പെരിങ്ങഴ തീർത്ഥാടന പള്ളിയിലെ പുരാതന പ്രസിദ്ധമായ തിരുനാൾ ജനുവരി 31 മുതൽ



മുവാറ്റുപുഴ: സിറോമലബാർ സഭയിലെ കോതമംഗലം രൂപതയുടെ തീർത്ഥാടന കേന്ദ്രമായ വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള പെരിങ്ങഴ പള്ളിയിൽ ഇടവക മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെയും ധീര രക്തസാക്ഷിയായ വി. സെബാസ്റ്റ്യാനോസിന്റെയും ചരിത്ര പ്രസിദ്ധമായ തിരുനാൾ ജനുവരി 31, ഫെബ്രുവരി 01, 02, 03 തീയതികളിൽ ആഘോഷിക്കും. ജനുവരി 31ന് വൈകിട്ട് വികാരി ഫാ. പോൾ കാരക്കൊമ്പിൽ കൊടിയുയർത്തുന്നതോടെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പൊതുവണക്കത്തിനായി ദേവാലയാങ്കണത്തിലേക്ക് ഇറക്കിവയ്ക്കും.

തിരുനാൾ ദിവസങ്ങളിൽ ദൈവാലയത്തിലേക്കെത്തുന്ന വിശ്വാസികൾക്കായി എല്ലാ വർഷത്തെയും പോലെ  വിപുലമായ ക്രമീകരണങ്ങളാണ് ഇക്കൊല്ലവും ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 03ന് രാവിലെ ഇടവകയിൽ നിന്നും മരണമടഞ്ഞവരെ അനുസ്മരിച്ചുകൊണ്ടുള്ള വി. കുർബാനയ്ക്ക് ശേഷമുള്ള സിമിത്തേരി സന്ദർശനത്തോടെയാണ് തിരുനാൾ ചടങ്ങുകൾ പൂർത്തിയാകുക. തിരുനാളിന് ഒരുക്കമായുള്ള നൊവേന ജനുവരി 23(ചൊവ്വാഴ്ച്ച) മുതൽ ആരംഭിച്ചു.

പെരിങ്ങഴ പള്ളിയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ തിരുനാൾ സാധാരണ നിലയിൽ ഫെബ്രുവരി 1, 2 തീയതികളിൽ നിന്നും മാറ്റാറില്ല. കോവിഡിന്റെ പാരമ്യത്തിൽ പോലും തിരുനാൾ ചടങ്ങുകൾ മാറ്റം വരുത്താതെ ലളിതമായി നടത്തിയിരുന്നു.

AD 1864ലാണ് പെരിങ്ങഴ പള്ളി സ്ഥാപിതമായത്. വിശുദ്ധ യൗസേപ്പിന്റെ നാമത്തിൽ സ്ഥാപിതമായ കോതമംഗലം രൂപതയിലെ ആദ്യത്തെ ഇടവകയാണ് പെരിങ്ങഴ. 2020ൽ തിരുസഭ വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷമായി ആചരിച്ചതിനോടനുബന്ധിച്ച് രൂപതയുടെ തീർത്ഥടനകേന്ദ്രമായി പെരിങ്ങഴ ഉയർത്തപ്പെട്ടു. പെരിങ്ങഴയിലെ ഈ തീര്‍ത്ഥാടന ദൈവാലയത്തോട് ചേര്‍ന്നാണ് യൗസേപ്പിതാവിന്റെ ജീവിതത്തിലെ ഏഴ് വ്യാകുലങ്ങളെയും സന്തോഷങ്ങളെയും കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ പിതാപാത അതിന്റെ പൂര്‍ണതയില്‍ സ്ഥാപിതമായിരിക്കുന്നത്.
മുവാറ്റുപുഴയിൽ നിന്നും 4 കിലോമീറ്റർ അകത്തേക്ക് മാറി, തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിലാണ് പെരിങ്ങഴ പള്ളി സ്ഥിതി ചെയ്യുന്നത്.

തിരുനാൾ തിരുക്കർമ്മങ്ങളുടെ വിശദവിവരങ്ങൾ താഴെ നൽകുന്നു.

