എംപറര്‍ ഇമ്മാനുവല്‍ എന്ന സെക്ട് സമൂഹത്തിലും സഭയിലും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വിപത്തുകളെക്കുറിച്ച് ഇതിനകം പലതവണ പലരും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇപ്പോഴിതാ കെസിബിസിയും ഇതേ വിഷയം ആവര്‍ത്തിച്ചിരിക്കുന്നു, ക്രമസമാധാന വിഷയം മുന്‍നിര്‍ത്തി സര്‍ക്കാര്‍ ഈ വിഷയത്തില്‍ യുക്തമായി ഇടപെടേണ്ടത് ആവശ്യമാണെന്നാണ് കെസിബിസി കമ്മീഷന്‍ ഫോര്‍ സോഷ്യല്‍ ഹാര്‍മണി ആന്റ് വിജിലന്‍സിന്റെ നിലപാട്. കെസിബിസി പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു:
എംപറർ എമ്മാനുവൽ” ഭീകരത
ലോകാവസാനം സമീപിച്ചിരിക്കുന്നു എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് വിവിധ രീതികളിലുള്ള മുതലെടുപ്പുകൾ നടത്തുന്ന പ്രസ്ഥാനങ്ങൾ കേരളത്തിലുൾപ്പെടെ ചരിത്രത്തിൽ പലതുണ്ടായിട്ടുണ്ട്. 2005 ൽ ആരംഭിച്ച് ഇപ്പോൾ സാമൂഹിക, ക്രമസമാധാന പ്രശ്നങ്ങൾക്കൊണ്ട് വാർത്തകളിൽ ഇടംനേടിയ “എംപറർ എമ്മാനുവേൽ” അഥവാ, “സിയോൻ” എന്ന ഇരിഞ്ഞാലക്കുട, മുരിയാട് കേന്ദ്രീകരിച്ചുള്ള പ്രസ്ഥാനം “ഡൂംസ് ഡേ കൾട്ട്” ഗ്രൂപ്പുകൾക്ക് മികച്ച ഒരു ഉദാഹരണമാണ്. ആരംഭ ഘട്ടം മുതൽ ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജാഗ്രത നിർദ്ദേശങ്ങൾ കേരളകത്തോലിക്കാ സഭാ നേതൃത്വം വിശ്വാസികൾക്ക് നൽകുകയുണ്ടായിരുന്നു. ഇത്തരം പ്രസ്ഥാനങ്ങളും അവയുടെ അബദ്ധ പ്രബോധനങ്ങളുമായി ബന്ധപ്പെട്ട് 2009 സെപ്റ്റംബർ മാസം ദൈവാലയങ്ങളിൽ വായിക്കുവാനായി ഒരു ഇടയലേഖനം നൽകപ്പെടുകയുണ്ടായി. “വഴിതെറ്റുന്ന വിശ്വാസം” എന്ന പേരിൽ ആലുവ, മംഗലപ്പുഴ സെമിനാരിയിൽനിന്ന് പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഗ്രന്ഥം “എംപറർ എമ്മാനുവേൽ” കൂട്ടായ്മ പ്രചരിപ്പിച്ചിരുന്ന അബദ്ധ പ്രബോധനങ്ങളുടെ തുറന്നെഴുത്താണ്. കൂടാതെ, ഇരിഞ്ഞാലക്കുട രൂപതയും, സിറോമലബാർ സഭാ നേതൃത്വവും പലപ്പോഴായി ഈ വിഷയത്തിൽ പ്രതികരണങ്ങളും ഇടപെടലുകളും നടത്തുകയും “എംപറർ എമ്മാനുവൽ” പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽനിന്ന് വിശ്വാസികളെ തടയുകയും ചെയ്തിട്ടുണ്ട്.
ജോസഫ് പൊന്നാറ എന്ന “പ്രവാചകൻ”
ഇരട്ടയാറിലെ ഒരു വിദ്യാലയത്തിൽ ചിത്രകലാധ്യാപകനായിരുന്ന റോയ് ജോസഫ് എന്ന വ്യക്തിയാണ് ജോസഫ് പൊന്നാറ എന്ന പേരിൽ അറിയപ്പെടുന്ന എംപറർ എമ്മാനുവേൽ എന്ന കൾട്ട് ഗ്രൂപ്പിന്റെ ആരംഭകൻ. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സമാനാശയക്കാരായ ചിലരുമായുള്ള ബന്ധം വഴിയാണ് എംപറർ എമ്മാനുവൽ എന്ന ആശയം ജോസഫ് പൊന്നാറ വിപുലീകരിച്ചെടുത്തത്. 2000 മുതൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പൊന്നാറ, 2005 ഓടെ ഇരിഞ്ഞാക്കുടയ്ക്ക് അടുത്തുള്ള മുരിയാട് എന്ന സ്ഥലത്തേയ്ക്ക് താമസം മാറിയതോടെ പ്രവർത്തന കേന്ദ്രം അതായി മാറി. 2000 ത്തിൽ തൊടുപുഴയിൽ ആരംഭിച്ച ആദ്യ സെന്ററിന്റെ പേര് “എംബസി ഓഫ് എംപറർ എമ്മാനുവേൽ” എന്നായിരുനെങ്കിൽ, മുരിയാട് എത്തിയപ്പോൾ അത് “സിയോൻ” ആയി മാറി. 2012 ൽ ലോകം അവസാനിക്കുമെന്ന പ്രചാരണമായിരുന്നു പ്രധാനം. സ്വർഗ്ഗത്തിൽ ആകെയുള്ള 144000 സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്, ആ സീറ്റുകൾ മുരിയാട് പണിയപ്പെടുന്ന പെട്ടക രൂപത്തിലുള്ള കെട്ടിടത്തിലുള്ളവയാണ് എന്നിങ്ങനെയുള്ള ബാലിശമായ വാക്കുകളിൽ കുടുങ്ങിയ അനേകർ, ചോദിച്ചതും അതിലേറെയും പണം പൊന്നാറയ്ക്ക് നൽകുകയും മുരിയാട് എത്തി കുടുംബസമേതം താമസമുറപ്പിക്കുകയും ചെയ്തു.
