ക്രിസ്തുമസ് കാലത്ത് ഈ മൂന്നു കൃപകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കൂ

നമ്മുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ആത്മീയാനുഭവമാണ് ക്രി്‌സ്തുമസ്.. ക്രിസ്തുമസിന് വേണ്ടി പ്രാര്‍ത്ഥിച്ചൊരുങ്ങുന്ന ഈ ദിവസങ്ങളില്‍ നാം നിര്‍ബന്ധമായും അതിന് മുന്നോടിയായി ചില കൃപകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചൊരുങ്ങേണ്ടതുണ്ട്.. ഈ ആഗമനകാലത്ത് നമ്മുടെ ജീവിതങ്ങള്‍ എങ്ങനെയായിരിക്കണം? നമ്മുടെ ജീവിതങ്ങള്‍ക്ക് എന്തുമാറ്റമാണ് ഉണ്ടാവേണ്ടത്?

ഒന്നാമതായി നാം പ്രാര്‍ത്ഥിക്കേണ്ടത്: നമ്മുടെ ജീവിതം പല അവസ്ഥകളിലായി ബന്ധിക്കപ്പെട്ടുകിടക്കുകയായിരിക്കാം. പല പല കല്ലറകളില്‍ കഴിയുകയായിരിക്കാം നമ്മള്‍. പാപത്തിന്റെ, തഴക്കദോഷങ്ങളുടെ, ആസക്തികളുടെ, വിദ്വേഷത്തിന്റെ, നിരാശയുടെ….ഈ കല്ലറകളില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിക്കണമേയെന്ന് നമുക്ക് ദൈവത്തെ വിളിച്ചപേക്ഷിക്കാം.

രണ്ടാമത്തേത്: ദൈവം മനുഷ്യനായി അവതരിച്ച സുദിനമാണല്ലോ ക്രിസ്തുമസ്. ഈ ദിവസങ്ങളില്‍ ദൈവത്തിന്റെ ഛായയില്‍സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ സ്‌നേഹിക്കാന്‍, ആദരിക്കാന്‍ സഹായിക്കണമേയെന്നതാവട്ടെ നമ്മുടെ പ്രാര്‍ത്ഥന. പലരും പരസ്പര ബഹുമാനം നഷ്ടപ്പെട്ട നിലയിലാണ് ജീവിക്കുന്നത്. ദാമ്പത്യബന്ധത്തില്‍ വേണ്ടത്ര ആദരവില്ലാതെ സംസാരിക്കുന്നവരുണ്ട്. മാതാപിതാക്കളോടും മേലധികാരികളോടും വിധേയത്വമില്ലാതെ സംസാരിക്കുന്നവരുണ്ട്. നമ്മുടെ ഈഗോയാണ് ഇതിന് കാരണം. അതുപോലെ കീഴുദ്യോഗസ്ഥരോട് അവജ്ഞതയോടെ സംസാരിക്കുന്ന മേലുദ്യോഗസ്ഥരുമുണ്ട്. എന്റെ ദയ കൊണ്ടല്ലേ നീ ജീവിക്കുന്നതെന്ന മട്ടില്‍. ഇങ്ങനെ എല്ലാവര്‍ക്കും ഓരോരോ കുഴപ്പങ്ങളുണ്ട്. അനാദരവിന്റെ തലമുണ്ട്. അത് ഇല്ലാതെ പോകട്ടെ.

മൂന്നാമത്: നമ്മുടെ മക്കളെ ദൈവികമനുഷ്യരായി മാറ്റണേയെന്ന പ്രാര്‍ത്ഥനയായിരിക്കട്ടെ. ദൈവത്തെക്കുറിച്ചുള്ള അറിവും ദൈവത്തോടുള്ള സ്‌നേഹവും പങ്കുവച്ചുനല്കാന്‍ നമുക്ക് കഴിയണം. നമ്മളിലൂടെയാണ് കുഞ്ഞുങ്ങള്‍ ദൈവത്തെ അറിയുന്നത്. ദൈവത്തെ നല്കുന്നവരായി മാറാന്‍ നമ്മുടെ ജീവിതസാഹചര്യങ്ങള്‍ ക്രമീകരിക്കപ്പെടാനായി നമുക്ക് ഈ വേളയില്‍ പ്രാര്‍ത്ഥിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.