ജനുവരി 23 ചൊവ്വാഴ്ച്ച മുതൽ
രാവിലെ 06.15ന് വി. കുർബാന, നൊവേന

2024 ജനുവരി 31 (ബുധൻ)
06.15 am : വി. കുർബാന, നൊവേന
04.30 pm : പിതാപാത
05.00 pm : കൊടിയേറ്റ്, തിരുസ്വരൂപപ്രതിഷ്ഠ, ലദീഞ്ഞ്
05.15 pm : വി. കുർബാന, സന്ദേശം – ഫാ. മാത്യു അരീപ്ലാക്കൽ
06.45 pm : ദിവ്യകാരുണ്യ ആരാധന, പ്രദക്ഷിണം – ഫാ. ജോൺ മുണ്ടയ്ക്കൽ

2024 ഫെബ്രുവരി 01 (വ്യാഴം)
06.15 am : വി. കുർബാന, നൊവേന
10.00 am : പിതാപാത, വി. കുർബാന, നൊവേന – ഫാ. മാത്യു തറപ്പേൽ
05.00 pm : ലദീഞ്ഞ്
05.15 pm : തിരുനാൾ കുർബാന, സന്ദേശം – ഫാ. ജോർജ് തുറയ്ക്കൽ ocd
07.00 pm : പ്രദക്ഷിണം സെന്റ്. ആന്റണീസ് കപ്പേളയിലേക്ക്
08.00 pm : സമാപന പ്രാർത്ഥന, ആശിർവാദം
മേളതരംഗം  

2024 ഫെബ്രുവരി 02 (വെള്ളി)
06.15 am : വി. കുർബാന, നൊവേന
10.00 am : പിതാപാത, നൊവേന
തിരുനാൾ കുർബാന – ഫാ. ജോർജ് നെടുംങ്കല്ലേൽ
04.30 pm : ലദീഞ്ഞ്
04.45 pm : ആഘോഷമായ തിരുനാൾ കുർബാന – ഫാ. ജോർജ് പീച്ചാനിക്കുന്നേൽ
തിരുനാൾ സന്ദേശം – ഫാ. വർഗീസ് പാറമേൽ
06.45 pm : പ്രദക്ഷിണം പെരിങ്ങഴ പന്തലിലേക്ക്
07.45 pm : പരിശുദ്ധ കുർബാനയുടെ ആശിർവാദം  
കലാസന്ധ്യ

2024 ഫെബ്രുവരി 03 (ശനി)
06.15 am : വി. കുർബാന
മരിച്ചവരുടെ ഓർമ്മ, സിമിത്തേരി സന്ദർശനം
07.15 am : കൊടിയിറക്ക്

പെരിങ്ങഴ ഇടവക ഒറ്റനോട്ടത്തിൽ

 പാരിഷ്: പെരിങ്ങഴ
 ഫൊറോന: ആരക്കുഴ
 രൂപത: കോതമംഗലം
 മധ്യസ്ഥൻ: സെന്റ്. ജോസഫ്
 ഇടവക സ്ഥാപനം: AD 1864