സീറ്റിന് ഒരു ലക്ഷം നൽകിയതിന് പുറമെ, ഉള്ള സ്വത്ത് മുഴുവൻ വിറ്റ് പണമാക്കി “സീയോന്” സംഭാവന നൽകിയവരും അനേകരുണ്ട്. ലോകാവസാനം സമീപിച്ചിരിക്കുന്നതിനാൽ സിയോനിലെ അംഗങ്ങൾക്ക് വിവാഹം നിഷിദ്ധമായിരുന്നു. നിരവധി യുവതീ യുവാക്കൾ അത്തരത്തിൽ വിവാഹം ഉപേക്ഷിച്ച് സിയോനിലെ “ശുശ്രൂഷ”കളുമായി അവിടെ വന്നു കൂടി. ഒട്ടേറെ കുട്ടികളുടെ വിദ്യാഭ്യാസം പാതിവഴിക്ക് ഉപേക്ഷിക്കപ്പെട്ടു. വിദേശത്തെ ഉയർന്ന ജോലി ഉപേക്ഷിച്ചുപോലും അവിടെ എത്തിച്ചേർന്നവരുണ്ട്. 2012 ൽ ലോകാവസാനം സംഭവിക്കാതിരുന്നതാണ് ജോസഫ് പൊന്നാറയുടെ പദ്ധതികളുടെ വിശ്വാസ്യത നഷ്ടപ്പെടാൻ ആദ്യത്തെ കാരണമായത്. പുതിയൊരു രക്ഷകൻ സിയോനിൽ ജനിക്കുമെന്ന മറ്റൊരു പ്രവചനവും വൃഥാവിലായി. ജനിച്ചത് പെൺകുട്ടി ആയിരുന്നു എന്നുള്ളതാണ് അന്ന് സംഭവിച്ചത്. എന്നാൽ, ജനിച്ചത് ക്രിസ്തുവിന്റെ മാതാവായ മറിയമാണ് എന്ന രീതിയിൽ വാദഗതികൾ മാറി. തനിക്ക് മരണമില്ല, ഉടലോടെ സ്വർഗ്ഗത്തിൽ പ്രവേശിക്കും എന്ന് അവകാശപ്പെട്ടിരുന്ന ജോസഫ് പൊന്നാറ 2017 ൽ രോഗബാധിതനായി മരണപ്പെട്ടതും പ്രസ്ഥാനത്തിന് തിരിച്ചടിയായി.
പൊന്നാറയുടെ അബദ്ധ പ്രചാരണങ്ങൾ
പരിശുദ്ധ ത്രിത്വത്തിൽ അംഗമാണ് മറിയം, ക്രിസ്തുവിലൂടെ ലോകത്തിന് രക്ഷ കൈവന്നിട്ടില്ല തുടങ്ങിയ ആശയ പ്രചാരണങ്ങളും “എംപറർ എമ്മാനുവൽ” ഗ്രൂപ്പും ജോസഫ് പൊന്നാറയും നടത്തിയിരുന്നു. സിയോനിൽ അംഗമാവുക മാത്രമാണ് “രക്ഷപെടാനുള്ള” ഒരേയൊരു മാർഗ്ഗം എന്നതായിരുന്നു പ്രചരണങ്ങളുടെ ആകെത്തുക. ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ വാദങ്ങൾ വഴിയായി കുറെയേറെ കുടുംബങ്ങളെ മുരിയാടേയ്ക്ക് എത്തിച്ച ജോസഫ് പൊന്നാറയും സംഘവും കോടിക്കണക്കിന് രൂപയാണ് സമ്പാദിച്ചത്. ലോകാവസാനം എന്ന ആദ്യ പ്രവചനവും തുടർ പ്രവചനങ്ങളും ഫലിക്കാതെ വന്നപ്പോഴും, പിന്നീട് പലപ്പോഴായും ചിലർ വാസ്തവം മനസിലാക്കി സംഘത്തിൽനിന്ന് അകന്നു തുടങ്ങി. ഒരിക്കൽ ഒപ്പമുണ്ടാവുകയും, പിന്നീട് വിട്ടുപോവുകയും ചെയ്തവരെയും, വാസ്തവങ്ങൾ മനസിലാക്കി തുറന്ന് പറയുന്നവരെയും കായികമായും കെണികൾ ഒരുക്കിയും നിശ്ശബ്ദരാക്കാൻ ശ്രമിച്ച അനുഭവങ്ങൾ ഒട്ടേറെയുണ്ട്.
