വിശുദ്ധ സ്‌നാപക യോഹന്നാനെക്കുറിച്ച് ഇതാ ഒരു മനോഹരഗാനം

ക്രൈസ്തവ ഭക്തിഗാനമേഖലയില്‍ ആത്മീയതയുടെ വിവിധ അടരുകളിലുള്ള നിരവധി ഗാനങ്ങള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. വിശുദ്ധ കുര്‍ബാനയും പീഡാസഹനവും പരിശുദ്ധ മറിയവും വിശുദ്ധരുമെല്ലാം അനേകം ഗാനരചയിതാക്കളുടെ തൂലികയിലൂടെ ആത്മീയഹര്‍ഷം നല്കുന്ന ഗാനങ്ങളായി പിറവിയെടുത്തിട്ടുണ്ട്.

എന്നാല്‍ വിശുദ്ധ സ്‌നാപകയോഹന്നാനെക്കുറിച്ച് രചിക്കപ്പെട്ടിട്ടുള്ള ഭക്തിഗാനങ്ങള്‍ വളരെ കുറവാണ്. (നമ്മുടെ കൊച്ചുകേരളത്തില്‍ സ്‌നാപകയോഹന്നാന്റെ നാമധേയത്തിലുള്ള പള്ളികളുടെ എണ്ണവും കുറവാണ്.) ഈ കുറവ് പരിഹരിക്കാന്‍ സഹായിക്കുന്ന വിധത്തിലുള്ള,സ്‌നാപകയോഹന്നാനെക്കുറിച്ചുള്ള ഒരു മനോഹരഗാനം അടുത്ത ദിവസം പുറത്തിറങ്ങി.

ഗോഡ്‌സ് മ്യൂസികിന്റെ ബാനറില്‍ എസ്. തോമസും ലിസിയും ചേര്‍ന്ന് പരിശുദ്ധാത്മാ പ്രേരണയാല്‍ രചിച്ചിട്ടുള്ളതാണ് ഈ ഗാനം. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ കിന്‍സണ്‍ സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തിന് വേണ്ടിയുള്ള ഗാനം സ്‌നാപകയോഹന്നാന്റെ തിരുനാള്‍ ദിനത്തിലാണ് പുറത്തിറങ്ങിയത്.

ഭൂമിയില്‍ യേശുവിന് വഴിയൊരുക്കാന്‍ വന്ന വിശുദ്ധ സ്‌നാപകയോഹന്നാനേ എന്ന തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് തോമസാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഫാ. ചാക്കോ പാനത്തറ സിഎം. ഈ ഗാനത്തിന്‍റെ യുട്യൂബ് റീലിസ് നിര്‍വഹിച്ചത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കലാണ്.

എസ് തോമസിന്റെയും ലിസിയുടെയും ഗാനങ്ങള്‍ ഇതിനകം മലയാളികളുടെ ആത്മീയോന്നതിക്ക് ഏറെ സഹായം ചെയ്തിട്ടുള്ളവയാണ്. തിരുവചനാധിഷ്ഠിതമായ ഗാനങ്ങളാണ് ഇവര്‍ രചിച്ചിരിക്കുന്നതെന്നും നമുക്കറിയാം. ആ പതിവു ഈ പുതിയ ഗാനത്തിലും ആവര്‍ത്തിച്ചിട്ടുണ്ട്.

തിരുവചനത്തിന്റെ വഴിയിലൂടെ,സ്‌നാപകയോഹന്നാന്റെ ജീവിതത്തെ യഥാതഥം ആവിഷ്‌ക്കരിച്ചിരിക്കുന്ന ഈ ഗാനം ക്രിസ്തുവിന് വഴിയൊരുക്കാന്‍ നമ്മുടെ ജീവിതങ്ങള്‍ക്കും ശക്തിയും പ്രചോദനവും നല്കുന്നതാണ്.

നമ്മുടെ ആത്മീയഗാനോപഹാരങ്ങളുടെ ഇടയില്‍ വരുംകാലങ്ങളില്‍ സ്‌നാപകയോഹന്നാനെക്കുറിച്ചുള്ള ഗാനവും ഇടം പിടിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.