ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പ്രധാനമന്ത്രി തളളിപ്പറയണമെന്ന് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥന

ന്യൂഡല്‍ഹി: ക്രൈസ്തവര്‍ക്ക് നേരെ വ്യാപകമായി കൊണ്ടിരിക്കുന്ന പീഡനങ്ങളെയും അതിക്രമങ്ങളെയും തള്ളിപ്പറയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുന്‍ സിവില്‍സര്‍വീസ് ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥന. മാര്‍ച്ച് നാലിനാണ് ഇത് സംബന്ധിച്ച് 93 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

ഞങ്ങള്‍ ഔദ്യോഗികജീവിതകാലത്ത് ഇന്ത്യയുടെവിവിധഭാഗങ്ങളില്‍ സേവനം അനുഷ്ഠിച്ചവരാണ്. ഞങ്ങള്‍ക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോട് ആഭിമുഖ്യമോ സഹകരണമോ ഇല്ല. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. മതന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കെതിരെ ഏറ്റവും നിന്ദ്യമായ ഭാഷയിലും പ്രവൃത്തിയിലും അതിക്രമങ്ങള്‍വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു, എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശമാണ് ഭരണഘടന ഉറപ്പുവരുത്തുന്നത്. എന്നിട്ടും ക്രൈസ്തവര്‍ അടുത്തകാലത്തായി പലതരത്തിലുള്ള വിവേചനങ്ങളിലൂടെയും കടന്നുപോകുന്നു. ക്രൈസ്തവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയാണെന്നാണ് ഒരു കൂട്ടരുടെ ആരോപണം.

എന്നാല്‍ 1951 മുതല്‍ ഇന്ത്യയിലെ ജനസംഖ്യയില്‍ 2.3 ശതമാനം മാത്രമായി ക്രൈസ്തവര്‍ തുടരുകയാണ്. 80 ശതമാനം വരുന്ന ഹൈന്ദവര്‍ക്ക് 2.3 ശതമാനം വരുന്ന ക്രൈസ്തവര്‍ ഭീഷണിയാണെന്ന് ചിലര്‍ കരുതുന്നു. ക്രൈസ്തവരും അവരുടെ സ്ഥാപനങ്ങളും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ വിവിധതരത്തിലുള്ള അക്രമങ്ങള്‍ക്ക് വിധേയരാകുന്നു. ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്.

ഇത്തരം അക്രമങ്ങളെ ബിജെപിയുടെ ഉന്നത നേതാക്കള്‍അപലപിക്കുകയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും വേണം. നിശ്ശബ്ദത കൂടുതല്‍ അതിക്രമങ്ങള്‍ക്ക് വഴിതെളിക്കും. കത്തില്‍ പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.