ഈശോയുടെ തിരുത്തോളിലെ തിരുമുറിവിനോട് പ്രാര്‍ത്ഥിക്കൂ, അത്ഭുതം കാണാം

കുരിശും വഹിച്ചുകൊണ്ടുള്ള യാത്രയില്‍ ഈശോയ്ക്ക് ഏറ്റവും അധികം വേദനയുണ്ടാക്കിയത് തിരുത്തോളിലെ മുറിവായിരുന്നു. ആ മുറിവ് ആരും കാണാതെ പോയി. പീഡാസഹനവേളയിലെ ഏറ്റവും വലിയ വേദന ഏതായിരുന്നുവെന്ന് ക്ലൈയര്‍വാക്‌സിലെ വിശുദ്ധ ബര്‍ണാര്‍ഡിന്റെ ചോദ്യത്തിന് ഉത്തരമായിട്ടാണ് ഈശോ ഈ മറുപടി നല്കിയത്.

അതുകൊണ്ടുതന്നെ ഈ മുറിവിനെ ധ്യാനിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിരവധിയായ അനുഗ്രഹങ്ങള്‍ ഈശോ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ലഘുപാപങ്ങള്‍ പൂര്‍ണ്ണമായും ക്ഷമിക്കുകയും മാരകപാപങ്ങള്‍ മറന്നുകളയുകയും ചെയ്യും എന്നതാണ് അതിലൊന്ന്.

തിരുത്തോളിലെ തിരുമുറിവിനോടുള്ള പ്രാര്‍ത്ഥന

അതിരറ്റ സ്‌നേഹമുള്ള ദിവ്യഈശോയേ, പ്രശാന്തനായ ദൈവത്തിന്റെ കുഞ്ഞാടേ കഠിനപാപിയായ ഞാന്‍ അങ്ങയുടെ തിരുത്തോളിലെ തിരുമുറിവിനെ വണങ്ങുകയും ആരാധിക്കുകയും ചെയ്യുന്നു. അങ്ങയുടെ എത്രയും അനുഗ്രഹീതമായ ശരീരത്തില്‍ ഏറ്റ മറ്റെല്ലാമുറിവുകളെയും കാള്‍ കുരിശുംവഹിച്ചുകൊണ്ടുള്ള യാത്രയില്‍ കൂടുതല്‍ വേദന അനുഭവിച്ചത് ഈ തിരുമുറിവില്‍ നിന്നാണല്ലോ. ഞാന്‍ അങ്ങയെ ആരാധിക്കുന്നു. ഏറ്റവും വേദന അനുഭവിച്ച ഈശോയേ, ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. ഞാന്‍ പ്രാര്‍ത്ഥിക്കുകയും അങ്ങയെ മഹത്വപ്പെടുത്തുകയും ഏറ്റവും വേദനാജനകമായ ഈ തിരുമുറിവിനെപ്രതി അങ്ങയോട് നന്ദിപറയുകയും ചെയ്യുന്നു. അതിരറ്റ വേദനയേയും കുരിശിന്റെ ഭാരത്താലുള്ള തീവ്രമായ സഹനത്തെയും പ്രതി പാപിയായ ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു. എന്റെ എല്ലാ മാരകപാപങ്ങളും ലഘുപാപങ്ങളും മോചിക്കണമേ. കുരിശിന്റെ പാതയിലൂടെ എന്നെ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കുമാറാകണമേ. ആമ്മേന്‍

( ഈ പ്രാര്‍ത്ഥന 9 പ്രാവശ്യം വീതം 33 ദിവസമാണ് ഭക്തിപൂര്‍വ്വം ചൊല്ലേണ്ടത്.)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.