മുങ്ങിപ്പോയ സ്വപ്‌നങ്ങളേ, നിങ്ങള്‍ ഈ ലോകത്തിന്റെ മുഴുവന്‍ സങ്കടമാണ്…

വത്തിക്കാന്‍ സിറ്റി: റിയോ ഗ്രാന്‍ഡേ മുറിച്ചുകടക്കാനുള്ള ശ്രമത്തില്‍ മുങ്ങിമരിച്ച അഭയാര്‍ത്ഥിയായ ഒരു അച്ഛന്റെയും മകളുടെയും ചിത്രം ഇന്ന് അനേകായിരങ്ങളുടെ മനസ്സിലെ വിങ്ങുന്ന വേദനയും മിഴിനിറയ്ക്കുന്ന ഓര്‍മ്മയുമാണ്. ഈ ചിത്രം തന്നെ സങ്കടത്തിലാഴ്ത്തിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും വ്യക്തമാക്കുകയുണ്ടായി. കുടിയേറ്റക്കാരുടെ ജീവിതദുരിതങ്ങളുടെയും അവര്‍ നേരിടുന്ന പ്രതിസന്ധികളുടെയും അവഗണനകളുടെയും അതിജീവിക്കാനുള്ള ആഗ്രഹത്തിന്റെയും എല്ലാം പ്രതിഫലനമായിരുന്നു ഈ ചിത്രം.

സാല്‍വദോറിയക്കാരനായ ഓസ്‌ക്കാര്‍ ആല്‍ബര്‍ട്ടോയും അദ്ദേഹത്തിന്റെ രണ്ടുവയസുകാരി മകള്‍ വലേറിയായുമാണ് കുടിയേറ്റ ശ്രമത്തില്‍ മുങ്ങിമരിച്ചത്. കുടിയേറ്റത്തിനുള്ള ഔദ്യോഗിക അംഗീകാരം അധികാരികളില്‍ നിന്ന് ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ അനധികൃതമായി കുടിയേറാനുള്ള ശ്രമത്തിലാണ് ഈ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം സംഭവിച്ചത്.

യുഎസ് മെക്‌സിക്കോ ബോര്‍ഡര്‍ മുറിച്ചുകടക്കാനുള്ള ശ്രമത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം 283 കുടിയേറ്റക്കാര്‍ മരണമടഞ്ഞിട്ടുണ്ട്. യുദ്ധങ്ങളുടെയും ആഭ്യന്തരകലാപങ്ങളുടെയും ദാരിദ്ര്യത്തിന്റെയും ഇരകളായി മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നവരെ സ്വാഗതം ചെയ്യണമെന്നും അവരോട് കാരുണ്യം കാണിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ രാജ്യങ്ങളോട് ഇതിനകം പലതവണ ആഹ്വാനം ചെയ്തിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.