രക്തസാക്ഷി കുടുംബത്തിലെ ഗര്‍ഭസ്ഥശിശു ഉള്‍പ്പടെ ഒമ്പതുപേര്‍ വാഴ്ത്തപ്പെട്ടവരാകുന്നു

വത്തിക്കാന്‍ സിറ്റി: സ്വന്തം ഭവനത്തില്‍ എട്ട് യഹൂദരെ ഒളിപ്പിച്ചു സംരക്ഷിച്ചതിന് 1944 ല്‍ കൊല ചെയ്യപ്പെട്ട ഉല്‍മാ കുടുംബം മുഴുവന്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്. കൊല ചെയ്യപ്പെടുമ്പോള്‍ അമ്മയുടെ ഉദരത്തിലുണ്ടായിരുന്ന ശിശു ഉള്‍പ്പടെ കുടുംബം മുഴുവനും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്നത് അത്യപൂര്‍വ്വ സംഭവമാണ്. യോസേഫും വിക്ടേറിയ ഉല്‍മ്മയും മക്കളായ സ്റ്റാനിസ്ലാവ, ബാര്‍ബര, വഌഡിസ്ലാവ്, ഫ്രാന്‍സിസെസ്‌ക്ക്, അന്തോണി, മരിയ എന്നിവരുമാണ് നാസി പോലീസിന്റെ ക്രൂരതകള്‍ക്ക് ഇരകളായി കൊല്ലപ്പെട്ടത്.

വധിക്കപ്പെടുമ്പോള്‍ ഉല്‍മ ഏഴുമാസം ഗര്‍ഭിണിയായിരുന്നു. സെപ്തംബര് 10 നാണ് നാമകരണച്ചടങ്ങ് നടക്കുന്നത്.പീഡിപ്പിക്കപ്പെട്ട യഹൂദരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലികഴിച്ച ഈ ധീരകുടുംബത്തിന്റെ മാതൃക വിശുദ്ധിയും ധീരകൃത്യങ്ങളും അനുദിനമുളള കുഞ്ഞു പ്രവൃത്തികളിലുള്ള വിശ്വസ്തതയിലൂടെയാണ് നേടിയെടുക്കുന്നതെന്ന് മനസ്സിലാക്കാന്‍ നമ്മെ സഹായിക്കട്ടെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

നല്ല സമറിയാക്കാരന്റെ ഉപമ ചുവന്ന മഷികൊണ്ട് അടിവരയിട്ട ഒരു ബൈബിള്‍ ഉല്‍മാകുടുംബത്തില്‍ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.