ബെനഡിക്ട് പതിനാറാമന് ലോകം ഇന്ന് വിട നല്കും

വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന് ലോകം ഇന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം വിട നല്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന അന്ത്യകര്‍മ്മശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മ്മികനായിരിക്കും.ഒരു മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങില്‍ മറ്റൊരു മാര്‍പാപ്പ പങ്കെടുക്കുന്നുവെന്ന അപൂര്‍വ്വതയും ഈ സംസ്‌കാരച്ചടങ്ങുകള്‍ക്കുണ്ട്.

പത്രോസിന്റെ സിംഹാസനത്തിലിരിക്കെ മരണമടഞ്ഞ മാര്‍പാപ്പമാരുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് ഏതാണ്ട് സമാനമായ ആരാധനക്രമത്തിലായിരിക്കും ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തുകയെന്ന് വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനാചടങ്ങുകളില്‍ റോമാ രൂപതയുടെയും പൗരസ്ത്യസഭകളുടെയും അപേക്ഷകള്‍ സംസ്‌കാരകര്‍മ്മങ്ങളില്‍ ഉണ്ടായിരിക്കുകയില്ല.കാരണം റോം രൂപതയുടെ തലവനായി ഫ്രാന്‍സിസ് മാര്‍പാപ്പ ജീവിച്ചിരിക്കുന്നതിനാലാണ് അത്. മറ്റ് പ്രാര്‍ത്ഥനകളും വിശുദ്ധഗ്രന്ഥ വായനകളും സാധാരണയില്‍ നിന്ന് വ്യത്യസ്തമായിരിക്കും. അധികാരവടിയും കുരിശും ശവപേടകത്തില്‍ അടക്കം ചെയ്യുകയില്ല

എ്ന്നാല്‍ ചില മെഡലുകളും പാലിയങ്ങളും പേടകത്തില്‍ വയ്ക്കും. കൂടാതെ ബെനഡിക്ട് പതിനാറാമനെക്കുറിച്ചുള്ള ചെറിയ വിവരണവും നിക്ഷേപിക്കും.

ഇന്ന് പ്രാദേശികസമയം രാവിലെ 8.50 ന് ( ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന്) വത്തിക്കാന്‍ ബസിലിക്കയില്‍ നിന്ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്ക് മൃതദേഹപേടകം കൊണ്ടുപോകും. സംസ്‌കാരച്ചടങ്ങുകള്‍ ലൈവായി സംപ്രേഷണം ചെയ്യുമെങ്കിലും ഗ്രോട്ടോയില്‍ നടക്കുന്ന അവസാനഭാഗം ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ നിലവറയില്‍, വിശുദ്ധ പത്രോസിന്റെ കബറിടത്തിന് അടുത്തായാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് അന്ത്യനിദ്രയൊരുക്കിയിരിക്കുന്നത്. ലളിതമായ ചടങ്ങുകളായിരിക്കും നടക്കുക.പോളണ്ട് പ്രസിഡന്റ്, ഹംഗറിയുടെ പ്രധാനമന്ത്രി, ചെക്ക് പ്രധാനമന്ത്രി, സ്ലോവേനിയന്‍ പ്രസിഡന്റ് തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങില്‍പങ്കെടുക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കില്ല.

ഇന്ത്യയിലെ എല്ലാ കര്‍ദിനാള്‍മാരും സിബിസിഐ പ്രസിഡന്റും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും. മാര്‍ ആലഞ്ചേരിയും മാര്‍ ക്ലീമിസ്‌കാതോലിക്കാ ബാവയും ബെനഡിക്ട്പതിനാറാമന്‍ പാപ്പയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു.

95 കാരനായ പോപ്പ് എമിരത്തൂസ് ബെനഡിക്ട് ഡിസംബര്‍ 31 നാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. ഈശോയേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നായിരുന്നു പാപ്പായുടെ അവസാനവാക്കുകള്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.