ചൊവ്വാഴ്ച വിശുദ്ധ അന്തോണീസിന്റെ ദിനമായി തിരഞ്ഞെടുക്കാന്‍ കാരണമായത് എന്താണെന്നറിയാമോ?

ജൂണ്‍ 13 വിശുദ്ധ അന്തോനീസിന്റെ തിരുനാളായി നാം ആചരിക്കുന്നു. പാദുവായിലെ അന്തോണീസ് എന്നും വിശുദ്ധ അന്തോനീസിന് മറ്റൊരുപേരുണ്ട്. പോര്‍ച്ചുഗല്ലിലെ ലിസ്ബണിലാണ് ജനിച്ചതെങ്കിലും തന്റെ അവസാനകാല പ്രവര്‍ത്തനമണ്ഡലമായ പാദുവായുടെ പേരിനോട് ചേര്‍ന്നാണ് അന്തോണീസ് അറിയപ്പെടുന്നത്.

1230 കാലത്താണ് അന്തോണീസ് പാദുവായിലെത്തിയത്. ദരിദ്രരെ ചൂഷണം ചെയ്യുന്നവര്‌ക്കെതിരെ ശക്തമായ നിലപാടുകളാണ് അന്തോണീസ് സ്വീകരിച്ചിരുന്നത്. പാവങ്ങളുടെ പടയാളി എന്നും ഇതിന്റെ പേരില്‍ അദ്ദേഹം അറിയപ്പെട്ടു. 1231 ജൂണ്‍ 13 നായിരുന്നു വിശുദ്ധന്റെ അന്ത്യം. പാദുവായിലെ വിശുദ്ധ കന്യകയുടെ ദേവാലയത്തിലാണ് പൂജ്യശരീരം അടക്കം ചെയ്തത്.

ജീവിച്ചിരുന്നപ്പോള്‍ നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന അന്തോണീസ് മരണത്തിന് ശേഷവും നിരവധിയായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ തന്നെ പ്രധാനപ്പെട്ടത് വിശുദ്ധന്റെ മരണം കഴിഞ്ഞ് ഒരു ചൊവ്വാഴ്ച നടന്ന സംഭവമായിരുന്നു. അന്ന് വിശുദ്ധകന്യകയുടെ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നവര്‍ക്കെല്ലാം വിശുദ്ധന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് അനുഗ്രഹങ്ങള്‍ വര്‍ഷിച്ചു.

അതൊരു ചൊവ്വാഴ്ചയായതിനാല്‍ വിശുദ്ധനോടുള്ള പ്രത്യേക വണക്കത്തിനായി ചൊവ്വാഴ്ച നീക്കിവച്ചിരിക്കുന്നു.കേരളത്തിലെ അന്തോണീസിന്റെ നാമത്തിലുളള വിവിധ ദേവാലയങ്ങളില്‍ ചൊവ്വാഴ്ചകളില്‍ നൊവേനകള്‍ നടക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

വിശുദ്ധ അന്തോണീസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ…



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.