമ്മിലുളള സമാധാനപരമായ ചര്‍ച്ചകള്‍ക്കും അനുരഞ്ജനത്തിനും പൂര്‍ണ്ണ പിന്തുണയാണ് പരിശുദ്ധ സിംഹാസനം നല്കുന്നത്.. പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെദ്രോ പരോലിനുമായും വത്തിക്കാന്‍ വിദേശകാര്യമന്ത്രി ആര്‍ച്ച് ബിഷപ് പോള്‍ ഗാലാഗ്ഹറുമായും അബാസ് ചര്‍ച്ച നടത്തി.

ജെറുസലേം സമാധാനത്തിന്റെ കേന്ദ്രമാകണമെന്നും അതൊരിക്കലും സംഘര്‍ഷഭൂമിയായിത്തീരരുതെന്നും വിശുദ്ധനഗരം മൂന്നു മതങ്ങളുടെ സംഗമസ്ഥലമായി സംരക്ഷിക്കപ്പെടണമെന്നും കൂടിക്കാഴ്ചയെ തുടര്‍ന്ന് വത്തിക്കാന്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.