“ഭിന്നതകളെ സഭയുടെ ശത്രുക്കള്‍ ഉപകരണങ്ങളാക്കുന്നു”

തലശ്ശേരി: സഭയിലെ ഭിന്നതകളെ സഭയുടെ ശത്രുക്കള്‍ ഉപകരണങ്ങളാക്കുകയാണെന്നും നിസ്സാരകാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ച് ഊര്‍ജ്ജം പാഴാക്കുന്ന നാംഅതിപ്രധാനമായ പലതും കാണുന്നില്ലെന്നും തലശ്ശേരി പ്രവിശ്യ സംയുക്ത വൈദികസമിതി.

കേരളം, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പ്രവിശ്യയിലെ തലശ്ശേരി, മാനന്തവാടി, താമരശ്ശേരി, മാണ്ഡ്യ, ഭദ്രാവതി, ബല്‍ത്തങ്ങാടി രൂപതകളില്‍ നിന്നുള്ള വൈദികരും മെത്രാന്മാരും വൈദികസമിതി അംഗങ്ങളും പങ്കെടുത്ത സമ്മേളനമാണ് ഇക്കാര്യം നിരീക്ഷിച്ചത്.

സീറോ മലബാര്‍ സഭയുടെ കൂട്ടായ്മയും ഐക്യവും വ്യത്യസ്ത തലങ്ങളില്‍ വളര്‍ത്തുന്നതിനാവശ്യമായ മാര്‍ഗ്ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു സഭയിലെ കാലികപ്രശ്‌നങ്ങളില്‍ വൈദികസമിതി ഉത്കണ്ഠ രേഖപ്പെടുത്തി. കൂട്ടായ്മയുടെ ചൈതന്യത്തെ അപഹരിച്ച്‌സഭയെ ആത്മീയമായും സമുദായത്തെ ആന്തരികമായും ദുര്‍ബലപ്പെടുത്തുന്ന എല്ലാ ശൈലികളും പ്രവര്‍ത്തനങ്ങളും സഭയൊന്നാകെ ബഹിഷ്‌ക്കരിക്കണമെന്നും വൈദികസമിതി ആവശ്യപ്പെട്ടു.

തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബല്‍ത്തങ്ങാടി ബിഷപ് ലോറന്‍സ് മുക്കുഴി, മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം, താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാണ്ഡ്യ ബിഷപ് മാര്‍ ആന്റണി കരിയില്‍, ആര്‍ച്ച് ബിഷപ് എമിരറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം, തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ പങ്കെടുത്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.