ബൈബിള്‍ വിതരണം ചെയ്തതിന് പുസ്തകശാല തകര്‍ത്തു

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ പ്രസിദ്ധമായ വേള്‍്ഡ് ബുക്ക് ഫെയറിന് നേരെ ഹിന്ദുത്വവാദികളുടെ അതിക്രമം. വിശുദ്ധ ഗ്രന്ഥത്തിന്റെകോപ്പികള്‍ വിതരണം ചെയ്തു എന്നതിന്റെ പേരിലാണ് പുസ്തകശാലയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. മാര്‍ച്ച് ഒന്നിനാണ് അക്രമം നടന്നത്. പ്രൊട്ടസ്റ്റന്റ് ക്രൈസ്തവിഭാഗത്തിന്റേതാണ് ബുക്ക് സ്റ്റാള്‍.

ജയ് ശ്രീറാം വിളിച്ചുകൊണ്ടുവന്ന നാല്പതോളം പേരാണ് അക്രമം അഴിച്ചുവിട്ടതെന്ന് ബുക്ക് സ്റ്റാളില്‍ പ്രവര്‍ത്തിക്കുന്ന ഡേവിഡ് ഫിലിപ്പ് പറഞ്ഞു. സൗജന്യമായി ബൈബിള്‍ വിതരണം ചെയ്യുന്നത് അവസാനിപ്പിക്കൂ, മതപരിവര്‍ത്തനം അവസാനിപ്പിക്കൂ എന്നെല്ലാം അവര്‍ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ പത്തുവര്‍ഷമായി പുസ്തകമേളയില്‍ തങ്ങള്‍ പങ്കെടുക്കുന്നതാണെന്നും ഇതുപോലൊരു സംഭവം ഇതാദ്യമാണെന്നും അവര്‍ പറഞ്ഞു. ന്യൂഡല്‍ഹി വേള്‍്ഡ് ബുക്ക് ഫെയര്‍, നാഷനല്‍ ബുക്ക് ട്രസ്റ്റിന്റെയും ഇന്ത്യ ട്രേഡ് പ്രെമോഷന്‍ ഓര്‍ഗനൈസേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് നടക്കുന്നത്.

ഫെബ്രുവരി 25 നാണ് പുസ്തകമേള ആരംഭിച്ചത്. മാര്‍ച്ച് അഞ്ചിന് സമാപിക്കും, 30 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം പ്രസാധകര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്.

മറ്റ് നിരവധി സ്റ്റാളുകളില്‍ ആത്മീയപുസ്തകങ്ങളുടെ വില്പന നടക്കുന്നുണ്ട്. അവിടെയൊന്നും നടക്കാത്ത പ്രശ്‌നമാണ് ബൈബിള്‍ വിറ്റഴിച്ച ബുക്ക് സ്റ്റാളില്‍ നടന്നത് എന്നതാണ് അപലപനീയമായി മാറുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.