വിവാഹജീവിതത്തില്‍ സന്തോഷം നിറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സന്തോഷം നഷ്ടപ്പെട്ടവര്‍ക്കും

ജീവിതത്തില്‍ ഒരു വ്യക്തിയെടുക്കുന്ന ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങളിലൊന്നാണ് വിവാഹം. അതൊരിക്കലും വളരെ എളുപ്പമുള്ളതായ ഒരു തീരുമാനമല്ല. ഒരേ സമയം സന്തോഷവും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തെറ്റിദ്ധാരണകളും നേരിടേണ്ടിവരുന്ന ഒരു അവസ്ഥയാണ് അത്. കാലം കഴിയും തോറും പല ദാമ്പത്യബന്ധങ്ങളിലെയും സന്തോഷം നഷ്ടപ്പെടുന്നതായി കണ്ടുവരാറുണ്ട്. കൂടുതല്‍ സ്‌നേഹം നിറയ്ക്കുന്നതിന് പകരം കുറഞ്ഞുപോയ സ്‌നേഹവുമായി ദാമ്പത്യജീവിതം വല്ലവിധേനയും തള്ളിനീക്കിക്കൊണ്ടുപോകുന്ന ഒരുപാട് ദമ്പതിമാരുണ്ട് നമുക്കിടയില്‍. ഇത്തരക്കാര്‍ക്കും സ്വഭാവികമായി കടന്നുപോകുന്ന തങ്ങളുടെ ദാമ്പത്യബന്ധത്തില്‍ കൂടുതല്‍ സ്‌നേഹം നിറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ഇതാ ചില നിര്‍ദ്ദേശങ്ങള്‍:

വിവാഹത്തെ വിശ്വാസപരമായി സമീപിക്കുക

കുടുംബജീവിതത്തില്‍ പ്രയാസങ്ങളും പ്രശ്‌നങ്ങളും നേരിടുന്നവര്‍ക്കെല്ലാം മുമ്പിലുളള മാതൃകയാണ് വിശുദ്ധ സെലിന്‍- മാര്‍ട്ടിന്‍ ദമ്പതികള്‍. വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളാണ് അവര്‍. ഈ കുടുംബത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. രോഗങ്ങള്‍…മരണം, വിഷാദം…അങ്ങനെ പലതും. എന്നാല്‍ തങ്ങളുടെ വിവാഹജീവിതത്തെ വിശ്വാസത്തില്‍ കാണാന്‍ ആ ദമ്പതികള്‍ക്ക് കഴിഞ്ഞു. കുടുംബജീവിതത്തില്‍ എന്തെല്ലാം പ്രശ്‌നങ്ങളും പങ്കാളിക്ക് കുറവുകളുമുണ്ടെങ്കിലും അതെല്ലാം ദൈവം തന്നവയാണെന്ന് ഉറച്ചുവിശ്വസിക്കുക.

തിരുവചനത്തില്‍ നിന്ന് പ്രചോദനം സ്വീകരിക്കുക

കുടുംബജീവിതം നയിക്കാന്‍ ഓരോ ദിവസവും വിശുദ്ധ ഗ്രന്ഥം വായിക്കുക. ബൈബിളിന്റെ വെളിച്ചത്തില്‍ ദിവസത്തെ ക്രമീകരിക്കുക.

നല്ല ഉപദേശം സ്വീകരിക്കുക

ഉപദേശം സ്വീകരിക്കേണ്ടത് എപ്പോഴും നല്ലവ്യക്തികളില്‍ നിന്നായിരിക്കണം. കുടുംബജീവിതത്തില്‍ പല പ്രശ്‌നങ്ങളുമുണ്ടാകുമ്പോള്‍ ഉപദേശത്തിനായി സുഹൃത്തുക്കളെ സമീപിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ കി്ട്ടുന്ന ഉപദേശം നല്ലതാണോ നല്കിയവര്‍ നല്ലവരാണോ എന്ന് വിവേചിച്ചറിയേണ്ടതുണ്ട്.

നല്ല കുടുംബജീവിതം നയിക്കുന്നവരെ മാതൃകകളാക്കുക

വിജയപ്രദമായ കുടുംബജീവിതം നയിക്കുന്ന, നല്ല ആത്മീയജീവിതം നയിക്കുന്ന ദമ്പതികളെ മാതൃകകളാക്കുക. അവരുടെ ജീവിതത്തിലെ വിജയരഹസ്യം ചോദിച്ചറിയുക. അവര്‍ പ്രശസ്തരൊന്നും ആയിരിക്കണമെന്നില്ല. നമ്മുടെ തന്നെ മാതാപിതാക്കളോ അയല്‍ക്കാരോ ബന്ധുക്കളോ ആരെങ്കിലുമാവാം. അവരുടെ ജീവിതമാതൃക സ്വന്തം കുടുംബത്തില്‍ അനുകരിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.