കള്ളക്കേസുകൾ മുതൽ ആൾക്കൂട്ട ആക്രമണങ്ങൾ വരെ
സാമ്പത്തിക തട്ടിപ്പുകൾ, ആക്രമണങ്ങൾ, കൊലപാതക ശ്രമങ്ങൾ, കള്ളക്കേസുകളിൽ കുടുക്കാനുള്ള ശ്രമങ്ങൾ എന്നിങ്ങനെയായി ഒട്ടേറെ കേസുകൾ എംപറർ എമ്മാനുവൽ അംഗങ്ങളായ പലരുടെയും പേരിൽ നിലവിലുണ്ട്. ഒറ്റപ്പെട്ട രീതിയിൽ ആസൂത്രണം ചെയ്തുവന്നിരുന്ന അത്തരം പദ്ധതികൾ ആൾക്കൂട്ട ആക്രമണത്തിന്റെ സ്വഭാവത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. അടിസ്ഥാന രഹിതമായ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മുമ്പ് അംഗമായിരുന്ന ഒരു വ്യക്തിയെയും കുടുംബത്തെയും പലപ്പോഴായി അക്രമിച്ചതിന്റെ പേരിൽ സ്ത്രീകൾ ഉൾപ്പെടെ ഇപ്പോൾ റിമാന്റിലാണ്. തെളിവുകൾ ഇല്ലാത്തതിന്റെ പേരിൽ ആ വ്യക്തിക്കെതിരെ കൊടുത്ത കേസ് പോലീസ് തള്ളിയിരുന്നു. ഇത്തരത്തിൽ മറ്റൊരാളെ കഞ്ചാവ് കേസിൽ അകപ്പെടുത്തി പ്രതികാരം തീർക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തിയത് കർണാടക പോലീസ് ആണ്. മറ്റൊരാളെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയും ഈ കേസ് അന്വേഷിച്ച കർണ്ണാടക പോലീസ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞതായി മാസങ്ങൾക്ക് മുമ്പ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം വിവിധ കാരണങ്ങളാൽ പ്രദേശവാസികൾ ഉൾപ്പെടെ അനേകർ സീയോന് എതിരെ രംഗത്ത് വന്നിട്ടുണ്ട്.
എംപറർ എമ്മാനുവൽ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളോ, പ്രചാരണങ്ങളോ, രീതികളോ ഏതെങ്കിലും ഔദ്യോഗിക ക്രൈസ്തവ സഭകളുമായി ബന്ധമുള്ളവയല്ല. മലയാള ഭാഷയിൽ പ്രസംഗപാടവം ഉണ്ടായിരുന്നു എന്നതൊഴികെ ഏതെങ്കിലും വിധത്തിലുള്ള പരിശീലനങ്ങൾ ജോസഫ് പൊന്നാറയ്ക്ക് ലഭിച്ചിരുന്നില്ല. ചില ബൈബിൾ ഭാഗങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് സൃഷ്ടിച്ച വാദഗതികൾ മാത്രമാണ് പൊന്നാറയും സഹകാരികളും ആവർത്തിച്ചുകൊണ്ടിരുന്നത്. അത്തരം ആശയങ്ങളിൽ ഒന്നുപോലും കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളോട് യോജിക്കുന്നവയല്ല. ഇത്തരം കാര്യങ്ങളിൽ വിശ്വാസി സമൂഹത്തിന് വ്യക്തത ലഭിച്ചിട്ടുണ്ടെങ്കിലും, ജീവിതം പാതിവഴിയിൽ മുരടിച്ചുപോയ അനേക യുവജനങ്ങളുടെ വിഷയവും, പുറത്തുപോയി എന്ന ഒറ്റ കാരണത്താൽ അനേകർ ഭീഷണി നേരിടുന്നതും, ഒരു ദേശത്തിന് ഈ സംഘം ഭീഷണി ആയിരിക്കുന്നതും ഗൗരവമേറിയ വാസ്തവങ്ങളാണ്. സമുദായികമായോ, മതപരമായോ കൈകാര്യം ചെയ്യാൻ കഴിയാത്ത വിഷയം ആയതിനാൽ ക്രമസമാധാന വിഷയം മുൻനിർത്തി സർക്കാർ യുക്തമായി ഇടപെടേണ്ടത് ആവശ്യമാണ്.
– KCBC Commission for Social Harmony and Vigilance