അല്‍ഫോന്‍സാമ്മ നമ്മെ പഠിപ്പിച്ച പാഠങ്ങള്‍: മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

ഭരണങ്ങാനം:സഹനങ്ങളെ തടയണ കെട്ടി സ്‌നേഹമാക്കി മാറ്റിയ വിശുദ്ധയാണ് അല്‍ഫോന്‍സാമ്മയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചനസന്ദേശംനല്കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍.

സഹനങ്ങളെ സന്തോഷത്തോടുകൂടി സ്വീകരിച്ച് അതില്‍ നിന്ന,് സ്‌നേഹത്തിന്റെ ഊര്‍ജ്ജം സമാഹരിച്ച് , അതുപയോഗിച്ച് പ്രേഷിതപ്രവര്‍ത്തനം നടത്തിയ കേരളത്തിന്റെ കൊച്ചുത്രേസ്യയാണ് അല്‍ഫോന്‍സാമ്മ. മനുഷ്യര്‍ക്ക് സാധിക്കാത്തത് ദൈവത്തിന് സാധിക്കുമെന്ന് ഈ ലോകത്തോട് വിളിച്ചു പറഞ്ഞ പുണ്യവതിയാണ് അല്‍ഫോന്‍സാമ്മ.

അല്‍ഫോന്‍സാമ്മ നമ്മെ പഠിപ്പിക്കുന്ന ഒന്നാമത്തെ പാഠം കണ്ണുനീരിനെ സ്‌നേഹം കൊണ്ട് തടയണ കെട്ടിയാല്‍ അതില്‍ നിന്നുണ്ടാകുന്ന സാമ്രാജ്യമാണ് സഭയുടെ മിഷന്‍പ്രവര്‍ത്തനം എന്നതാണ്.
സഹനങ്ങളെ തന്റെ ജീവിതത്തിന്റെ വലിയ വിവാഹസ്വത്തായി സ്വീകരിച്ചതുകൊണ്ടാണ് അല്‍ഫോന്‍സാമ്മ വിശുദ്ധയായത്.

സഹനങ്ങളെ ഇത്രയേറെ സര്‍ഗ്ഗാത്മകമായി സ്വീകരിച്ച മറ്റാരാണ് നമ്മുടെയിടയിലുള്ളത്. ? സഹനങ്ങള്‍ക്ക്, കണ്ണീരിന് ഒരു മറുപടിയുണ്ടെന്ന്, അര്‍ത്ഥമുണ്ടെന്ന് അതാണ് ദൈവരാജ്യത്തിന്റെ അവസാനിക്കാത്ത നീര്‍ച്ചാലെന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മ പഠിപ്പിച്ചു.
ദൈവരാജ്യത്തിന്റെ വറ്റാത്ത കിണറില്‍ നിന്ന, ഒരിക്കലും ദാഹിക്കാത്ത ദൈവവചനത്തിന്റെ യും സ്വര്‍ഗ്ഗരാജ്യത്തിന്റെയും വെള്ളം രുചിച്ച് അതില്‍ വിശുദ്ധി കണ്ടെത്തിയവളായിരുന്നു അല്‍ഫോന്‍സാമ്മ.
അല്‍ഫോന്‍സാമ്മായുടെ കബറിടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുപ്രാര്‍ത്ഥിക്കുമ്പോള്‍ എനിക്ക് പ്രാര്‍ത്ഥിക്കാനുള്ള ഒരേയൊരു കാര്യം സഹനങ്ങളെ സ്‌നേഹമായി കാണാനുളള കൃപ നല്കണേയെന്നാണെന്നും മാര്‍ തട്ടില്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.