ശ്രീലങ്ക: നാലു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും നീതി അകലെ

കൊളംബോ: ഒരു ഈസ്റ്റര്‍ കൂടി കടന്നുപോയി. ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം വേദനയുടെ ഒരു ഈസ്റ്റര്‍ കൂടി. വര്‍ഷം നാലു കടന്നുപോയിട്ടും ഉണങ്ങാത്ത മുറിവിന്റെ ഓര്‍മ്മയായ ഈസ്റ്റര്‍.

2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേറാക്രമണത്തിന്റെ ഓര്‍മ്മയാണ് മുറിവായി ശ്രീലങ്കന്‍ ജനതയുടെ മനസ്സില്‍ ഇന്നും നിലനില്ക്കുന്നത്. ഇനിയും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുവാനോ അവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനോ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ നീതിക്കുവേണ്ടി നാല്പത് കിലോമീറ്റര്‍ നീളമുള്ള മനുഷ്യച്ചങ്ങല സംഘടിപ്പിച്ചാണ് ശ്രീലങ്കന്‍ ജനത പ്രതിഷേധം അറിയിച്ചത്.

ഇരകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും നീതി കിട്ടണം. അതായിരുന്നു അവരുടെ ലക്ഷ്യം. കത്തോലിക്കാസഭയാണ് ഈ നീതിസമരത്തിന് നേതൃത്വം നല്കിയത്. ആയിരക്കണക്കിന് പേരാണ് മനുഷ്യച്ചങ്ങലയില്‍ കണ്ണികളായത്.

ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി രണ്ടു മിനിറ്റ് നേരം മൗനപ്രാര്‍ത്ഥനയും നടത്തി. കറുത്ത വസ്ത്രം ധരിച്ച പ്രതിഷേധക്കാര്‍ കറുത്ത കൊടിയും പിടിച്ചിട്ടുണ്ടായിരുന്നു. പോലീസിന്റെയും പട്ടാളത്തിന്റെയും സൂക്ഷ്മനിരീക്ഷണത്തിലായിരുന്നു മനുഷ്യച്ചങ്ങല.

കര്‍ദിനാള്‍ മാല്‍ക്കം രഞ്ചിത്ത്, അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ബ്രിയാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.