മത മൗലികവാദികളെ പേടിച്ച് ഛത്തീസ്ഘട്ടിലെ ക്രൈസ്തവര്‍ ക്രിസ്തുമസ് ദിനത്തില്‍ ഒളിച്ചിരുന്നത് കാട്ടില്‍

ലോകം മുഴുവന്‍ ക്രിസ്തുമസിന്റെ സന്തോഷങ്ങളില്‍ മുഴുകിയ ദിവസവും ഛത്തീസ്ഘട്ടിലെ ക്രൈസ്തവര്‍ ജീവിച്ചത് ഭീതിയോടെ വനത്തില്‍. മതമൗലികവാദികള്‍ തങ്ങളെ വിടാതെ പിന്തുടരുമ്പോള്‍ ജീവരക്ഷാര്‍ത്ഥമാണ് അവര്‍ വനത്തില്‍ അഭയം പ്രാപിച്ചത്.

600 ലേറെ ക്രൈസ്തവരാണ് ഇപ്രകാരം വനത്തില്‍ ക്രിസ്തുമസ് ആചരിച്ചത്. ഗ്രാമംകീഴടക്കി വീടുകള്‍ നശിപ്പിക്കുകയും ഹിന്ദുമതത്തിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് ഒരു സംഘം മതമൗലികവാദികള്‍രണ്ടാഴ്ച മുമ്പ് തന്നെ ക്രൈസ്തവര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. അടുത്തയിടെ ക്രിസ്തുമതം സ്വീകരിച്ച ഇവര്‍ തിരികെ ഹിന്ദുമതത്തിലേക്ക് വരണമെന്നായിരുന്നു ആവശ്യം.

ഇതിന് വിസമ്മതംപറഞ്ഞതോടെയാണ് അക്രമം അഴിച്ചുവിട്ടത്. നാരായണപ്പൂര്‍, കൊണ്ടാഗാന്‍ എന്നീ ജില്ലകളിലെ 20 ഗ്രാമങ്ങളാണ് ഇപ്രകാരം ആക്രമിക്കപ്പെട്ടത്, ആക്രമണത്തില്‍ മൂന്ന് ദേവാലയങ്ങളുള്‍പ്പടെ അനേകം കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുമാണ്. ക്രിസ്തുമസിന് രണ്ടാഴ്ച മുമ്പായിരുന്നു ഈ അക്രമം നടന്നത്.

സ്വഭാവികമായും ക്രിസ്തുമസ് ദിനത്തിലും തങ്ങള്‍ ആക്രമിക്കപ്പെടുമെന്ന് ഇവര്‍ ഭയന്നിരുന്നു. അതുകൊണ്ടാണ് ഭൂരിപക്ഷവും വനത്തില്‍ ഒളിച്ചത്. കൊച്ചുകുട്ടികളും പ്രായമായവരും വരെ കൊടും തണുപ്പില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കാട്ടില്‍ ഒരുദിവസം മുഴുവന്‍ കഴിച്ചുകൂട്ടിയതായിട്ടാണ് റിപ്പോര്‍ട്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.