  • എ.ഡി 1864 നവംബർ 01ന് പെരിങ്ങഴ പള്ളി സ്ഥാപിതമായി
  • ബ. മാർസെല്ലിനോസ് മൂപ്പനച്ചനും ബ. കാന്തിദൂസച്ചനും ചേർന്ന് മടത്തുംചാലിൽ എളച്ചി വക പുരയിടത്തിൽ പെരിങ്ങഴ പള്ളിക്ക് തറക്കല്ലിട്ടു.
  • വി. യൗസേപ്പിതാവിന്റെ നാമത്തിലുള്ള സിറോ മലബാർ സഭയിലെ ആദ്യത്തെ അഞ്ച് പ്രധാന ഇടവകകളിലൊന്നാണ് പെരിങ്ങഴ.
  • വിശുദ്ധന്റെ നാമത്തിൽ സ്ഥാപിതമായ കോതമംഗലം രൂപതയിലെ ആദ്യത്തെ ഇടവകയും പെരിങ്ങഴ തന്നെ.
  • മാര്‍ത്തോമാ നസ്രാണികള്‍ക്ക് വേണ്ടി വികാരിയത്തുകള്‍ സ്ഥാപിതമാകുന്നതിന് മുമ്പ് തന്നെ രൂപീകൃതമായ ഇടവകയാണ് പെരിങ്ങഴ
  • 2006 മെയ് 01ന് മാർ ജോർജ് പുന്നക്കോട്ടിൽ പുതിക്കിപണിത ദൈവാലയത്തിന്റെ കൂദാശ കർമ്മം നിർവഹിച്ചു. പുതിയ വൈദികമന്ദിരവും അന്നേദിവസം തന്നെ ആശിർവദിക്കപ്പെട്ടു.
  • ഇവിടുത്തെ ഇടവക തിരുനാൾ സാധാരണ നിലയിൽ ഫെബ്രുവരി 1, 2 തീയതികളിൽ നിന്നും മാറ്റാറില്ല.
  • മാർ യൗസേപ്പിന്റെ ജീവിതത്തിലെ ഏഴ് വ്യാകുലങ്ങളെയും സന്തോഷങ്ങളെയും അടിസ്ഥാനമാക്കിയുള്ള പിതാപാത അതിന്റെ പൂർണതയിൽ ആദ്യമായി സ്ഥാപിതമായിരിക്കുന്നത് പെരിങ്ങഴയിലാണ്
  • പുരാതന ഇടവക എന്ന നിലയിൽ നിരവധി സമീപ ഇടവകകളുടെ മാതൃഇടവക കൂടിയാണ് പെരിങ്ങഴ
  • 2021ൽ, പെരിങ്ങഴ ഇടവകയെ കോതമംഗലം രൂപതയുടെ ഔദ്യോഗിക തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു
  • കളരിപ്പയറ്റിലും മറ്റ് ആയോധനകലകളിലും പ്രഗത്ഭരായിരുന്ന ചരിത്രത്തിലെ പ്രസിദ്ധ ക്രൈസ്തവ കുടുംബമായ ‘വള്ളിക്കട പണിക്കർ’ കുടുംബം പെരിങ്ങഴയോട് ചേർന്നുള്ള വള്ളിക്കട പ്രദേശത്താണ് വസിച്ചിരുന്നത്.
  • വൈക്കം സത്യാഗ്രഹിയായും തിരുവിതാംകൂർ നിയമസഭാംഗമായും ശോഭിച്ച പ്രസിദ്ധ കത്തോലിക്കാ പുരോഹിതൻ ഫാ. സിറിയക് (കുര്യാക്കോസ്) വെട്ടിക്കാപ്പള്ളി 1927-1931 കാലഘട്ടത്തിൽ പെരിങ്ങഴ പള്ളിയിൽ വികാരിയായി സേവനം ചെയ്തിട്ടുണ്ട്.
  • സിറോ-മലബാർ സഭയിലെ പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനും പൗരസ്ത്യ കാനൻ നിയമ വിദഗ്ധനുമായിരുന്ന റവ. ഡോ. ജോർജ് നെടുങ്ങാട്ട് എസ്ജെ ജനിച്ചത് പെരിങ്ങഴയിലാണ്. അദ്ദേഹം മാമ്മോദീസ മുങ്ങിയത് പെരിങ്ങഴ പളളിയിലും നാലാം ക്ലാസ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം നടത്തിയത് പെരിങ്ങഴ സ്കൂളിലും ആയിരുന്നു.
  • പള്ളിയങ്കണത്തിലുള്ള വി. യൗസേപ്പിതാവിന്റെ അതിപുരാതനമായ തിരുസ്വരൂപം അനേകായിരങ്ങൾക്ക് അനുഗ്രഹവും ആശ്വാസവുമായി നിലകൊള്ളുന്നു

തിരുനാൾ തിരുക്കർമ്മങ്ങളുടെ നോട്ടീസ് ഇതിനൊപ്പം നൽകുന്നു.

പെരിങ്ങഴ മാർ യൗസേപ്പ് തീർത്ഥാടന കേന്ദ്രത്തിൻ്റെയും പിതാപാതയുടെയും വീഡിയോകൾ: 

https://drive.google.com/drive/folders/1m8C2fZd_jlyZBVO61NvvGVpc-ijFL3bL?usp=share_link
കൂടുതൽ വീഡിയോസ് യൂട്യൂബിൽ ഉണ്ട്:

 https://www.youtube.com/@peringuzhachurch
Follow Us:
https://peringuzhachurch.org/
https://www.facebook.com/peringuzhachurch

(കൂടുതൽ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പള്ളിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ലഭ്യമാണ്)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.