ഫിലിപ്പൈന്‍സ് രൂപതയില്‍ എല്ലാ ദിവസവും രാത്രി എട്ടുമണിക്ക് പള്ളിമണികള്‍ മുഴങ്ങും. കാരണം അറിയാമോ?


മനില: ഫിലിപ്പൈന്‍സിലെ സാന്‍ കാര്‍ലോസ് രൂപതയില്‍ എല്ലാ ദിവസവും രാത്രി എട്ടു മണിക്ക് പള്ളിമണികള്‍ മുഴങ്ങും. രൂപതയിലെ കൊലപാതക പരമ്പരകളോടുള്ള പ്രതിഷേധം എന്ന നിലയിലാണ് ഇത്.

മനുഷ്യത്വരഹിതവും വിവേകശൂന്യവുമാണ് ഈ കൊലപാതകങ്ങള്‍ എന്ന് ഓര്‍മ്മിപ്പിക്കുന്നതിന് വേണ്ടിയാണ് പള്ളിമണികള്‍ മുഴക്കുന്നത്. ഇടവകകള്‍, മിഷന്‍ സ്റ്റേഷനുകള്‍, കോണ്‍വെന്റുകള്‍ എന്നിവിടങ്ങളിലെല്ലാം പള്ളിമണികള്‍ മുഴക്കും. സമാധാനത്തിന്റെയും നിയമത്തിന്റെയും അഭാവമാണ് ഇത്തരം കൊലപാതകങ്ങള്‍ക്ക് കാരണം. കൊലപാതകപരമ്പര അവസാനിക്കുന്നതുവരെ പള്ളിമണികള്‍ മുഴങ്ങിക്കൊണ്ടേയിരിക്കും. സമാധാനത്തിന് വേണ്ടി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. ബിഷപ് ജെറാര്‍ദോ അല്‍മിയാന്‍സാ പറഞ്ഞു.

വൈദികരുടെയും അല്മായ നേതാക്കളുടെയും സമ്മേളനവും അദ്ദേഹം വിളിച്ചുകൂട്ടിയിട്ടുണ്ട്. എങ്ങനെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ചാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നത്.

മനുഷ്യാവകാശപ്രവര്‍ത്തകനായ അന്തോണി ട്രിനിഡാഡ് ആണ് ഏറ്റവും ഒടുവിലായി കൊല്ലപ്പെട്ടത്. എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. 2017 മുതല്‍ 76പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. അതില്‍ സാധാരണക്കാരും മനുഷ്യാവകാശപ്രവര്‍ത്തകരുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.