പെരിങ്ങഴ മാർ യൗസേപ്പ് തീർത്ഥാടന കേന്ദ്രത്തിൽ പിതാപാതാ തീർത്ഥാടനവും യൗസേപ്പിതാവിന്റെ മരണത്തിരുനാളും മാർച്ച് 11 മുതൽ


മുവാറ്റുപുഴ: വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള തീർത്ഥാടന കേന്ദ്രമായ കോതമംഗലം രൂപതയിലെ പെരിങ്ങഴ പള്ളിയിൽ പിതാപാതാ തീർത്ഥാടനവും വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളും മാർച്ച് 11 മുതൽ 19 വരെയുള്ള തീയതികളിൽ ആഘോഷിക്കും.

മാർച്ച് 11, ശനിയാഴ്ച വൈകിട്ട് വികാരി ഫാ. പോൾ കാരക്കൊമ്പിൽ കൊടിയുയർത്തുന്നതോടെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. തുടർന്ന് കോതമംഗലം രൂപതാ ചാൻസലർ ഫാ. ജോസ് കുളത്തൂരിന്റെ മുഖ്യകാർമ്മികത്വത്തിൽ തിരുനാൾ കുർബാനയും മറ്റ് തിരുക്കർമ്മങ്ങളും നടക്കും. 

മാർച്ച് 12ന് ജോസഫ് നാമധാരികളുടെ സംഗമം, 13 മുതൽ 16 വരെയുള്ള തീയതികളിൽ നവീകരണ ധ്യാനം, 17ന് രൂപതയിലെ നവ വൈദികരുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന കുർബാന എന്നിങ്ങനെയാണ് തിരുകർമ്മങ്ങൾ . മാർച്ച് 18ന് വൈകിട്ട് ഉള്ള ആഘോഷമായ തിരുനാൾ റാസയ്ക്ക് ഫാ. അനീഷ് പുളിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും.

പ്രധാന തിരുനാൾ ദിവസമായ മാർച്ച് 19ന് വൈകിട്ട് ആഘോഷമായ പൊന്തിഫിക്കൽ കുർബാനയ്ക്ക് മാർ മാത്യു വാണിയകിഴക്കേൽ വിസി മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് നടക്കുന്ന ആഘോഷമായ തിരി പ്രദക്ഷിണത്തിലും ഊട്ടുനേർച്ചയിലും ആയിരങ്ങൾ പങ്കെടുക്കും. 
തിരുനാൾ ദിവസങ്ങളിൽ ദൈവാലയത്തിലെത്തുന്ന വിശ്വാസികൾക്ക് തങ്ങളുടെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനും ബന്ധുമിത്രാദികൾക്കും സ്വന്തക്കാർക്കും വിതരണം ചെയ്യുന്നതിനുമായി ടിന്നിലുള്ള യൗസേപ്പിതാവിന്റെ നേർച്ചപ്പായസം മാർച്ച് 12ആം തിയതി മുതൽ പള്ളിയിൽ നിന്നും ലഭ്യമാകുന്നതാണ്. 

തിരുനാൾ ദിവസങ്ങളിൽ ദൈവാലയത്തിലേക്കെത്തുന്ന വിശ്വാസികൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. തിരുനാൾ ദിവസങ്ങളിൽ രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെയുള്ള സമയത്ത് ദൈവാലയത്തിൽ എത്തി പ്രാർത്ഥിക്കുവാനും നേർച്ചകാഴ്ചകൾ സമർപ്പിക്കുവാനും സൗകര്യമുണ്ടായിരിക്കും. വിപുലമായ വാഹന പാർക്കിംഗ് സൗകര്യം പള്ളിയോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. നേർച്ചപ്പായസവും ഊട്ടുനേർച്ചയും തയ്യാറാക്കുന്നതിനുള്ള ക്രമീകരണങ്ങൾ പള്ളിയിൽ തുടങ്ങിക്കഴിഞ്ഞു. 

AD 1864ലാണ് പെരിങ്ങഴ പള്ളി സ്ഥാപിതമായത്. വിശുദ്ധ യൗസേപ്പിന്റെ നാമത്തിൽ സ്ഥാപിതമായ കോതമംഗലം രൂപതയിലെ ആദ്യത്തെ ഇടവകയാണ് പെരിങ്ങഴ. 2006ൽ പള്ളി പുതുക്കിപ്പണിതു. 2020ൽ തിരുസഭ വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷമായി ആചരിച്ചതിനോടനുബന്ധിച്ച് രൂപതയുടെ തീർത്ഥടനകേന്ദ്രമായി പെരിങ്ങഴ ഉയർത്തപ്പെട്ടു. പെരിങ്ങഴയിലെ ഈ തീര്‍ത്ഥാടന ദൈവാലയത്തോട് ചേര്‍ന്നാണ് യൗസേപ്പിതാവിന്റെ ജീവിതത്തിലെ ഏഴ് വ്യാകുലങ്ങളെയും സന്തോഷങ്ങളെയും കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ പിതാപാത അതിന്റെ പൂര്‍ണതയില്‍ സ്ഥാപിതമായിരിക്കുന്നത്.

മുവാറ്റുപുഴയിൽ നിന്നും 4 കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് പെരിങ്ങഴ പള്ളി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.